നെറ്റ്സിൽ മലയാളി താരത്തെ നേരിടാനാകാതെ ബുദ്ധിമുട്ടി രോഹിത് ശർമ; വൈറൽ വിഡിയോ
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായുള്ള നെറ്റ്സ് പ്രാക്ടീസിൽ ബുദ്ധിമുട്ടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പാർട് ടൈം സ്പിന്നർ ദേവ്ദത്ത് പടിക്കലിനെ നേരിടാൻ പോലും രോഹിത് ശർമ പാടുപെട്ടുവെന്നാണു പുറത്തുവരുന്ന വിവരം. കർണാടകയ്ക്കു വേണ്ടി കളിക്കുന്ന മലയാളി താരത്തെ രോഹിത് ശർമ നേരിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബോർഡർ– ഗാവസ്കർ ട്രോഫിയില്‍ ഫോം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന രോഹിത് ശർമയ്ക്കു കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. പേസർ ആകാശ്ദീപിന്റെ പന്തു നേരിടുന്നതിനിടെയാണു രോഹിത്തിനു കാൽമുട്ടിൽ പന്തിടിച്ചു പരുക്കുണ്ടായത്. ഇതോടെ മെൽബൺ ടെസ്റ്റിൽ രോഹിത് കളിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ പരുക്കു ഗുരുതരമല്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
നിലവാരമില്ലാത്ത പിച്ചുകളാണ് ഇന്ത്യൻ ടീമിന് മെൽബണിൽ നൽകിയതെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് അനുവദിച്ച പിച്ചുകളില്‍ പേസും ബൗൺസും ഒട്ടും ലഭിക്കുന്നില്ലെന്ന് ബോളർ ആകാശ് ദീപ് വാർത്താ സമ്മേളനത്തിൽ തുറന്നടിക്കുകയും ചെയ്തു. പഴയ പിച്ചുകളിലാണ് ഇന്ത്യൻ താരങ്ങൾ നെറ്റ്സ് പ്രാക്ടീസ് നടത്തുന്നത്. അതേസമയം ഓസ്ട്രേലിയൻ ടീമിന് പുത്തൻ പിച്ചുകൾ തന്നെ മെൽബണിൽ ഒരുക്കി നൽകിയിട്ടുമുണ്ട്.
26നാണ് ബോക്സിങ് ഡേ ടെസ്റ്റിനു തുടക്കമാകുന്നത്. പരമ്പര നിലവിൽ 1–1 എന്ന നിലയിലാണ്. മൂന്നാം ടെസ്റ്റ് സമനിലയിലായതോടെ ഇനിയുള്ള രണ്ടു മത്സരങ്ങളും ഇന്ത്യയ്ക്കു നിർണായകമാകും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റുകളിൽ വിജയിക്കേണ്ടിവരും.