ADVERTISEMENT

കോട്ടയം ∙ ഓൾഡ് ട്രാഫഡ്, ഒലെ ഗുണ്ണാർ സോൾഷ്യർ എന്നൊക്കെ കേട്ടാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കു കുളിര് കോരും. അപ്പോൾ യുണൈറ്റ‍ഡിന്റെ മൈതാനമായ ഓ‍‍ൾഡ് ട്രാഫഡിൽ പന്തുതട്ടാനും പരിശീലകൻ സോൾഷ്യറെ ഇന്റർവ്യൂ ചെയ്യാനും അവസരം കിട്ടിയാലോ? ആഹ്ലാദിക്കാൻ മറ്റെന്തുണ്ട് ഈ ഫുട്ബോൾ ഭൂമിയിൽ! അത്തരമൊരു അവസരം കൈവന്നതിന്റെ ആവേശത്തിലാണു സിംഗപ്പൂരിലെ ഒരുകൂട്ടം മലയാളികൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലോജിസ്റ്റിക് പാർട്നർമാരായ ഡിഎച്ച്എൽ നടത്തുന്ന രാജ്യാന്തര ഫുട്ബോൾ മേളയിൽ (ഗ്ലോബൽ ഫുട്ബോൾ ടൂർ) വിജയികളായാണു സിംഗപ്പൂരിലെ ‘മലബാർ യുണൈറ്റഡ്’ ടീം ലണ്ടനിലേക്കു പറക്കുന്നത്. യുണൈറ്റഡ് ആരാധകർക്കായി വിവിധ രാജ്യങ്ങളിൽ നടത്തുന്ന മേളയാണിത്. ആരാധകർക്കു ടീമായി തിരിഞ്ഞ് മത്സരത്തിൽ പങ്കെടുക്കാം. ഇത്തവണ 2 ടീമുകളെ മാഞ്ചസ്റ്റർ സന്ദർശനത്തിനു തിരഞ്ഞെടുത്തു. സിംഗപ്പൂരിനെ പ്രതിനിധീകരിക്കുന്നതു മലബാർ യുണൈറ്റഡ്. ഗ്രീസിൽനിന്നാണു രണ്ടാമത്തെ ടീം.

സിംഗപ്പൂരിലെ ‘മലബാറുകാർ’ ഇന്നു ലണ്ടനിലേക്കു പോകും. ഞായറാഴ്ച കാർഡിഫ് സിറ്റിക്കെതിരെയുള്ള യുണൈറ്റഡിന്റെ അവസാന ലീഗ് മത്സരം കാണും. അതിനുശേഷം ഗ്രീസിലെ ടീമുമായി മത്സരം. അതിനിടയിൽ യുണൈറ്റഡ് പരിശീലകനുമായി ഇന്റർവ്യൂ.

സിംഗപ്പൂരിൽ കച്ചവടം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ മലയാളികൾ രൂപം നൽകിയ ക്ലബ്ബാണു മലബാർ – എസ്ജി യുണൈറ്റഡ്. 2011ൽ വോളിബോളും ബാഡ്മിന്റനും കളിച്ച് ചെറുതായി തുടക്കം. 2 വർഷം കഴിഞ്ഞപ്പോൾ ഫുട്ബോളിലേക്കു മാറി. നൂറോളം പേർ ക്ലബ്ബിൽ അംഗങ്ങളാണ്. വാരാന്ത്യത്തിൽ ഗ്രൗണ്ട് വാടകയ്ക്കെടുത്തു കളത്തിലിറങ്ങും.

എസ്.എം.നൗഷാദ് അലി, വി.വി.ഷെരീഫ്, എം.വി.അജ്മൽ, ഷാജി ഫിറോസ്, ഇ.എ.ജറീർ, സനൂബ് ഹസൻ കളത്തിങ്ങൽ എന്നിവർ ചേർന്നാണു ടീമിനു തുടക്കമിട്ടത്. കളി കാര്യമായതോടെ സിംഗപ്പൂരിലെ ഹോം യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയുടെ ഗ്രൗണ്ട് വാടകയ്ക്കെടുത്തു പരിശീലനം തുടങ്ങി. മലയാളി അസോസിയേഷന്റെ ടൂർണമെന്റുകളിൽ പങ്കെടുത്തായിരുന്നു ‘പ്രഫഷനൽ’ തുടക്കം. പതിയെപ്പതിയെ മറ്റു ടൂർണമെന്റുകൾക്ക് ഇറങ്ങി. അതിനിടയിലാണ് ഒറിജിനൽ യുണൈറ്റഡ് വന്നതും മാഞ്ചസ്റ്ററിലേക്കുള്ള വാതിൽ തുറന്നുകിട്ടിയതും.

പേരിൽ മലബാറുണ്ടെങ്കിലും കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലക്കാർക്കു പുറമേ കൊച്ചി, കൊല്ലം, പാലക്കാട് സ്വദേശികളും ടീമിലുണ്ട്. ഓൾഡ് ട്രാഫഡിൽ ഇറങ്ങുന്ന ടീം: സൽമാൻ അലി (ക്യാപ്റ്റൻ), സച്ചിൻ മുഹമ്മദ് ഹാരിസ്, മുനീർ മൊയ്തു, ഷാമിൽ അലവി യൂസഫ്, ജാസിൻ തച്ചറമ്പൻ, ഇർഷാദ് ഇല്യാസ്, അബ്ദുൽ കരീം നടുക്കണ്ടിയിൽ, ഷാമിൽ ഷെരീഫ്, മുഹമ്മദ് അഫ്സൽ അബ്ദുല്ലക്കുഞ്ഞി. മാനേജർ: സനൂബ് ഹസൻ. സ്ഥാപകൻ ഷെരീഫിന്റെ മകൻ ഷാമിൽ ഷെരീഫാണു ടീമിലെ ബേബി. സിംഗപ്പുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർഥിയാണ്.

English Summary: Malayali Football Club from Singapore to play in Old Trafford

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com