ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ വർഷത്തെ ഐലീഗ് മൽസരങ്ങളിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഹുസൈൻ(24) ഖാൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-20 സീസണിലേക്കാണ് ബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുക. 2017-18 ഐലീഗിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കളിച്ചിട്ടുണ്ട് ബിലാൽ ഖാൻ.

പ്രായം, മികച്ച പ്രകടനം എന്നിവ പരിഗണിക്കുമ്പോൾ ബിലാല്‍ കേരള ബ്ലാസ്റ്റേഴ്സിനു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. ഐ ലീഗിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡ് ശ്രദ്ധേയമാണെന്ന് മുൻ ഇംഗ്ലീഷ് ഗോൾകീപ്പറും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് കൺസൾട്ടന്റ് പരിശീലകനുമായ ജോൺ ബുറിജ് പറയുന്നു. 194സെന്റിമീറ്റർ ഉയരമുള്ള ബിലാൽ ഖാൻ ഏറ്റവും മികച്ച യുവ ഇന്ത്യൻ ഗോളികളിൽ ഒരാളാണ്, അദ്ദേഹത്തിന്റെ സാന്നിധ്യം വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകുമെന്നും ബുറിജ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ അവസരം ലഭിച്ചത് തന്റെ സ്വപ്നസാക്ഷാത്‍കാരമാണെന്ന് ബിലാൽ ഖാൻ പറഞ്ഞു.

ഉത്തർപ്രദേശ് സ്വദേശിയായ ബിലാൽ ഖാൻ മുൻപ്  ഐ‌എസ്‌എൽ ടീമായ എഫ്‌സി പുണെ സിറ്റിയുമായി കരാറിലേർപ്പെട്ടിരുന്നു. തുടർന്ന് 2018-19 സീസണിന്റെ തുടക്കത്തിൽ പുതുതായി ആരംഭിച്ച ഐ-ലീഗ് ടീമായ റിയൽ കശ്മീർ എഫ്‌സിക്കുവേണ്ടി കളിച്ചു. റിയൽ കശ്മീർ എഫ്‌സിയിൽ മികച്ച പ്രകടനമാണു താരം നടത്തിയത്. ടീമിനായി കളിച്ച 19 മത്സരങ്ങളിൽനിന്നു മികച്ച സേവുകൾ നടത്തി ബിലാൽ ശ്രദ്ധ നേടിയിരുന്നു. ചർച്ചിൽ ബ്രദേഴ്‌സ് എഫ്സി, ഹിന്ദുസ്ഥാൻ എഫ്‌സി, മുഹമ്മദൻ എഫ്സി, എഫ്സി ബർദേസ്, സാൽഗോക്കർ എഫ്സി എന്നീ ടീമുകളിലും ഈ  24 വയസുകാരൻ മുൻപ് കളിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com