ബഡാ ജയം !
Mail This Article
വഡോദര ∙ ട്വന്റി20 പരമ്പര തോൽവിയുടെ ക്ഷീണം മാറ്റാനിറങ്ങിയ വിൻഡീസിനെ ആദ്യ ഏകദിനത്തിൽ തരിപ്പണമാക്കി ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റു ചെയ്ത് 314 റൺസ് നേടിയ ഇന്ത്യ വിൻഡീസിനെ 103 റൺസിൽ എറിഞ്ഞൊതുക്കി. ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 211 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ബാറ്റിങ്ങിൽ 91 റൺസെടുത്ത സ്മൃതി മന്ഥനയും ബോളിങ്ങിൽ 5 വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്ങും ഇന്ത്യയുടെ വിജയശിൽപികളായി. രേണുകയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ: ഇന്ത്യ– 50 ഓവറിൽ 9ന് 314. വെസ്റ്റിൻഡീസ്– 26.2 ഓവറിൽ 103. രണ്ടാം മത്സരം നാളെ.
സ്മൃതി മന്ഥനയ്ക്കൊപ്പം (102 പന്തിൽ 91) ടോപ് ഓർഡർ ബാറ്റർമാരെല്ലാം തിളങ്ങിയതോടെ മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ആധിപത്യമായിരുന്നു. അരങ്ങേറ്റ മത്സരം കളിച്ച പ്രതിക റാവലും (40) ഹർലീൻ ഡിയോൾ (44), ക്യാപ്റ്റൻ ഹർമൻപ്രീത് (34), ജമൈമ റോഡ്രിഗസ് (31) എന്നിവരും പ്രതീക്ഷ കാത്തു.
വിൻഡീസ് മറുപടി ബാറ്റിങ്ങിൽ നേരിട്ടതു കൂട്ടത്തകർച്ച. ആദ്യ 4 ബാറ്റർമാരും രണ്ടക്കം നേടാതെ പുറത്തായതോടെ അവർ 4ന് 11, 6ന് 34 എന്നിങ്ങനെ തകർന്നു.
കലണ്ടർ സ്റ്റാർ !
വഡോദര ∙ ട്വന്റി20യ്ക്കു പിന്നാലെ ഏകദിനത്തിലും ഒരു വർഷത്തെ കൂടുതൽ റൺസിന്റെ റെക്കോർഡ് സ്വന്തമാക്കിയതോടെ വനിതാ ക്രിക്കറ്റിൽ 2024ലെ ‘കലണ്ടർ സ്റ്റാറായി’ ഇന്ത്യയുടെ സ്മൃതി മന്ഥന. ഈ വർഷം ഏകദിനത്തിൽ സ്മൃതിയുടെ നേട്ടം 1602 റൺസായി. ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിലെ കൂടുതൽ റൺസിന്റെ റെക്കോർഡിട്ട സ്മൃതി പിന്നിലാക്കിയത് ഈ വർഷം തന്നെ 1593 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ടിനെ. ട്വന്റി20യിലും ഈ വർഷം 763 റൺസ് നേടിയ സ്മൃതി റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഈ വർഷം 720 റൺസ് നേടിയ ശ്രീലങ്കയുടെ ചമരി അത്തപ്പത്തുവിനെയാണ് മറികടന്നത്.