‘കളി ബുമ്രയോടു വേണ്ട’; ഒന്നാം ഇന്നിങ്സിലെ അടിക്ക് കോൺസ്റ്റാസിന് ബുമ്രയുടെ തിരിച്ചടി, പരിഹസിച്ച് ആഘോഷം– വിഡിയോ
Mail This Article
മെൽബൺ∙ ജസ്പ്രീത് ബുമ്ര ആരാണെന്ന് ഓസ്ട്രേലിയയുടെ പത്തൊൻപതുകാരൻ ഓപ്പണർ സാം കോൺസ്റ്റാസിന് ഇപ്പോൾ ശരിക്കും മനസ്സിലായി! ഒന്നാം ഇന്നിങ്സിൽ പരിചയസമ്പന്നരായ താരങ്ങളേപ്പോലും അതിശയിക്കും വിധം ജസ്പ്രീത് ബുമ്രയെ നേരിട്ട് കയ്യടി നേടിയ ഓസ്ട്രേലിയയുടെ യുവ ഓപ്പണർ, രണ്ടാം ഇന്നിങ്സിൽ അതേ ബുമ്രയ്‌ക്കു മുന്നിൽ കീഴടങ്ങി. അതും, ഒന്നു പൊരുതാൻ പോലും കരുത്തില്ലാതെ! പിന്നീട് യുവതാരത്തിന്റെ ഒരു വൈറൽ വിഡിയോയിലെ ആക്ഷൻ അനുകരിച്ച് പരിഹാസപൂർവം വിക്കറ്റ് നേട്ടവും ആഘോഷിച്ച് ബുമ്ര ‘കലിപ്പ്’ തീർത്തു!
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സാം കോൺസ്റ്റാസിനെ ക്ലീൻ ബൗൾഡാക്കി ബുമ്രയുടെ തിരിച്ചടി. ഈ ഓവറിലെ മൂന്നാം പന്തിലാണ് കോൺസ്റ്റാസിന്റെ പ്രതിരോധം തകർത്ത് ബുമ്ര മിഡിൽ സ്റ്റംപ് തെറിപ്പിച്ചത്. ബുമ്രയുടെ പന്ത് പ്രതിരോധിക്കാനായി ബാറ്റുകൊണ്ട് കോട്ടകെട്ടി നിന്ന കോൺസ്റ്റാസിന്റെ പാഡിനും ബാറ്റിനും ഇടയിലൂടെ നൂഴ്ന്നുകയറിയാണ് പന്ത് സ്റ്റംപ് തെറിപ്പിച്ചത്. 18 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്തായിരുന്നു കോൺസ്റ്റാസിന്റെ മടക്കം.
പിന്നീട് കോൺസ്റ്റാസിന്റെ വൈറൽ വിഡിയോയിലെ ആക്ഷൻ അനുകരിച്ചായിരുന്നു ബുമ്രയുടെ വിക്കറ്റ് ആഘോഷം. മെൽബൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ കാണികളോട് ആരവം ഉയർത്താൻ ആവശ്യപ്പെടുന്ന കോൺസ്റ്റാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു. സമാനമായി ആക്ഷനിലൂടെ കോൺസ്റ്റാസിനെ പരിഹസിച്ചാണ് ബുമ്ര യുവതാരത്തെ ‘യാത്രയാക്കിയത്’. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 369 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ, നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലായിരുന്നു. സാം കോൺസ്റ്റാസിനു പുറമേ സഹ ഓപ്പണർ ഉസ്മാൻ ഖവാജയാണ് ഓസീസ് നിരയിൽ പുറത്തായത്. 65 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസെടുത്ത ഖവാജയെ മുഹമ്മദ് സിറാജ് പുറത്താക്കി.