ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്നില്ലെങ്കിൽ രോഹിത് വിരമിക്കും? സിഡ്നി ടെസ്റ്റിനു പിന്നാലെ പ്രഖ്യാപനമെന്ന് അഭ്യൂഹം
Mail This Article
മുംബൈ ∙ തുടർച്ചയായി മോശം ഫോം അലട്ടുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യ.ാപ്റ്റൻ രോഹിത് ശർമ വിരമിച്ചേക്കുമെന്ന് അഭ്യൂഹം. സിഡ്നിയിൽ ബോർഡർ – ഗാവസ്കർ പരമ്പരയിലെ അഞ്ചാം ടെസ്റ്റിനു ശേഷം വിരമിക്കൽ പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. വിരമിക്കൽ സംബന്ധിച്ച് രോഹിത് സൂചനകളൊന്നും നൽകിയിട്ടില്ല.
സിലക്ടർമാരും ബിസിസിഐയുടെ തലപ്പത്തുള്ളവരുമായി രോഹിത് ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിൽ കടന്നാൽ തുടരാൻ അനുവദിക്കണമെന്നു സിലക്‌ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജനുവരി മൂന്നു മുതലാണ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് സിഡ്നിയിൽ ആരംഭിക്കുക. മെൽബൺ ടെസ്റ്റിലെ തോൽവിയോടെ പരമ്പരയിൽ 2–1നു പിന്നിലായെങ്കിലും, ഇന്ത്യയ്ക്ക് ഇപ്പോഴും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ സാധ്യതയുണ്ട്.
ബോർഡർ – ഗവാസ്കർ പരമ്പരയിൽ രോഹിതിന്റെ ക്യാപ്റ്റന്‍സിക്കും ബാറ്റിങ്ങിനുമെതിരെ വിമർശനങ്ങളുയർന്നിരുന്നു. ബാറ്റിങ്ങിലും ഫീൽഡിലെ തീരുമാനങ്ങളിലും പാളിച്ചകളുണ്ടായതോടെ രോഹിത് നിരാശനാണെന്നും റിപ്പോർട്ടുകളുണ്ട്. പരമ്പരയിൽ ഇതുവരെ 31 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.