അരങ്ങേറ്റ മത്സരത്തിൽ ഒൻപതാമനായി ഇറങ്ങി തകർത്തടിച്ച് കോർബിൻ ബോഷ് (93 പന്തിൽ 81*); ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്
Mail This Article
പ്രിറ്റോറിയ ∙ അരങ്ങേറ്റ ടെസ്റ്റിൽ ബോളിങ്ങിലെ ഫോം ബാറ്റിങ്ങിലേക്കും പകർന്ന കോർബിൻ ബോഷിന്റെ മികവിൽ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. 90 റൺസ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാംദിനം കളിയവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 3ന് 88 എന്ന നിലയിലാണ് പാക്കിസ്ഥാൻ.
ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ മുപ്പതുകാരൻ ബോഷ് പാക്കിസ്ഥാനെ ഒന്നാം ഇന്നിങ്സിൽ 211 റൺസിനു പുറത്താക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. പിന്നാലെ ബാറ്റിങ്ങിൽ ഒൻപതാമനായി ഇറങ്ങി 93 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന് ടീമിന് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു.
ഒൻപതാം വിക്കറ്റിൽ കഗീസോ റബാദയ്ക്കൊപ്പം 41 റൺസും പത്താം വിക്കറ്റിൽ ഡെയ്ൻ പാറ്റേഴ്സനൊപ്പം 47 റൺസുമാണ് ബോഷ് കൂട്ടിച്ചേർത്തത്. 89 റൺസെടുത്ത എയ്ഡൻ മാർക്രമും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി. രണ്ടാം ഇന്നിങ്സിനിറങ്ങിയ പാക്കിസ്ഥാന് സയിം അയ്യൂബ് (27), ഷാൻ മസൂദ് (28), കമ്രാൻ ഗുലാം (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.