പൊന്നുംകുടത്തിനൊരു പൊട്ട്!
Mail This Article
ക്വാലലംപുർ∙ 14 ദിവസം മുൻപ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വീണ തങ്ങളുടെ സഹോദരൻമാരുടെ കണ്ണീരിന് ഇന്നലെ ക്വാലലംപുരിൽ ഇന്ത്യൻ പെൺകുട്ടികൾ പകരം വീട്ടി. പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലദേശിനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി. രണ്ടാഴ്ച മുൻപു നടന്ന, പുരുഷന്മാരുടെ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലദേശിനോട് ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.
ഇന്നലെ നടന്ന ഫൈനലിൽ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടിയപ്പോൾ ബംഗ്ലദേശ് 18.3 ഓവറിൽ 76 റൺസിനു പുറത്തായി. 3.3 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ആയുഷി ശുക്ല, 4 ഓവറിൽ 13 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സോനം യാദവ് എന്നിവരുടെ സ്പെല്ലുകളാണ് ബംഗ്ലദേശിനെ തകർത്തത്. നേരത്തേ, ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 47 പന്തിൽ 52 റൺസുമായി പൊരുതിയ ഓപ്പണർ ജി.തൃഷയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 2 സിക്സും 4 ഫോറും അടങ്ങുന്നതാണ് തൃഷയുടെ ഇന്നിങ്സ്. തൃഷ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും.