എന്ത് ജോലിഭാരം? ദിവസം 15 ഓവർ ബോൾ ചെയ്യാൻ സാധിക്കാത്തവർ പോയി ട്വന്റി20 കളിക്കട്ടെ: രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ ജോലിഭാരം, ജോലിഭാര ക്രമീകരണം തുടങ്ങിയ പ്രയോഗങ്ങൾ ഓസ്ട്രേലിയക്കാർ സൃഷ്ടിച്ചതാണെന്നും അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും മുൻ ഇന്ത്യൻ താരം ബൽവീന്ദർ സന്ധു. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന ഒരു താരത്തെ സംബന്ധിച്ച് പ്രതിദിനം 15 ഓവർ എറിയുന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതിയില്ല. അങ്ങനെ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ പോയി ട്വന്റി20 കളിക്കുന്നതാകും ഉചിതമെന്നും, ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്കു നൽകിയ അഭിമുഖത്തിൽ സന്ധു തുറന്നടിച്ചു. ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുമ്രയെക്കൊണ്ട് 150 ഓവർ എറിയിച്ചതിനെതിരെ കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സന്ധുവിന്റെ പ്രതികരണം. 1983 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സന്ധു.
‘‘ജോലിഭാരമോ? അതിന് ബുമ്ര പരമ്പരയിലാകെ എത്ര ഓവർ ബോൾ ചെയ്തു? 150 ഓവറോ മറ്റോ അല്ലേ? പക്ഷേ എത്ര മത്സരങ്ങളിലായി എത്ര ഇന്നിങ്സുകളിൽ നിന്നാണ് അത്രയും ഓവർ എറിഞ്ഞത്? അഞ്ച് ടെസ്റ്റുകളിലെ 9 ഇന്നിങ്സുകളിൽ നിന്നാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതായത് ഇന്നിങ്സിൽ ശരാശരി 16 ഓവർ. ഒരു ടെസ്റ്റിൽ ശരാശരി 30 ഓവർ എന്നു പറയുന്നത് അത്ര വലിയ സംഭവമാണോ? മാത്രമല്ല, ഈ 16 ഓവർ അദ്ദേഹം ബോൾ െചയ്തത് ഒറ്റയടിക്കാണോ? പല സ്പെല്ലുകളായല്ലേ? അത് ഇത്ര വലിയ സംഭവമാണോ?’’
‘‘ജോലിഭാരം ക്രമീകരിക്കുക എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ്. ഇതൊക്കെ ഓസ്ട്രേലിയക്കാർ സൃഷ്ടിച്ച വാക്കുകളാണ്. ജോലിഭാരം എന്നതൊന്നും യാഥാർഥ്യമല്ല. അതിനോട് ഞാൻ യോജിക്കുന്നുമില്ല. സ്വന്തം ശരീരം നൽകുന്ന സൂചനകൾ മാത്രം ശ്രദ്ധിച്ച് കരിയർ മുന്നോട്ടു കൊണ്ടുപോയ ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാൻ. മറ്റാരുടെയും വാക്കുകൾ പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് ജോലിഭാരം, ജോലിഭാരം ക്രമീകരിക്കൽ എന്നൊന്നും പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നുമില്ല.’’
‘‘വ്യത്യസ്ത സ്പെല്ലുകളിലായി ഒരു ദിവസം 15 ഓവർ ബോൾ ചെയ്യുന്നത് രാജ്യാന്തര ക്രിക്കറ്റിൽ ഒരു ബോളറെ സംബന്ധിച്ച് അത്ര വലിയ സംഭവമല്ല. ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിവസവും ആരെങ്കിലും പന്തെറിയേണ്ടി വരുമോ? മൂന്നോ നാലോ സ്പെല്ലുകളിലായാണ് ബുമ്ര ദിവസവും ബോൾ ചെയ്തത്. ഇന്നത്തെ കാലത്താണെങ്കിൽ ഏറ്റവും മികച്ച ഫിസിയോ, മെഡിക്കൽ സംവിധാനങ്ങൾ എല്ലാം ലഭ്യമാണ്. ഒരു ദിവസം 20 ഓവർ ബോൾ ചെയ്യാനാകില്ലെങ്കിൽ ആ ബോളർ ഇന്ത്യയ്‌ക്കായി കളിക്കാതിരിക്കുകയാണ് നല്ലത്. ഇന്ത്യയ്‌ക്കായി കളിക്കണമെങ്കിൽ ഒരു ദിവസം കുറഞ്ഞത് 20 ഓവർ എങ്കിലും ബോൾ ചെയ്യാൻ തയാറായിരിക്കണം.’’
അതു പറ്റില്ലെങ്കിൽ ട്വന്റി20 മാത്രം കളിക്കുന്നതാകും ഉചിതം. അവിടെയാണെങ്കിൽ നാല് ഓവർ ബോൾ ചെയ്താൽ മതിയല്ലോ. ആ നാല് ഓവർ തന്നെ മൂന്നു സ്പെല്ലുകളിലായി എറിയാം. ഞങ്ങളൊക്കെ പ്രതിദിനം 25–30 ഓവറാണ് ബോൾ ചെയ്തിരുന്നത്. കരിയറിലുടനീളം സുദീർഘമായ സ്പെല്ലുകൾ ബോൾ ചെയ്തിരുന്ന വ്യക്തിയാണ് കപിൽ ദേവ്. കൂടുതൽ ബോൾ ചെയ്യുന്തോറും നമ്മുടെ ശരീരവും മസിലുകളും അതിന് അനുസരിച്ച് ക്രമീകരിക്കപ്പെടും. അതുകൊണ്ട് ജോലിഭാര ക്രമീകരണമെന്ന പ്രയോഗത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല’ – സന്ധു പറഞ്ഞു.