കോലിയെ എന്തിനാണ് ഇങ്ങനെ ചുമക്കുന്നത്?; വല്ല യുവതാരങ്ങൾക്കും അവസരം കൊടുക്കൂ, ഇതിലും ഭേദമായിരിക്കും: തുറന്നടിച്ച് പഠാൻ– വിഡിയോ
Mail This Article
സിഡ്നി∙ സീനിയർ താരം വിരാട് കോലി ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് മുൻ താരം ഇർഫാൻ പഠാൻ. ഇന്ത്യൻ ക്രിക്കറ്റിലെ താരാരാധന നിർത്തേണ്ട സമയമായെന്നും ഇർഫാൻ പഠാൻ തുറന്നടിച്ചു. ഫോമിലല്ലാത്ത താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി അവിടെ കളിച്ച് മികവു തെളിയിച്ച ശേഷം മാത്രമേ ദേശീയ ടീമിൽ തുടർന്നു കളിക്കാൻ പാടുള്ളൂവെന്നും പഠാൻ നിർദ്ദേശിച്ചു. ടീമിലെ സീനിയർ താരങ്ങൾ അവസാനമായി എപ്പോഴാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ചതെന്ന് ഓർക്കുന്നുണ്ടോയെന്നു ചോദിച്ച പഠാൻ, ടീമിൽ കോലിയുടെ സ്ഥാനം ഏതെങ്കിലും യുവതാരത്തിന് നൽകണമെന്നും നിർദ്ദേശിച്ചു.
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ അഞ്ചിൽ മൂന്നു ടെസ്റ്റുകളും തോറ്റ് ഇന്ത്യ പരമ്പര 3–1ന് കൈവിട്ട സാഹചര്യത്തിലാണ് പഠാന്റെ പതിവില്ലാത്ത വിധം രൂക്ഷമായ വിമർശനം. പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ സെഞ്ചറിയുമായി ഫോമിലാണെന്നു സൂചന നൽകിയെങ്കിലും പിന്നീട് തീർത്തും നിറം മങ്ങിയ കോലി, തുടർന്നു കളിച്ച എട്ട് ഇന്നിങ്സുകളിൽനിന്ന് നേടിയത് 90 റൺസ് മാത്രമാണ്. എട്ടു തവണയും ഓഫ്സൈഡിനു പുറത്തു പോകുന്ന പന്തിൽ ബാറ്റുവച്ച് വിക്കറ്റ് കീപ്പറിനോ സ്ലിപ്പിലോ ക്യാച്ച് നൽകിയാണ് കോലി പുറത്തായത്.
‘‘താരാരാധന നമ്മൾ നിർത്തണം. ടീമിനു വേണ്ടി കളിക്കണം. നമുക്ക് ആവശ്യം സൂപ്പർതാര സംസ്കാരമല്ല, ടീം സംസ്കാരമാണ്. അതിന് ആദ്യം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് തെളിയിക്കണം. വിരാട് കോലിയെപ്പോലുള്ള സീനിയർ താരങ്ങൾ എപ്പോഴാണ് അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചതെന്ന് ഓർക്കുന്നുണ്ടോ. ടീമിൽ കോലിയുടെ സ്ഥാനം ഒരു യുവതാരത്തിന് നൽകാൻ തയാറാകണം. ഇങ്ങനെയൊരു സീനിയർ താരത്തെ ടീമിൽ ആവശ്യമില്ല’– പഠാൻ പറഞ്ഞു.
‘‘വിരാട് കോലി എന്നാണ് അവസാനമായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചതെന്ന് ഓർക്കുന്നുണ്ടോ? ഏറ്റവും കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലുമായിക്കാണും. കോലിയേക്കാൾ അടുത്ത കാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത് സച്ചിൻ തെൻഡുൽക്കറാണ്. അദ്ദേഹത്തിന് അതിന്റെ ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചു. കോലിയെ ആർക്കും ബാറ്റിങ് പഠിപ്പിക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ ഒട്ടേറെ റൺസും നേടിയിട്ടുണ്ട്. പക്ഷേ, അടുത്തിടെയായി അദ്ദേഹത്തിന്റെ പ്രകടനം തീർത്തും മോശമാണ്’ – പഠാൻ ചൂണ്ടിക്കാട്ടി.
‘‘കഴിഞ്ഞ അഞ്ച് വർഷത്തെ ബാറ്റിങ് ശരാശരി എടുത്തുനോക്കൂ. കോലിക്ക് 30 പോലും ശരാശരി കാണില്ല. ഒരു മുതിർന്ന താരത്തിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് പ്രതീക്ഷിക്കുന്നത് ഈ പ്രകടനമാണോ? ഇതിലും ഭേദം ഏതെങ്കിലും യുവതാരത്തിന് അവസരം നൽകുന്നതാണ്. അവർ ഒരുപക്ഷേ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇവിടെ വ്യക്തികൾക്കല്ല, ടീമിനാണ് പ്രാധാന്യം’ – പഠാൻ പറഞ്ഞു.
‘‘ഞങ്ങൾ വിരാട് കോലിയെ മോശക്കാരനാക്കുകയല്ല. ഇന്ത്യയ്‌ക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടുള്ള, ഒട്ടേറെ റൺസ് നേടിയിട്ടുള്ള താരം തന്നെയാണ് കോലി. പക്ഷേ, ഇപ്പോൾ ഒരേ പിഴവ് പലകുറി ആവർത്തിക്കുകയാണ് കോലി. ഇക്കാര്യം സുനിൽ ഗാവസ്കർ പലതവണ ചൂണ്ടിക്കാട്ടി. അദ്ദേഹം ഇപ്പോൾ നമുക്കൊപ്പം ഗ്രൗണ്ടിലുണ്ട്. അദ്ദേഹത്തെ സമീപിച്ച് ഈ പിഴവ് തിരുത്താനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കാൻ എന്താണ് ഇത്ര താമസം? പിഴവുകൾ തിരുത്താൻ കഠിനാധ്വാനം കൂടിയേ തീരൂ. അത് അവിടെ കാണുന്നതേയില്ല’ – പഠാൻ പറഞ്ഞു.