ബോക്സിങ് ! അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റസിന് അർധ സെഞ്ചറി
Mail This Article
മെൽബൺ ∙ ടെസ്റ്റ് ക്രിക്കറ്റിൽ 3 വർഷത്തോളമായി ആരും ധൈര്യപ്പെടാതിരുന്ന അതിസാഹസത്തിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ ഒരു പത്തൊൻപതുകാരൻ തയാറായി– സാം കോൺസ്റ്റസ്; 2021നു ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ ടെസ്റ്റ് മത്സരത്തിൽ സിക്സ് നേടുന്ന ആദ്യ താരം! 4484 പന്തുകൾ നീണ്ടുനിന്ന ബുമ്രയുടെ ‘നോ സിക്സ് വ്രതം’ തെറ്റിക്കാൻ സാം പ്രയോഗിച്ചതാവട്ടെ ഉഗ്രനൊരു റിവേഴ്സ് സ്കൂപ്പും. അരങ്ങേറ്റ ടെസ്റ്റിൽ 65 പന്തിൽ 60 റൺസുമായി വരവറിയിച്ച സാമിന്റെ അർധ സെഞ്ചറിക്കരുത്തിൽ ബോർഡർ– ഗാവസ്കർ ട്രോഫി നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ്. സാമിനു പുറമേ ഉസ്മാൻ ഖവാജ (57) മാർനസ് ലബുഷെയ്ൻ (72), സ്റ്റീവ് സ്മിത്ത് (68 നോട്ടൗട്ട്) എന്നിവരും അർധ സെഞ്ചറി നേടി. കളി അവസാനിപ്പിക്കുമ്പോൾ സ്മിത്തിന് കൂട്ടായി ക്യാപ്റ്റൻ പാറ്റ് കമിൻസാണ് (8) ക്രീസിൽ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 3 വിക്കറ്റ് വീഴ്ത്തി.
സാം ഷോ
അരങ്ങേറ്റ ടെസ്റ്റിൽ, ലോക ഒന്നാം നമ്പർ ബോളർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ ഒരു റിവേഴ്സ് സ്കൂപ്പിനു ശ്രമിക്കാൻ,
11 പന്തുകൾ അതിജീവിച്ച ധൈര്യം മാത്രം മതിയായിരുന്നു സാമിന്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടപ്പോൾ കമന്റേറ്റർമാർ ഉൾപ്പെടെ സാമിനെ പരിഹസിച്ചെങ്കിലും ബുമ്ര എറിഞ്ഞ ഏഴാം ഓവറിൽ ഒരു സ്കൂപ്പും രണ്ടും റിവേഴ്സ് സ്കൂപ്പും വഴി രണ്ട് ഫോറും ഒരു സിക്സും സഹിതം 14 റൺസാണ് സാം അടിച്ചുകൂട്ടിയത്. 11–ാം ഓവറിൽ വീണ്ടും ബുമ്രയെ ആക്രമിച്ച സാം, ഒരു സിക്സും രണ്ടു ഫോറുമടക്കം നേടിയത് 18 റൺസ്. ടെസ്റ്റ് കരിയറിൽ ബുമ്രയുടെ ഏറ്റവും മോശം ഓവറുകളിലൊന്ന്. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറിനു ശേഷം ഒരു ടെസ്റ്റ് മത്സരത്തിൽ ബുമ്രയ്ക്കെതിരെ രണ്ടു സിക്സ് നേടുന്ന താരം എന്ന നേട്ടവും ഇതോടെ പത്തൊൻപതുകാരൻ സ്വന്തമാക്കി. ഇന്നിങ്സിൽ ബുമ്രയ്ക്കെതിരെ 33 പന്തിൽ 34 റൺസാണ് സാം നേടിയത്. ആദ്യ 6 ഓവറിൽ 38 റൺസാണ് ബുമ്ര വഴങ്ങിയത്
ഫോം തുടർന്ന് സ്മിത്ത്
സാം പുറത്തായതോടെ സ്കോറിങ് നിരക്ക് കുറഞ്ഞ ആതിഥേയരെ രണ്ടാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്ത ഖവാജ– ലബുഷെയ്ൻ സഖ്യം മുന്നോട്ടുനയിച്ചു. ഖവാജയെ പുറത്താക്കിയ ബുമ്ര ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ലബുഷെയ്ൻ– സ്മിത്ത് സഖ്യം വീണ്ടും മത്സരം ഓസീസിന്റെ വരുതിയിലാക്കി.
തിരിച്ചടിച്ച് ബുമ്ര
3ന് 240 എന്ന നിലയിൽ ശക്തമായി മുന്നോട്ടുനീങ്ങിയ ഓസീസിനെ പിന്നീട് പിടിച്ചുനിർത്തിയത് ബുമ്രയുടെ ബോളിങ് മികവ് തന്നെ. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയുടെ വില്ലനായിരുന്ന ട്രാവിസ് ഹെഡിനെ അക്കൗണ്ട് തുറക്കും മുൻപ് മടക്കിയയച്ച ബുമ്ര തൊട്ടുപിന്നാലെ അപകടകാരിയായ മിച്ചൽ മാർഷിനെയും (4) വീഴ്ത്തി. പിന്നാലെ അലക്സ് ക്യാരിയെ (31) ആകാശ് ദീപും പുറത്താക്കിയതോടെയാണ് പ്രതീക്ഷയോടെ ഒന്നാം ദിനം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്. ശുഭ്മൻ ഗില്ലിനു പകരം വാഷിങ്ടൻ സുന്ദറിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.