ADVERTISEMENT

ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ വീരഗാഥ. ആദ്യപാദത്തിലെ രണ്ടു ഗോൾ കടം മറികടന്ന യുവെന്റസ്, ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കിൽ അത്‌ലറ്റിക്കോയെ 3–0നു തോൽപിച്ചു. ജർമൻ ക്ലബ് ഷാൽക്കെയെ മാഞ്ചസ്റ്റർ സിറ്റി 7–0നു തകർത്തു വിട്ടു. സെർജിയോ അഗ്യൂറോ ഇരട്ടഗോൾ നേടി.

ടൂറിൻ ∙ ശത്രുസംഹാരത്തിനാണ് അത്‌ലറ്റിക്കോ മഡ്രിഡ് നേർച്ചയിട്ടത്; നടന്നതു പക്ഷേ അത്‌ലറ്റിക്കോ വധം ആട്ടക്കഥ! അരങ്ങിൽ നിറഞ്ഞാടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ആദ്യപാദത്തിലെ 2–0 ജയവുമായി ക്വാർട്ടർ ഫൈനൽ സ്വപ്നം കണ്ടിറങ്ങിയ സ്പാനിഷ് ക്ലബിനെ 27–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ നിലത്തു നിർത്തി, 49–ാം മിനിറ്റിൽ നെഞ്ചു പിളർന്നു, 86–ാം മിനിറ്റിൽ കഥ തീർത്തു. കർട്ടൻ വീണപ്പോൾ ഇരുപാദങ്ങളിലുമായി 3–2 ജയത്തോടെ യുവെന്റസ് യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. മഡ്രിഡിൽ തന്നെ പരിഹസിച്ച് ആംഗ്യം കാണിച്ച അത്‌ലറ്റിക്കോ കോച്ച് ഡിയേഗോ സിമിയോണിക്ക് അതേ മുദ്രയിൽ ക്രിസ്റ്റ്യാനോ മറുപടിയും നൽകി.

ടൂറിനിലെ സ്റ്റേഡിയത്തിൽ തലയുർത്തി, നെഞ്ചു വിരിച്ചു നിന്ന് കൂടെയുള്ളവരെ പ്രചോദിപ്പിച്ച ക്രിസ്റ്റ്യാനോ സഹതാരങ്ങൾക്കും കാണികൾക്കും നൽകിയത് ഒരു സന്ദേശം: കൂടെ നിന്നാൽ മതി, ബാക്കി എനിക്കു വിട്ടേക്കൂ! രണ്ടാം മിനിറ്റിൽ ബോക്സിനുള്ളിൽ പന്തിലേക്കു ചാടി വീണ ക്രിസ്റ്റ്യാനോ അത്‌ലറ്റിക്കോ ഗോൾകീപ്പർ ഒബ്ലാക്കിൽ നിന്നു പന്തു തട്ടിയെടുത്തു. കില്ലെനി നേരെ അതു വലയിലേക്കു വിട്ടു. യുവെ താരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും വിഎആർ പരിശോധിച്ച റഫറി ഗോൾ അനുവദിച്ചില്ല. 27–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ആ സങ്കടം തീർത്തു. ഇടതു പാർശ്വത്തിൽ നിന്ന് ബെർണാഡെസ്കി നൽകിയ ക്രോസിൽ യുവാൻഫ്രാനെ നിസ്സഹായനാക്കി റൊണാൾഡോയുടെ ഹെഡർ. പന്തു വലയിൽ.

അത്‌ലറ്റിക്കോ അതോടെ കാഴ്ച്ചക്കാരായി. മൈതാനം അടക്കി ഭരിച്ച യുവെ ഹാഫ്ടൈം വരെ അവരോടു കനിവു കാട്ടി. 49–ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും രംഗത്തെത്തി. കാൻസലോയുടെ ക്രോസിൽ വീണ്ടും റൊണാൾഡോയുടെ കിടിലൻ ഹെഡർ. ഒബ്ലാക്ക് തട്ടിയകറ്റിയെങ്കിലും പന്ത് ഗോൾലൈൻ കടന്നതായി റഫറിയുടെ വാച്ചിൽ സിഗ്‌നൽ. ആദ്യപാദത്തിലെ കടം വീട്ടി യുവെ ഒപ്പത്തിനൊപ്പം. വിജയഗോൾ എപ്പോ വരും എന്നതു മാത്രമായി അതോടെ ആകാംക്ഷ. പലവട്ടം ഭാഗ്യത്തിന്റെ അകമ്പടിയോടെ അത്‌ലറ്റിക്കോ രക്ഷപ്പെട്ടെങ്കിലും അവസാനം പിഴച്ചു. ബെർണാഡെസ്കിയെ ഏഞ്ചൽ കൊറീയ ബോക്സിൽ തള്ളിയതിന് യുവെയ്ക്കു പെനൽറ്റി. ഒബ്ലാക്ക് ഇടത്തേക്കു ചാടി. റൊണാൾഡോ വലത്തേക്കടിച്ചു. യുവെന്റസിനു ജയം!

∙ സിറ്റി വക ഗോൾവർഷം

സ്കോറിങ് മികവ് പരീക്ഷിക്കാനുള്ള ടീം മാത്രമായി സിറ്റിക്ക് ഷാൽക്കെ. ആദ്യപാദത്തിലെ 3–2 ജയത്തിന്റെ അനൂകൂല്യത്തിലിറങ്ങിയ സിറ്റി അര മണിക്കൂറായപ്പോഴേക്കും ഗോളടി തുടങ്ങി.അഗ്യൂറോയുടെ ഇരട്ട ഗോളിലും ലിറോയ് സാനെയുടെ ഗോളിലും ഇടവേളയിൽ 3–0നു മുന്നിൽ. ശേഷം റഹിം സ്റ്റെർലിങ്(56), ബെർണാഡോ സിൽവ(71), ഫിൽ ഫോഡൻ(78), ഗബ്രിയേൽ ജിസ്യൂസ്(84) എന്നിവർ ഷാൽക്കെയുടെ വല നിറച്ചു. ചാംപ്യൻസ് ലീഗിൽ ഒരു ജർമൻ ക്ലബിന്റെ ‌ഏറ്റവും വലിയ തോൽവിയാണ് ഷാൽക്കെയുടേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com