തൃഷ ദ് സ്റ്റാർ! 5 മത്സരങ്ങൾ, 53 ബാറ്റിങ് ശരാശരിയിൽ 159 റൺസ്, ഫൈനലിലെ ഒറ്റയാൾ പോരാട്ടം
Mail This Article
5 മത്സരങ്ങൾ, 53 ബാറ്റിങ് ശരാശരിയിൽ 159 റൺസ്, സ്ട്രൈക്ക് റേറ്റ് 120.45; സ്വന്തം ടീമിലെയും മറ്റു ടീമുകളിലെയും ബാറ്റർമാർ വെള്ളം കുടിച്ച പിച്ചിൽ ഇന്ത്യൻ ഓപ്പണർ ജി.തൃഷയുടെ പ്രകടനം ഇപ്രകാരമാണ്. അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ കിരീടക്കുതിപ്പിനു ചുക്കാൻ പിടിച്ചത് ഈ വലംകൈ ഓൾറൗണ്ടറുടെ പ്രകടനമാണ്. ഫൈനലിൽ ബാറ്റർമാർക്കു പിന്തുണ ലഭിക്കാതിരുന്ന പിച്ചിൽ, തൃഷ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ജയം ഉറപ്പാക്കിയത്. ഇന്ത്യൻ ഇന്നിങ്സിലെ 14 ബൗണ്ടറികളിൽ ഏഴും തൃഷയുടെ ബാറ്റിൽ നിന്നായിരുന്നു. തെലങ്കാന സ്വദേശിയായ തൃഷ, ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദിന്റെ താരമാണ്.
ടൂർണമെന്റിലെ താരമാകാൻ സാധ്യതയുള്ള ബാറ്റർ എന്ന മേലങ്കിയുമായി എത്തിയ പത്തൊൻപതുകാരി പക്ഷേ, ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ പൂജ്യത്തിനു പുറത്തായി. രണ്ടാം മത്സരത്തിൽ നേപ്പാളിനെതിരെ പുറത്താകാതെ 17 റൺസ് നേടി പ്രതീക്ഷ തന്ന വലംകൈ ബാറ്ററുടെ ക്ലാസിക് ഇന്നിങ്സ് വന്നത് അടുത്ത മത്സരത്തിൽ ബംഗ്ലദേശിനെതിരെ ആയിരുന്നു. 58 റൺസുമായി തിളങ്ങിയ തൃഷയുടെ ബലത്തിലാണ് സൂപ്പർ ഫോറിൽ ഇന്ത്യ ബംഗ്ലദേശിനെ തോൽപിച്ചത്.
അടുത്ത മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 32 റൺസുമായി തൃഷ നൽകിയ മിന്നും തുടക്കമാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. പിന്നാലെ ഫൈനലിൽ അർധ സെഞ്ചറിയുമായി ഇന്ത്യയ്ക്ക് കന്നിക്കിരീടം സമ്മാനിച്ചതും തൃഷ തന്നെ. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലും തൃഷ അംഗമായിരുന്നു.