രണ്ടാം വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 115 റൺസ് ജയം, പരമ്പര; ഹർലീൻ ഡിയോളിന് കന്നി സെഞ്ചറി (103 പന്തിൽ 115)
Mail This Article
വഡോദര ∙ മഞ്ഞുപെയ്യേണ്ട ക്രിസ്മസ് രാത്രി റൺമഴ പെയ്യിച്ചും നക്ഷത്രങ്ങൾ തിളങ്ങേണ്ട ആകാശത്ത് സിക്സറുകൾ നിറച്ചും ഇന്ത്യൻ വനിതകൾ ക്രിസ്മസ് ആഘോഷം ഒരു ദിവസം മുൻപേ ഗംഭീരമായി തുടങ്ങി. വിൻഡീസിനെതിരായ രണ്ടാം വനിതാ ഏകദിനത്തിൽ 115 റൺസിന്റെ കൂറ്റൻ ജയവുമായി 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഹർലീൻ ഡിയോളിന്റെ കന്നി സെഞ്ചറിയുടെ (103 പന്തിൽ 115) ബലത്തിൽ 50 ഓവറിൽ 358 റൺസ് നേടി. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. മുൻപ് അയർലൻഡിനെതിരെയും ഇന്ത്യ 358 റൺസ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിന്റെ (109 പന്തിൽ 106) മികവിൽ തിരിച്ചടിച്ച വിൻഡീസിന്റെ പോരാട്ടം 46.2 ഓവറിൽ 243 റൺസിന് അവസാനിച്ചു. സെഞ്ചറിയുമായി ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ച ഹർലീനാണ് പ്ലെയർ ഓഫ് ദ് മാച്ച്.