ദീപ്തി ശർമയ്ക്ക് 6 വിക്കറ്റ്, പുറത്താകാതെ 39 റൺസ്; വീണ്ടും വിൻഡീസിനെ തകർത്ത് ഇന്ത്യൻ വനിതകൾ, പരമ്പര തൂത്തുവാരി
Mail This Article
വഡോദര∙ തുടർച്ചയായ മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് വനിതകൾ 38.5 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 28.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
തകർപ്പൻ ബോളിങ്ങുമായി വിൻഡീസിന്റെ ആറു വിക്കറ്റ് പിഴുത ഓൾറൗണ്ടർ ദീപ്തി ശർമയാണ് ഇന്ത്യയുടെ വിജയശിൽപി. 10 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ സഹിതം 31 റൺസ് മാത്രം വഴങ്ങിയാണ് ദീപ്തി ആറു വിക്കറ്റ് പിഴുതത്. ബാറ്റിങ്ങിലും തിളങ്ങിയ ദീപ്തി ശർമ 39 റൺസുമായി പുറത്താകാതെ നിന്നു. രേണുക സിങ് 9.5 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി വിൻഡീസ് നിരയിൽ ശേഷിച്ച നാലു വിക്കറ്റും സ്വന്തമാക്കി. ദീപ്തി ശർമ കളിയിലെ താരമായും രേണുക സിങ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
അർധസെഞ്ചറി നേടിയ ഷിനെൽ ഹെൻറിയാണ് വിൻഡീസിന്റെ ടോപ് സ്കോറർ. 72 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റൺസാണ് ഹെൻറിയുടെ അക്കൗണ്ടിലുള്ളത്. വിക്കറ്റ് കീപ്പർ ബാറ്റർ ഷെമെയ്ൻ കാംബെൽ 62 പന്തിൽ ഏഴു ഫോറുകളോടെ 46 റൺസെടുത്തു. ഇവർക്കു പുറമേ വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടത് 35 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസെടുത്ത ആലിയ അലെയ്ൻ മാത്രം.
മറുപടി ബാറ്റിങ്ങിൽ ദീപ്തി ശർയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദീപ്തി 48 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 39 റൺസുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷ് 11 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 23 റൺസെടുത്താണ് ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 22 പന്തിൽ ഏഴു ഫോറുകൾ സഹിതം 32 റൺസെടുത്ത് പുറത്തായി. 45 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത ജമീമ റോഡ്രിഗസ്, 23 പന്തിൽ നാലു ഫോറുകളോടെ 18 റൺസെടുത്ത ഓപ്പണർ പ്രതിക റാവൽ എന്നിവരും തിളങ്ങി. സ്മൃതി മന്ഥന 19 പന്തിൽ നാലു റൺസുമായി നിരാശപ്പെടുത്തി.
ഇന്ത്യയ്ക്ക് നഷ്ടമായ അഞ്ച് വിക്കറ്റുകൾ അഞ്ച് വിൻഡീസ് താരങ്ങൾ പങ്കിട്ടു. ദിയേന്ദ്ര ഡോട്ടിൻ, ആലിയ അലെയ്ൻ, ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ്, ആഫി ഫ്ലെച്ചർ, കരിഷ്മ റാംചരക് എന്നിവർക്കാണ് വിക്കറ്റുകൾ ലഭിച്ചത്.