അശ്വിന് പകരക്കാരനെ കണ്ടെത്തി, മുംബൈ താരം ഇന്ത്യൻ ടെസ്റ്റ് ടീമിൽ; ഷമി ഓസ്ട്രേലിയയിൽ കളിക്കില്ല
Mail This Article
മെൽബൺ∙ വെറ്ററൻ സ്പിന്നർ ആർ. അശ്വിന്റെ പകരക്കാരനായി മുംബൈ ഓഫ് സ്പിന്നർ തനുഷ് കൊട്യനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. മൂന്നാം ടെസ്റ്റിനു പിന്നാലെ ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ബിസിസിഐ മുംബൈയുടെ വിശ്വസ്തനായ താരത്തെ ടീമിലെത്തിച്ചത്. വിജയ് ഹസാരെ ട്രോഫിക്കു വേണ്ടി മുംബൈ ടീം ക്യാംപിലുള്ള താരം ചൊവ്വാഴ്ച മെൽബണിലേക്കു പോകും.
ഓഫ് സ്പിന്നറായ തനുഷ്, അശ്വിനെപ്പോലെ ബാറ്റിങ്ങിലും തിളങ്ങാൻ സാധിക്കുന്ന താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 101 വിക്കറ്റുകളും രണ്ടു സെഞ്ചറികളും 13 അർധ സെഞ്ചറികളും 26 വയസ്സുകാരനായ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ സെഞ്ചറി നേടി തിളങ്ങാനും തനുഷിനു സാധിച്ചു. ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്കു വേണ്ടി 10 വിക്കറ്റുകളും വീഴ്ത്തി.
അതേസമയം പേസർ മുഹമ്മദ് ഷമി ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കില്ലെന്നുറപ്പായി. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ വെറ്ററൻ പേസർക്കു സാധിക്കാതിരുന്നതോടെയാണ് ബിസിസിഐയുടെ തീരുമാനം. അവസാന രണ്ടു ടെസ്റ്റുകളിൽ ഷമി കളിച്ചേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ ജോലി ഭാരം കാരണം ഷമിയുടെ ഇടതു കാലിൽ വീണ്ടും പരുക്കേറ്റതായി ബിസിസിഐ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്.