വേദനയിൽ പുളഞ്ഞ് എവർട്ടൻ താരം; പൊട്ടിക്കരഞ്ഞ് സൺ; ‘കണ്ണീർ’ ഞായർ
Mail This Article
ലിവർപൂള്‍∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ എവർട്ടൻ മിഡ്ഫീൽഡർ ആന്ദ്രെ ഗോമസിനേറ്റ ഗുരുതര പരുക്കിന്റെ ഞെട്ടൽ മാറാതെ ഫുട്ബോൾ ലോകം. ഞായറാഴ്ച ടോട്ടനം ഹോട്സ്പറിനെതിരെ നടന്ന മത്സരത്തിലാണ് എവർട്ടൻ താരത്തിനു ഗുരുതരമായി പരുക്കേറ്റത്. കണങ്കാലിനു പരുക്കേറ്റ ആന്ദ്രെ ഗോമസിന് ഇനി ഫുട്ബോൾ ഗ്രൗണ്ടിലേക്കു മടങ്ങിയെത്താനാകുമോയെന്ന കാര്യം സംശയമാണ്.
ടോട്ടനത്തിന്റെ ദക്ഷിണകൊറിയൻ സ്ട്രൈക്കർ സൺ ഹ്യുങ് മിന്നാണ് പോർച്ചുഗീസ് താരത്തെ ഫൗൾ ചെയ്തത്. ഇതിനു പിന്നാലെ ടോട്ടനം താരം സെർജ് ഓരിയറുമായി കൂട്ടിയിടിച്ചു ഗോമസിനു പരുക്കേറ്റു. ഒരു ടീമെന്ന നിലയില്‍ ഏറെ മോശം സമയമാണിതെന്ന് എവർട്ടൻ മാനേജർ മാർകോ സിൽവ പ്രതികരിച്ചു. ഫുട്ബോളിനെക്കാളും ഇപ്പോൾ ഏറെ പ്രധാനമാണ് ഗോമസിന്റെ പരുക്കെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ് ഗ്രൗണ്ടിൽ വീണു പിടഞ്ഞ ആന്ദ്രെ ഗോമസിനെ സ്ട്രെച്ചറിൽ കിടത്തിയാണു പുറത്തേക്കു കൊണ്ടുപോയത്. ഗോമസിന്റെ അവസ്ഥകണ്ടു മുഖംപൊത്തി കരഞ്ഞ സൺ ഹ്യുങ് മിന്നിന് തൊട്ടുപിന്നാലെ ചുവപ്പു കാർഡും ലഭിച്ചു.
ആന്ദ്രെ ഗോമസിന്റെ പരുക്കിൽ സണ്ണിന് ഏറെ ദുഃഖമുണ്ടായിരുന്നതായി ടോട്ടനം താരം ഡെലെ അലി പ്രതികരിച്ചു. അതു സണ്ണിന്റെ പിഴവായിരുന്നില്ല. നിങ്ങൾ കണ്ടതിൽ ഏറ്റവും മികച്ച വ്യക്തിയാണ് സൺ. ദുഃഖത്താൽ അദ്ദേഹത്തിനു തല ഉയർത്താൻ പോലും സാധിച്ചില്ല. അദ്ദേഹം ഒരുപാടു കരഞ്ഞു– അലി പറഞ്ഞു. 26 കാരനായ ആന്ദ്രെ ഗോമസ് ബാർസിലോനയുടെ മുൻ താരം കൂടിയാണ്. വലതുകാലിനു പരുക്കേറ്റ ആന്ദ്രെ ഗോമസിന് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് എവർട്ടൻ മാനേജ്മെന്റ് പിന്നാലെ അറിയിച്ചു.
ഗോമസിന്റെ കണങ്കാൽ ഒടിഞ്ഞ്, സ്ഥാനം തെറ്റിയ അവസ്ഥയിലാണെന്നാണു പരിശോധനയ്ക്കുശേഷം ഡോക്ടർമാർ വ്യക്തമാക്കിയത്. ഗോമസിന്റെ പരുക്കിൽ ഏറെ സങ്കടമുണ്ടെന്നു ടോട്ടനം മാനേജർ മൗറീഷ്യോ പൊച്ചെറ്റിനോ പ്രതികരിച്ചു. ഞങ്ങൾ അദ്ദേഹത്തോടു ക്ഷമ ചോദിക്കുകയാണ്. വളരെ മോശം അവസ്ഥയിലാണു ഞങ്ങൾ. മത്സരത്തിനിടെ ആന്ദ്രെ ഗോമസിന് ഗുരുതമായി പരുക്കേറ്റത് ദൗർഭാഗ്യകരമാണ്– അദ്ദേഹം പ്രതികരിച്ചു.
അതേസമയം ടോട്ടനം താരം സൺ ഹ്യുങ് മിന്നിനു ചുവപ്പുകാർഡ് ലഭിച്ച സംഭവം അംഗീകരിക്കാനാകില്ലെന്നും ടോട്ടനം മാനേജർ പറഞ്ഞു. വാർ സിസ്റ്റം റഫറിയെ സഹായിക്കാനുള്ളതാണ്. അതിന് എന്താണു സംഭവിച്ചതെന്ന് എനിക്കു മനസ്സിലാകുന്നില്ല. റഫറിയെ സഹായിക്കുന്നതിനു പകരം അതു കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണു ചെയ്തത്– മൗറീഷ്യോ പൊച്ചെറ്റിനോ വ്യക്തമാക്കി. ഞായറാഴ്ച നടന്ന ടോട്ടനം– എവർട്ടൻ പോരാട്ടം 1–1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.
English Summary: Andre Gomes suffers horror ankle injury