ബുമ്ര വീഴ്ത്തിയത് 30 വിക്കറ്റ്, രോഹിത് നേടിയത് 31 റൺസ്! ഗംഭീറിന്റെ പരിശീലന രീതിയിൽ താരങ്ങൾക്ക് അതൃപ്തി
Mail This Article
സിഡ്നി ∙ നാളെ സിഡ്നിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് പുതുവർഷത്തിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരമാണ്. അതു ചിലപ്പോൾ ടീമിലെ ചിലരുടെ അവസാന മത്സരവുമായേക്കാം! ബോർഡർ–ഗാവസ്കർ ട്രോഫി കൈവിടുന്നതിന്റെ വക്കിൽനിൽക്കുന്ന ടീം ഇന്ത്യയ്ക്ക് ‘ജീവൻ’ നിലനിർത്താനുള്ള അവസാന അവസരമാണ് പരമ്പരയിലെ അവസാന മത്സരം.
ഇനിയുമൊരു തോൽവി കൂടി ഏറ്റുവാങ്ങിയാൽ അത് ഇന്ത്യൻ ടീമിനെതിരായ വിമർശനങ്ങളുടെ തീവ്രത വർധിപ്പിക്കും. പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയുമടക്കം പലരുടെയും തൊപ്പി തെറിപ്പിക്കും. പരമ്പരയിൽ 1–2ന് പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യത നിലനിർത്താനും സിഡ്നി ടെസ്റ്റിൽ ജയം കൂടിയേ തീരൂ. നാളെ പുലർച്ചെ 5 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.
രോഹിത് വിരമിക്കുന്നു?
ക്യാപ്റ്റൻ രോഹിത് ശർമയുടെ സാന്നിധ്യവും അസാന്നിധ്യവുമാണ് ഈ പരമ്പരയിലുടനീളം ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. കുഞ്ഞു പിറന്നതുമായി ബന്ധപ്പെട്ട് രോഹിത് വിട്ടുനിന്ന ഒന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഉജ്വല വിജയം നേടി. എന്നാൽ രണ്ടാം ടെസ്റ്റ് മുതൽ തിരിച്ചെത്തിയ ക്യാപ്റ്റനെ എവിടെ കളിപ്പിക്കുമെന്നത് ടീമിനു ചിന്താഭാരമായി. അഡ്‌ലെയ്ഡിലും ബ്രിസ്ബെയ്നിലും ആറാം നമ്പറിലേക്ക് സ്വയം ഇറങ്ങിക്കളിച്ചു പരാജയപ്പെട്ട രോഹിത് മെൽബണിൽ വീണ്ടും ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയെങ്കിലും രക്ഷപ്പെട്ടില്ല. പരമ്പരയിലെ 4 ടെസ്റ്റുകളിൽനിന്ന് ജസ്പ്രീത് ബുമ്ര വീഴ്ത്തിയത് 30 വിക്കറ്റുകളാണെങ്കിൽ 5 ഇന്നിങ്സുകളിൽ നിന്ന് ക്യാപ്റ്റൻ രോഹിത്തിന് നേടാനായത് വെറും 31 റൺസ്!
ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും രോഹിത്തിന്റെ പ്രകടനത്തിൽ ടീം മാനേജ്മെന്റും അതൃപ്തരാണ്. ഇന്ത്യയുടെ ചീഫ് സിലക്ടർ അജിത് അഗാർക്കർ പരമ്പരയ്ക്കിടെ ഓസ്ട്രേലിയയിൽ എത്തിയത് രോഹിത്തിന്റെ ‘ഭാവി’ ചർച്ച ചെയ്യാനാണെന്ന അഭ്യൂഹം ശക്തം. ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കിൽ സിഡ്നിയിലേത് മുപ്പത്തേഴുകാരനായ രോഹിത്തിന്റെ അവസാന ടെസ്റ്റ് മത്സരമാകുമെന്നാണ് റിപ്പോർട്ടുകൾ. മെൽബൺ ടെസ്റ്റിൽ പുറത്തിരുത്തിയ ശുഭ്മൻ ഗില്ലിന് സിഡ്നിയിൽ ഇന്ത്യ അവസരം നൽകിയേക്കും. ഗിൽ വരുമ്പോൾ മറ്റൊരു ബാറ്ററെ പുറത്തിരുത്തേണ്ടിവരും. നിലവിലെ ഫോം കണക്കിലെടുത്ത് അഞ്ചാം ടെസ്റ്റിൽനിന്ന് രോഹിത് സ്വയം പിൻമാറാനുള്ള ‘കൗതുകകരമായ’ സാധ്യതയുമുണ്ട്.
ഗംഭീറിന്റെ ഭാവി?
മെൽബൺ ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഡ്രസിങ് റൂമിൽ ടീമംഗങ്ങളെ രൂക്ഷമായി വിമർശിക്കുന്ന കോച്ച് ഗൗതം ഗംഭീറിന്റെ വിഡിയോ ‘ലീക്ക് ആയത്’ വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ടീമിന്റെ ആവശ്യമറിഞ്ഞു കളിക്കുന്നതിനു പകരം സ്വഭാവിക ശൈലിയിൽ കളിക്കാനാണ് ബാറ്റർമാർ ശ്രമിച്ചതെന്നു വിമർശിച്ച ഗംഭീർ തനിക്കു പരിശീലക ജോലി മതിയായെന്നു പറഞ്ഞു പൊട്ടിത്തെറിച്ചു.
ഇതിനിടെ ടീമംഗങ്ങളിൽ പലരും ഗംഭീറിന്റെ പരിശീലന രീതിയിൽ അതൃപ്തരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം പാളയത്തിൽ പടയും തുടങ്ങിയതോടെ പരിശീലകസ്ഥാനത്ത് ഗംഭീറിന്റെ ഭാവിയും തുലാസിലാണ്.
കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ ഗംഭീറിനു കീഴിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. പിന്നാലെ ബംഗ്ലദേശിനെതിരെ ടെസ്റ്റ് പരമ്പര ജയിച്ചെങ്കിലും ന്യൂസീലൻഡിനെതിരെ നാട്ടിൽ സമ്പൂർണ തോൽവി (3–0) വഴങ്ങി. ഇതിനു പിന്നാലെയാണ് ബോർഡർ–ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനവും.