‘വൈറസിനെത്തേടി സ്ലാട്ടൻ വരുന്നു’; ഇറ്റലിക്കാരെ സഹായിക്കാൻ ഇബ്രാഹിമോവിച്ച്
Mail This Article
ടൂറിൻ∙ എതിരാളികളെ അവരുടെ മടയിൽച്ചെന്ന് ആക്രമിച്ചാണ് ഫുട്ബോൾ കളത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനു ശീലം. ആ ശീലം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും സ്വീഡിഷ് താരം കൈവിടുന്നില്ല. ‘വൈറസ് സ്ലാട്ടനെത്തേടി വരുന്നില്ലെങ്കിൽ, സ്ലാട്ടൻ വൈറസിനെത്തേടി വരുന്നുവെന്ന’ പ്രഖ്യാപനത്തോടെ കൊറോണ വൈറസ് ബാധയ്ക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് ഇറ്റാലിയൻ സെരി എയിൽ എസി മിലാന്റെ താരമായ ഇബ്രാഹിമോവിച്ച്. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാൻ ഫണ്ട് ശേഖരിക്കുകയാണ് കക്ഷി. തനിക്കൊപ്പം ചേരാൻ താൽപര്യമുള്ള എല്ലാ കായിക താരങ്ങളെയും ‘വൈറസിനെതിരായ പോരാട്ടത്തിലേക്ക്’ സ്ലാട്ടൻ ക്ഷണിക്കുകയും ചെയ്തു.
ഈ ഫണ്ട് ശേഖരണത്തിലേക്ക് തന്റെ വിഹിതമായി രണ്ടു തവണയായി 80 ലക്ഷത്തിലധികം രൂപയാണ് സ്ലാട്ടൻ സംഭാവന ചെയ്തത്. ചൈന കഴിഞ്ഞാൽ ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യമാണ് ഇറ്റലി. ഇവിടെ മാത്രമായി ഇതുവരെ മൂവായിരത്തോളം പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം ഇറ്റലിയിൽ 475 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഈ സാഹചര്യത്തിലാണ് ഇറ്റലിക്കാരെ സഹായിക്കാൻ ഫണ്ട് ശേഖരണവുമായി സ്ലാട്ടൻ രംഗത്തെത്തിയത്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽനിന്ന്:
എല്ലായ്പ്പോഴും എനിക്ക് വളരെയധികം നേട്ടങ്ങൾ സമ്മാനിച്ച ഇടമാണ് ഇറ്റലി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഈ നാടിന് കൂടുതലായി എന്തെങ്കിലും തിരികെ നൽകണമെന്ന് ആഗ്രഹിക്കുന്നു. എനിക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുമായി ചേർന്ന് ഹ്യുമാനിറ്റാസ് ഹോസ്പിറ്റൽസുമായി സഹകരിച്ച് ഒരു ഫണ്ട് ശേഖരണത്തിന് ഇവിടെ തുടക്കമിടുകയാണ്. വളരെ ഗൗരവതരമായൊരു പ്രശ്നമാണ് ഈ വൈറസ് ബാധ. വെറുമൊരു വിഡിയോ ഇട്ടുകൊണ്ട് അതു പരിഹരിക്കാനുമാകില്ല. എന്റെ സഹതാരങ്ങളുടെയും എല്ലാ പ്രഫഷനൽ അത്‌ലീറ്റുകളുടെയും ഉദാരമായ സംഭാവനകൾ ക്ഷണിക്കുകയാണ്. എല്ലാവരും അവർക്കാവുന്നതുപോലെ ചെറുതും വലുതമായ സംഭാവനകൾ നൽകി, ഈ വൈറസിനെ തൊഴിച്ചകറ്റാനുള്ള ഉദ്യമത്തിൽ പങ്കാളികളാകുമല്ലോ.
നമ്മുടെയൊക്കെ ജീവൻ രക്ഷിക്കാനായി അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആശുപത്രികളെയും സഹായിക്കാൻ ഇതിലും മികച്ച മാർഗമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കുവേണ്ട പിന്തുണ നൽകേണ്ടത് നമ്മളാണ്. നമുക്ക് ഒത്തുചേർന്ന് ഈ വൈറസ് ബാധയെ തൊഴിച്ചകറ്റി വിജയം നേടാം. ഒന്നോർക്കുക: വൈറസ് സ്ലാട്ടനെത്തേടി വരുന്നില്ലെങ്കിൽ, സ്ലാട്ടൻ ഇതാ വൈറസിനെ തേടി പോവുകയാണ്!
English Summary: Zlatan Ibrahimovic launches fundraisers to help fight coronavirus pandemic