ഔട്ടായി മടങ്ങുമ്പോൾ പരിഹസിച്ചു; പോയവഴി തിരിച്ചെത്തി ഓസീസ് ആരാധകരോട് ഇടഞ്ഞ് കോലി, സമാധാനിപ്പിച്ച് ഉദ്യോഗസ്ഥൻ– വിഡിയോ
Mail This Article
മെൽബൺ∙ ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയെ വിടാതെ വിവാദങ്ങൾ. ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആതിഥേയ താരം സാം കോൺസ്റ്റാസിനെ തോളിലിനിടിച്ച് വിവാദത്തിൽ ചാടിയ കോലി, രണ്ടാം ദിനം ഓസ്ട്രേലിയൻ ആരാധകരുമായി ഇടഞ്ഞും വാർത്തകളിൽ ഇടംപിടിച്ചു. ഒന്നാം ഇന്നിങ്സിൽ പുറത്തായി മടങ്ങുമ്പോൾ ഗാലറിയിലിരുന്ന് ഏതാനും ഓസീസ് ആരാധകർ ‘ചൊറിഞ്ഞതാണ്’ കോലിയെ പ്രകോപിപ്പിച്ചത്. ഇതോടെ തിരികെ ഇവരുടെ അടുത്തേക്ക് എത്തിയ കോലിയെ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇടപെട്ടാണ് ഡ്രസിങ് റൂമിലേക്ക് തിരിച്ചയച്ചത്.
ഒന്നാം ഇന്നിങ്സിൽ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവച്ച കോലി, 36 റൺസെടുത്താണ് പുറത്തായത്. 86 പന്തിൽ നാലു ഫോറുകൾ സഹിതം 36 റൺസെടുത്ത കോലിയെ, സ്കോട് ബോളണ്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്താണ് പുറത്താക്കിയത്. പുറത്താകും മുൻപ് ഓപ്പണർ യശസ്വി ജയ്‌സ്വാളിനൊപ്പം സെഞ്ചറി കൂട്ടുകെട്ടു തീർക്കാനും കോലിക്കു സാധിച്ചിരുന്നു. മൂന്നാം വിക്കറ്റിൽ കോലി – ജയ്‌സ്വാൾ സഖ്യം 102 റൺസാണ് കൂട്ടിച്ചേർത്തത്.
രണ്ടിന് 153 റൺസ് എന്ന നിലയിൽ നിൽക്കെ യശസ്വി ജയ്‌സ്വാൾ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായതോടെ വീണ്ടും ഇന്ത്യൻ ഇന്നിങ്സ് താളം തെറ്റി. സെഞ്ചറിയിലേക്കു നീങ്ങുകയായിരുന്ന ജയ്‌സ്വാളിന്റെ റണ്ണൗട്ടിനു കാരണക്കാരൻ കോലിയാണെന്ന വിമർശനങ്ങൾക്കിടെ, ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും കോലിയും പുറത്തായി. പിന്നാലെ നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപ് ഡക്കായതോടെ ഇന്ത്യ അഞ്ചിന് 159 റൺസ് എന്ന നിലയിൽ തകർന്നു.
ജയ‌്‌സ്വാളിനു പിന്നാലെ പുറത്തായി മടങ്ങുന്ന വഴിക്കാണ് കോലിയും ഓസീസ് ആരാധകരും തമ്മിൽ കോർത്തത്. പുറത്തായതിന്റെ നിരാശയിൽ കോലി പവലിയനിലേക്കു മടങ്ങുന്നതിനിടെ, ഒരു വശത്തിരുന്ന ആരാധകരിൽ ചിലർ കൂവിയും മോശം പരാമർശങ്ങൾ നടത്തിയും പരിഹസിക്കുകയായിരുന്നു. അപ്പോഴേക്കും ഇവരുടെ അടുത്തുനിന്ന് അൽപം മുന്നോട്ടു നടന്ന കോലി, പരിഹാസധ്വനിയുള്ള പരാമർശങ്ങൾ കേട്ട് പ്രകോപിതനായി തിരിച്ചെത്തുകയായിരുന്നു.
പരിഹസിച്ച ഓസീസ് ആരാധകരെ തുറിച്ചുനോക്കിയ കോലിയെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ സമാധാനിപ്പിച്ച് ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരിഹസിച്ചവരെ തിരിഞ്ഞുനോക്കി രോഷാകുലനായി കോലി നടന്നുനീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.