ഡച്ച് കപ്പും ലീഗ് കിരീടവും; ഹോളണ്ടിൽ നിത്യഹരിതം അയാക്സ്
Mail This Article
ആംസ്റ്റർഡാം ∙ ചാംപ്യൻസ് ലീഗ് സെമിയിൽ ടോട്ടനത്തിനോടു കീഴടങ്ങിയതിന്റെ പേരിൽ സങ്കടക്കടലിൽ നീന്തി മരിക്കാനൊന്നും ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെ കിട്ടില്ല. ഡച്ച് ലീഗിലെ നിത്യഹരിത വസന്തമായ അയാക്സ് 34–ാം തവണയും ലീഗ് ജേതാക്കളായി. ചാംപ്യൻസ് ലീഗ് തോൽവിയുടെ ആഘാതം ചെറുതായിട്ടെങ്കിലും കുറയ്ക്കാൻ ഒരു കപ്പ്. 34 മത്സരങ്ങളിൽനിന്ന് 86 പോയിന്റുമായിട്ടാണ് അയാക്സിന്റെ കിരീടധാരണം. രണ്ടാം സ്ഥാനത്ത് പിഎസ്‍വി ഐന്തോവൻ (83 പോയിന്റ്).
അവസാന ലീഗ് മത്സരത്തിൽ 4–1ന് ദെഷാഫ്ഷാപ്പിനെ തോൽപിച്ചാണ് അയാക്സ്, ലീഗ് കിരീടമുയർത്തിയത്. പിഎസ്‍വി ഐന്തോവനും അവസാന മത്സരത്തിൽ ജയിച്ചു. 3–1ന് ഹെറക്ക്‌ൾസ് അൽമേലോയെ തോൽപിച്ചു. 5 വർഷത്തിനുശേഷമാണു ലീഗിൽ അയാക്സിന്റെ കിരീടനേട്ടം. ഡച്ച് കപ്പും നേടിയതോടെ സീസണിൽ അയാക്സിന്റെ രണ്ടാം ചാംപ്യൻ നേട്ടമാണിത്.
കഴിഞ്ഞയാഴ്ച വരെ പിഎസ്‌വിയും അയാക്സും കിരീടത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. പക്ഷേ, ഞായറാഴ്ച പിഎസ്‍വി തോൽക്കുകയും അയാക്സ് ജയിക്കുകയും ചെയ്തതോടെ 3 പോയിന്റ് ലീഡ് കിട്ടി. അവസാന മത്സരത്തിൽ വിജയം ഉറപ്പിച്ചതോടെ കിരീടവും സ്വന്തം. അവസാന മത്സരത്തിൽ ദുസാൻ ടാഡിച് അയാക്സിനായി 2 ഗോളടിച്ചു. ബാർസിലോനയിലേക്കു പോകുന്ന മധ്യനിര താരം ഫ്രെങ്കി ഡി യോങ്ങിന്റെ അയാക്സ് കുപ്പായത്തിലെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്.
English Summary: Ajax complete domestic double after winning Dutch league for the 34th time