വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 വിക്കറ്റുകൾ, വിജയ് ഹസാരെയിൽ അർജുൻ തെൻഡുൽക്കർക്കു നേട്ടം
Mail This Article
മുംബൈ∙ വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 വിക്കറ്റുകളെന്ന നേട്ടത്തിലെത്തി യുവ ഇന്ത്യൻ പേസർ അർജുൻ തെൻഡുൽക്കർ. വിജയ് ഹസാരെ ട്രോഫിയിലാണ് അർജുൻ തെൻഡുൽക്കർ 50 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. ഒഡിഷയ്ക്കെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റു വീഴ്ത്തി 50 വിക്കറ്റുകളെന്ന നേട്ടം പിന്നിടുകയായിരുന്നു. ഹരിയാനയ്ക്കെതിരായ ഗോവയുടെ രണ്ടാം മത്സരത്തിൽ അർജുന് വിക്കറ്റുകളൊന്നും ലഭിച്ചില്ല.
വൈറ്റ് ബോൾ ക്രിക്കറ്റിൽ 41 മത്സരങ്ങൾ കളിച്ച അർജുൻ 51 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. ലിസ്റ്റ് എയിൽ 24 വിക്കറ്റുകളും ട്വന്റി20യിൽ 27 വിക്കറ്റുകളും അർജുൻ നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്ന അർജുൻ, അവസരങ്ങൾ കുറഞ്ഞതോടെയാണ് ഗോവ ടീമിലേക്കു മാറിയത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിലെ മത്സരങ്ങളിൽ വിക്കറ്റു വീഴ്ത്താൻ സാധിക്കാതിരുന്നതോടെ താരം പ്ലേയിങ് ഇലവനിൽനിന്നു പുറത്തായിരുന്നു. ഐപിഎൽ മെഗാലേലത്തിൽ 30 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് അർജുൻ തെൻഡുൽക്കറെ വാങ്ങിയിരുന്നു. അവസാന അവസരത്തിലാണ് അർജുനെ വാങ്ങാൻ മുംബൈ തയാറായത്.