ADVERTISEMENT

സിഡ്നി∙ ‘ഞങ്ങളുടെ ക്യാപ്റ്റൻ ഈ മത്സരത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ടീമിന്റെ കൂട്ടായ തീരുമാനത്തിനൊപ്പമാണ് അദ്ദേഹം എന്നും നിലകൊള്ളാറുള്ളത്’– സിഡ്നി ടെസ്റ്റിൽ രോഹിത് ശർമയ്ക്കു പകരം ടോസിനായി പിച്ചിൽ എത്തിയ ജസ്പ്രീത് ബുമ്ര പറഞ്ഞു. മാറിനിൽക്കാനുള്ള തീരുമാനം ഹിറ്റ്മാൻ രോഹിത് ശർമ സ്വയം എടുത്തതാണെങ്കിലും ടീം മാനേജ്മെന്റിന്റെ സമ്മർദം മൂലമാണെങ്കിലും ഇതൊരു ചരിത്രമാണ്.

ഇന്ത്യൻ ക്രിക്കറ്റിൽ ഇതാദ്യമായി ഒരു ടെസ്റ്റ് പരമ്പരയുടെ ഇടയ്ക്കുവച്ച് പരുക്കോ മറ്റു കാരണങ്ങളോ ഇല്ലാതെ, ഫോം ഔട്ടിന്റെ പേരിൽ ഒരു ക്യാപ്റ്റൻ സ്വയം ടീമിനു പുറത്തേക്കു പോകുന്നു. 11 വർഷം നീണ്ടുനിന്ന തന്റെ ടെസ്റ്റ് കരിയറിന് ഇതോടെ അവസാനമായെന്ന സൂചന കൂടി രോഹിത് ശർമ ഈ പിൻമാറ്റത്തിലൂടെ നൽകുന്നു.

∙ പുകയുടെ തുടക്കം

ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ മാസങ്ങളോളം ഒന്നാം സ്ഥാനത്തായിരുന്ന ടീം ഇന്ത്യയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ആദ്യ തിരിച്ചടി ലഭിക്കുന്നത് സ്വന്തം നാട്ടിൽ വച്ചാണ്. ന്യൂസീലൻഡിനോട് സ്വന്തം നാട്ടിൽ 3 മത്സര പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മോഹത്തിന് മങ്ങലേറ്റു.

ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിന്റെ പല തീരുമാനങ്ങളും വിമർശിക്കപ്പെട്ടു. ഇതോടെ പിന്നാലെ വന്ന ബോർഡർ– ഗാവസ്കർ ട്രോഫിയിലെ പ്രകടനം ടീമിനും രോഹിത്തിനും ഒരുപോലെ നിർണായകമായി.

∙ ഓസീസിലും അടിതെറ്റി

വ്യക്തിപരമായ കാരണങ്ങളാൽ ഓസീസ് പരമ്പരയിലെ ആദ്യ മത്സരം രോഹിത് കളിച്ചില്ല. ഈ മത്സരം ഇന്ത്യ ജയിച്ചതോടെ ബാക്കിയുള്ള മത്സരങ്ങളിൽ രോഹിത് തിരികെ വന്നാൽ അത് ടീം കോംബിനേഷനെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

എന്നാൽ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ ക്യാപ്റ്റനെ മാറ്റിനിർത്തേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചു. രണ്ടാം ടെസ്റ്റിൽ രോഹിത് തിരിച്ചുവന്നു; ടീമിന്റെ പ്രകടനം മോശമാവുകയും ചെയ്തു. 

∙ പൊസിഷനിലെ മാറ്റം

ടീം കോംബിനേഷൻ തെറ്റാതിരിക്കാൻ 2,3 ടെസ്റ്റുകൾ രോഹിത് മധ്യനിരയിലാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാൽ നാലാം ടെസ്റ്റിൽ രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തി. 8, 25 എന്നിങ്ങനെയായിരുന്നു നാലാം മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട്.

പരമ്പരയിൽ ഒരു തവണ മാത്രമേ ഇന്ത്യൻ ഓപ്പണിങ് ജോടി മൂന്നക്കം കണ്ടിട്ടുള്ളൂ. അത് ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ– കെ.എൽ.രാഹുൽ സഖ്യം നേടിയ 201 റൺസ് കൂട്ടുകെട്ടാണ്. ഓപ്പണിങ്ങിൽ രോഹിത് പരാജയപ്പെട്ടതോടെ ജയ്സ്വാൾ– രാഹുൽ ജോടിയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി.

∙ തുടർ പരാജയങ്ങൾ

പരമ്പരയിൽ ഇതുവരെ ഇറങ്ങിയ 5 ഇന്നിങ്സുകളിൽ 3,6,10,3,9 എന്നിങ്ങനെയാണ് രോഹിത് ശർമയുടെ സ്കോർ. ആകെ 31 റൺസ്. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടൻ സുന്ദറിനും നിതീഷ് കുമാർ റെഡ്ഡിക്കുമടക്കം പരമ്പരയിൽ 100നു മുകളിൽ റൺസുണ്ട്. പേസ് ബോളറായ ജസ്പ്രീത് ബുമ്ര പരമ്പരയിൽ ആകെ നേടിയത് 42 റൺസ്.

ഇത്തരത്തിൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് രോഹിത് വഴിമാറാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ടെസ്റ്റിൽ 14 മത്സരങ്ങളിൽ നിന്നായി 24.76 ശരാശരിയിൽ 619 റൺസാണ് രോഹിത്തിന്റെ നേട്ടം.

∙ രോഹിത് ശർമയ്ക്ക് സംഭവിക്കുന്നത്... 

പ്രായം കൂടുന്നതനുസരിച്ച് ഹാൻഡ് ആൻ ഐ കോഓർഡിനേഷനിൽ (കണ്ണും കയ്യും തമ്മിലുള്ള ഒത്തിണക്കം) വരുന്ന പ്രശ്നങ്ങളാണ് രോഹിത്തിനെയും അലട്ടുന്നത്. കണ്ണെത്തുന്നിടത്ത് രോഹിത്തിന്റെ ബാറ്റ് എത്തുന്നില്ല.

ബോളിന്റെ ലൈനും ലെങ്തും പിക്ക് ചെയ്യുന്നതിൽ മുപ്പത്തിയേഴുകാരൻ രോഹിത് തുടർച്ചയായി പരാജയപ്പെടുന്നു. തന്റെ ഇഷ്ട ഷോട്ടായ പുൾ കളിക്കാൻ പോലും രോഹിത്തിനു ടൈമിങ് ലഭിക്കുന്നില്ല. 

∙ പുറത്തുപോയ ക്യാപ്റ്റൻമാർ

1975ൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ഡെന്നിസും സമാന രീതിയിൽ പുറത്തുപോയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയ്ക്കിടെ, മോശം ഫോം മൂലം നാലാം ടെസ്റ്റിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ ഡെന്നിസ് തീരുമാനിക്കുകയായിരുന്നു.

2005ൽ സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയോട് പരിശീലകൻ ഗ്രെഗ് ചാപ്പൽ ഒരു ടെസ്റ്റിൽ പുറത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാംഗുലി വഴങ്ങിയില്ല. ആ മത്സരം കളിച്ച ഗാംഗുലി, സെഞ്ചറി നേടി. 

English Summary:

Border-Gavaskar Trophy: Rohit Sharma's poor form forces his withdrawal from the 5th Test against Australia. This unprecedented decision raises questions about the future of the Indian captain's Test career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com