എക്സ്ട്രാ സമയത്ത് ഫിർമിനോയുടെ വിജയഗോൾ; ലിവർപൂളിന് ക്ലബ് ലോകകപ്പ്
Mail This Article
ദോഹ ∙ മത്സരത്തിന്റെ ഒന്നാം മിനിറ്റിലെ നഷ്ടത്തിന് 99–ാം മിനിറ്റിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ പരിഹാരം ചെയ്തു; അധിക സമയത്തേക്കു നീണ്ട ക്ലബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഫിർമിനോയുടെ ഒറ്റഗോളിൽ ബ്രസീലിയൻ ക്ലബ് ഫ്ലെമങ്കോയെ തോൽപിച്ച് യുർഗൻ ക്ലോപ്പിന്റെ ചെമ്പട കിരീടമുയർത്തി. ബോക്സിലേക്കു പറന്നുവന്ന സാദിയോ മാനെ, ഓടിയെത്തിയ ഫിർമിനോയ്ക്കു മറിച്ച പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി വലയ്ക്കുള്ളിലേക്ക്. മത്സരത്തിന്റെ 40–ാം സെക്കൻഡിൽ കിട്ടിയ മികച്ച ഗോൾ അവസരം ഫിർമിനോ പാഴാക്കിയിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല.
ഇൻജറി ടൈമിൽ (90+1) സാദിയോ മാനെയെ വീഴ്ത്തിയതിനു ലിവർപൂളിന് അനുകൂലമായി റഫറി പെനൽറ്റി വിളിച്ചെങ്കിലും വിഎആറിൽ തീരുമാനം മാറി. കളിയുടെ ആദ്യ10 മിനിറ്റിൽ ലിവർപൂളിന്റെ തുടരെത്തുടരെയുള്ള ആക്രമണത്തിൽ ഫ്ലെമങ്കോ ഇളകിയെങ്കിലും വീഴാതെ പിടിച്ചുനിന്നു. ബ്രസീൽ ക്ലബ് പതിയെപ്പതിയെ കളിയിലേക്കു തിരിച്ചെത്തി. സലായും ഫിർമിനോയും ഇരച്ചുകയറിയപ്പോൾ ഫ്ലെമങ്കോ തിരിച്ചടിച്ചത് ബ്രൂണോ ഹെൻറിക്കിന്റെ മികവിലാണ്. 77–ാം മിനിറ്റിൽ സലാ പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ലൂസേഴ്സ് ഫൈനലിൽ അൽഹിലാലിനെ കീഴടക്കി മെക്സിക്കോ ക്ലബ് മോൺടെറി 3–ാം സ്ഥാനം നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും 2 വീതം ഗോളുകൾ നേടി തുല്യത പാലിച്ചു. ഷൂട്ടൗട്ടിൽ മോൺടെറിയുടെ വിജയം 4–3ന്.
English Summary: Liverpool vs. Flamengo, FIFA Club World Cup final Live Updates