ADVERTISEMENT

യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിലെ ആദ്യ കിരീടം പോർച്ചുഗലിന്. പോർട്ടോയിൽ, സ്വന്തം ആരാധകരുടെ മുന്നിൽ നടന്ന ഫൈനലിൽ ഹോളണ്ടിനെ 1–0നു തോൽപ്പിച്ചു. 60–ാം മിനിറ്റിൽ ഗോൺസാലോ ഗുയിദെസാണ് വിജയഗോൾ നേടിയത്. ഈ വർഷമാണ് പതിവു സൗഹൃദ മത്സരങ്ങൾ കൂട്ടിച്ചേർത്ത് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ നേഷൻസ് ലീഗിനു രൂപം നൽകിയത്.

പോർട്ടോ ∙ ലിസ്ബണിലെ മൈതാനത്ത് സ്വന്തം നാട്ടുകാർക്കു മുന്നിൽ കരഞ്ഞു കയറിപ്പോയ സങ്കടം ക്രിസ്റ്റ്യാനോ റൊണാൾഡോ 15 വർഷങ്ങൾക്കു ശേഷം പോർട്ടോയിൽ തീർത്തു. അന്ന് യൂറോകപ്പ് ഫൈനലിൽ ഗ്രീസിനോടു തോറ്റ ടീമിലെ ‘ബേബി’യായിരുന്നു ക്രിസ്റ്റ്യാനോയെങ്കിൽ ഇത്തവണ ക്യാപ്റ്റൻ. പോർച്ചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോയുടെ രണ്ടാം മേജർ കിരീടമാണിത്. 2016ൽ ഫ്രാൻസിൽ നടന്ന യൂറോ കപ്പാണ് ആദ്യത്തേത്. അന്ന് മത്സരത്തിനിടെ പരുക്കേറ്റതിനാൽ പുറത്തിരുന്ന് കളി കണ്ട ക്രിസ്റ്റ്യാനോ ഇത്തവണ തൊണ്ണൂറു മിനിറ്റും പോർച്ചുഗലിന് ഊർജമായി മൈതാനത്തുണ്ടായിരുന്നു.

നെതർലൻഡ്സിന്റെ പേരുകേട്ട ഡിഫൻഡർമാരായ വിർജിൽ വാൻ ദെയ്കും മാത്തിസ് ഡി‌ലിറ്റും ക്രിസ്റ്റ്യാനോയെ കണ്ണുവച്ചു നിന്ന തക്കം ഗുയിദെസും ബെർണാഡോ സിൽവയും മുതലെടുത്തു. 60–ാം മിനിറ്റിൽ സിൽവ മറിച്ചു കൊടുത്ത ബാക്ക് പാസിൽ നിന്ന് ബുള്ളറ്റ് ഷോട്ടിലൂടെയായിരുന്നു സ്പാനിഷ് ക്ലബായ വലെൻസിയയുടെ താരമായ ഗുയിദെസിന്റെ വിജയ ഗോൾ. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടു നിന്നിട്ടും ടീമിനെ മുന്നോട്ടു കൊണ്ടു പോയ ബെർണാഡോ സിൽവയാണ് ടൂർണമെന്റിലെ മികച്ച താരം. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടവും നേടിയ സിൽവയ്ക്കിത് ഇരട്ടിമധുരം.

വരുംസീസണിൽ ബാർസിലോനയിലേക്കു പോകുന്ന ഫ്രാങ്കി ഡി യോങ് അടങ്ങുന്ന മധ്യനിരയുടെ മികവിൽ അഭിരമിച്ചു പോയതാണ് നെതർലൻഡ്സിനു വിനയായത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ കളിയുടെ ചരടു വലിച്ച ഡി യോങിന് ഇത്തവണ അതാവർത്തിക്കാനായില്ല. ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും അവർ കൃത്യമായി ഗോൾ ലക്ഷ്യം വച്ച ഷോട്ട് ഒന്നു മാത്രം. പോർച്ചുഗൽ ഏഴും. പന്തു കിട്ടിയാൽ പാഞ്ഞു കയറിയ പോർച്ചുഗൽ ഒടുവിൽ രണ്ടാം പകുതിയിൽ ഓറഞ്ച് പ്രതിരോധം പൊളിച്ചു, വിജയമധുരം നുണഞ്ഞു.

English Summary: Portugal winners of the inaugural Nations League, with Goncalo Guedes’s thumping strike settling the final in Porto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com