കൊറോണയെ നേരിടുന്നവർക്ക് ഹോട്ടലിൽ സൗജന്യതാമസം; മാതൃക നെവിൽ, ഗിഗ്സ്!
Mail This Article
ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ തുറന്നുകൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്ന ഗാരി നെവിലും റയാൻ ഗിഗ്സും. ‘ജിജി ഹോസ്പിറ്റാലിറ്റി’ എന്ന ബ്രാൻഡിനു കീഴിൽ മാഞ്ചസ്റ്ററിലുള്ള രണ്ടു ഹോട്ടലുകളാണ് ബുക്കിങ് പൂർണമായും നിർത്തിവച്ച് കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന നാഷനൽ ഹെൽത്ത് സർവീസിലെ (എൻഎച്ച്എസ്) ഡോക്ടർമാർക്കും നഴ്സുമാർക്കുമായി ഇവർ വിട്ടുകൊടുത്തത്. ലോക വ്യാപകമായി എല്ലാവരും പരസ്പരം സഹകരിക്കേണ്ട സമയമാണ് ഇതെന്ന് ഹോട്ടലിന്റെ സഹ ഉടമയായ നെവിൽ ചൂണ്ടിക്കാട്ടി. മാർച്ച് 22 മുതൽ ഈ ഹോട്ടലുകളിൽ ബുക്കിങ് ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹതാരങ്ങളായിരുന്ന വെയിൽസിൽനിന്നുള്ള റയാൻ ഗിഗ്സിനും ഇംഗ്ലിഷുകാരനായ ഗാരി നെവിലിനും പുറമെ സിംഗപ്പൂർ വ്യവസായിയായ പീറ്റർ ലിമിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് ജിജി ഹോസ്പിറ്റാലിറ്റി. ഈ ബ്രാൻഡിനു കീഴിൽ മാഞ്ചസ്റ്റർ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റോക് എക്സ്ചേഞ്ച് ഹോട്ടലും ഓൾഡ് ട്രാഫഡിലുള്ള ഹോട്ടൽ ഫുട്ബോളുമാണ് ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും താമസത്തിനായി സൗജന്യമായി വിട്ടുകൊടുത്തത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആരോഗ്യ വിഭാഗവുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഡോക്ടർമാർക്കും നഴ്സുമാർക്കുമായി ഇരു ഹോട്ടലുകളും സൗജന്യമായി വിട്ടുകൊടുക്കാൻ നെവിലും സംഘവും സമ്മതിച്ചത്. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നവരെന്ന നിലയിൽ ക്വാറന്റീനും ഐസലേഷനും ആവശ്യമുള്ളവർക്കാണ് ഇവിടെ സൗജന്യ താമസം ലഭിക്കുക. അതേസമയം, ഹോട്ടലിലെ ജീവനക്കാർ പതിവുപോലെ ഇവിടെ ജോലിക്കുണ്ടാകുമെന്നും ജീവനക്കാരുടെ സേവനം ഇവിടെ താമസിക്കുന്നവർക്ക് ലഭിക്കുമെന്നും നെവിൽ വ്യക്തമാക്കി.
നേരത്തെ, കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർഡക്കായി ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ചെൽസിയും സൗജന്യമായി ഹോട്ടൽ വിട്ടുകൊടുത്തിരുന്നു. ക്ലബ് ഉടമ റോമൻ അബ്രമോവിച്ചാണ് ലണ്ടനിൽ സ്റ്റാംഫഡ്ബ്രിജ് സ്റ്റേഡിയത്തിനു സമീപമുള്ള ഹോട്ടൽ രണ്ട് മാസത്തേക്ക് നാഷനൽ ഹെൽത്ത് സർവീസ് ജീവനക്കാർക്ക് താമസത്തിനായി സൗജന്യമായി വിട്ടുകൊടുത്തത്. ബ്രിട്ടനിൽ അതീവ ജാഗ്രതയോടെ മുഴുവൻ സമയവും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി ക്ലബ്ബിനു ചെയ്യാനാകുന്ന ചെറിയ സേവനമാണിതെന്ന് അബ്രമോവിച്ച് ചൂണ്ടിക്കാട്ടി.
അതേസമയം, പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടസ്ഥതയിലുള്ള ലിസ്ബണിലെ ‘സിആർ 7’ ഹോട്ടലുകൾ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് ആശുപത്രികളാക്കി മാറ്റുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പിന്നീട് ഹോട്ടൽ അധികൃതർ തന്നെ തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ടിൽനിന്ന് സ്ഥിരീകരണത്തോടെ സമാനമായ റിപ്പോർട്ട് പുറത്തുവരുന്നത്.
English Summary: Gar Neville and Ryan Giggs open hotels to nhs staff to help with coronavirus crisis