ബോസായി ബോഷ്! ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ അരങ്ങേറ്റം
Mail This Article
പ്രിറ്റോറിയ ∙ ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കി ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കോർബിൻ ബോഷ്. പാക്കിസ്ഥാനെതിരെ ഒന്നാം ടെസ്റ്റിലാണ് ബോഷ് വരവറിയിച്ചത്. 15–ാം ഓവറിൽ പാക്ക് ക്യാപ്റ്റൻ ഷാൻ മസൂദിനെ സ്ലിപ്പിൽ മാർക്കോ യാൻസന്റെ കയ്യിലെത്തിച്ചാണ് ഡർബനിൽ നിന്നുള്ള മുപ്പതുകാരൻ ബോഷ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. ഇതുൾപ്പെടെ ബോഷ് 4 വിക്കറ്റ് വീഴ്ത്തി.
ഡെയ്ൻ പാറ്റേഴ്സൻ 5 വിക്കറ്റും വീഴ്ത്തിയതോടെ തകർന്നടിഞ്ഞ പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 211 റൺസിനു പുറത്തായി. മാർക്കോ യാൻസനാണ് ശേഷിച്ച ഒരു വിക്കറ്റ് നേടിയത്. ദക്ഷിണാഫ്രിക്കയുടെ നാലു പേസർമാരിൽ വിക്കറ്റ് കിട്ടാതെ പോയത് കഗീസോ റബാദയ്ക്കു മാത്രം. എന്നാൽ കൂട്ടത്തിൽ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് റബാദയ്ക്കാണ്. ഓവറിൽ ശരാശരി 2.5 റൺസ് മാത്രം. കമ്രാൻ ഗുലാമാണ് (54) പാക്കിസ്ഥാന്റെ ടോപ് സ്കോറർ.
ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുക്കുന്ന 25–ാം ബോളറാണ് കോർബിൻ ബോഷ്. ഇന്ത്യൻ താരം നീലേഷ് കുൽക്കർണിയും ഈ പട്ടികയിലുണ്ട്. 1997ലെ കൊളംബോ ടെസ്റ്റിൽ ശ്രീലങ്കയുടെ മർവാൻ അട്ടപ്പട്ടുവിനെയാണ് കുൽക്കർണി പുറത്താക്കിയത്.