ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ രോഹിത് ഓപ്പണറായേക്കും; രാഹുൽ താഴേക്ക്, നിതീഷ് റെഡ്ഡി പുറത്താകും?
Mail This Article
മെൽബൺ∙ വ്യാഴാഴ്ച തുടങ്ങുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ രോഹിത് ശർമ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായി ഇറങ്ങിയേക്കും. ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ കെ.എൽ. രാഹുൽ മൂന്നാം നമ്പരിലായിരിക്കും ബാറ്റു ചെയ്യുകയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രണ്ടും മൂന്നും ടെസ്റ്റുകളിൽ രോഹിത് ആറാമനായാണു ബാറ്റിങ്ങിന് ഇറങ്ങിയത്. പക്ഷേ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. 19 റൺസാണ് ഇന്ത്യന്‍ ക്യാപ്റ്റൻ ഇതുവരെ നേടിയത്.
അതേസമയം കഴിഞ്ഞ മത്സരങ്ങളില്‍ വൺഡൗണായി കളിച്ച ശുഭ്മൻ ഗിൽ എവിടെ ഇറങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓപ്പണർമാരായി ഇറങ്ങിയ കെ.എൽ. രാഹുൽ– യശസ്വി ജയ്സ്വാൾ സഖ്യം ക്ലിക്കായതോടെയാണ് രോഹിത് ശർമ ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. രണ്ടാം ടെസ്റ്റ് ഇന്ത്യ തോൽക്കുകയും മൂന്നാം ടെസ്റ്റ് സമനിലയിലാകുകയും ചെയ്തതോടെയാണു രോഹിത് വീണ്ടും ഓപ്പണറായെത്താൻ വഴിയൊരുങ്ങുന്നത്.
മെൽബണിൽ രണ്ടു സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രവീന്ദ്ര ജഡേജയ്ക്കൊപ്പം വാഷിങ്ടൻ സുന്ദറും പ്ലേയിങ് ഇലവനിലുണ്ടാകും. അങ്ങനെ വന്നാൽ മോശമല്ലാത്ത പ്രകടനം നടത്തിയ നിതീഷ് കുമാർ റെഡ്ഡി പുറത്തിരിക്കേണ്ടിവരും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും വിജയിക്കണം.