രാഹുലിനു വിശ്രമം വേണം, ചാംപ്യൻസ് ട്രോഫി കളിക്കാമെന്നു താരം; ഏകദിന പരമ്പരയിലും സഞ്ജു വരും?
Mail This Article
മുംബൈ∙ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കാൻ ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളാണ് ഇന്ത്യയ്ക്ക് ഇനിയുള്ളത്. 22നാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരകളിൽ തന്നെ പരിഗണിക്കരുതെന്ന് രാഹുൽ, അജിത് അഗാർക്കർ നയിക്കുന്ന സിലക്ഷൻ കമ്മിറ്റിയെ അറിയിച്ചതായാണു വിവരം. ഈ സാഹചര്യത്തിൽ ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ്, ഏകദിന ടീമിലേക്കും വഴി തുറന്നേക്കും.
ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ സഞ്ജു സാംസണും ഋഷഭ് പന്തും വിക്കറ്റ് കീപ്പർമാരായി ടീമിലെത്താനാണു സാധ്യത.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടീമിനെ തന്നെ ചാംപ്യൻസ് ട്രോഫിയിലും പരീക്ഷിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാൽ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയാറാണെന്നും രാഹുൽ സിലക്ടര്‍മാരെ അറിയിച്ചുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ കര്‍ണാടകയ്ക്കു വേണ്ടിയും രാഹുൽ കളിക്കുന്നില്ല.
ബോർഡർ– ഗാവസ്കർ ട്രോഫി ഇന്ത്യ കൈവിട്ട പരമ്പരയിൽ, കുറച്ചെങ്കിലും തിളങ്ങിയ താരങ്ങളിൽ ഒരാൾ കെ.എൽ. രാഹുലാണ്. 10 ഇന്നിങ്സുകളിൽ 276 റൺസെടുത്ത രാഹുൽ ഇന്ത്യൻ ബാറ്റർമാരിൽ മൂന്നാം സ്ഥാനത്താണ്. രാഹുലിനു പുറമേ ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരും ചാംപ്യൻസ് ട്രോഫി ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ബിസിസിഐയ്ക്കു മുന്നിലുണ്ട്. ട്വന്റി20യിൽ മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിനെ സിലക്ടർമാർക്ക് അത്ര പെട്ടെന്ന് ഒഴിവാക്കാനും സാധിക്കില്ല.