റൊണാൾഡീഞ്ഞോ ജയിലിൽ ആശാരിപ്പണി പഠിക്കുന്നു; ഫുട്ബോൾ പഠിപ്പിക്കുന്നു!
Mail This Article
അസുൻസ്യോൻ∙ വ്യാജ പാസ്പോർട്ട് കേസിൽ പാരഗ്വായിൽ ജയിലിൽ കഴിയുന്ന ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞോ ജയിലിൽ ആശാരിപ്പണി പഠിക്കുന്നു! ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒഴിവുസമയത്ത് സഹതടവുകാർക്ക് ഫുട്ബോൾ പാഠങ്ങൾ പറഞ്ഞുകൊടുക്കാനും സൂപ്പർതാരം സമയം കണ്ടെത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരേയൊരു കാര്യം മാത്രം ജയിലിൽ താരത്തിന് അന്യമാണ്; സംഗീതം. സംഗീതോപകരണങ്ങളൊന്നും ജയിലിൽ അനുവദിക്കാത്തതിനാൽ പാട്ടും കച്ചേരിയുമൊന്നും നടക്കുന്നില്ലെന്നു ചുരുക്കം.
ഈ മാസം നാലിനാണ് പാരഗ്വായ് തലസ്ഥാനമായ അസുൻസ്യോനിലെ ആഡംബര ഹോട്ടലിൽനിന്ന് റൊണാൾഡീഞ്ഞോയെയും സഹോദരനും താരത്തിന്റെ ബിസിനസ് മാനേജരുമായ റോബർട്ടോ ഡി അസീസിനെയും വ്യാജ പാസ്പോർട്ടുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിനുശേഷം ജയിലിലടച്ച ഇരുവർക്കും അതിനുശേഷം പുറത്തിറങ്ങാനായിട്ടില്ല. പലതവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുതടങ്കലിലേക്കു മാറാനും ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. ജയിൽ വാസം മൂന്നാഴ്ച പൂർത്തിയാകാനിരിക്കെയാണ് ജയിൽചട്ടമനുസരിച്ച് താരം ആശാരിപ്പണി പഠിക്കുന്ന കാര്യം പുറത്തുവന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ 40–ാം ജന്മദിനവും ജയിലിലാണ് ആഘോഷിച്ചത്.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്ന താരത്തെ സഹതടവുകാർക്കും പ്രിയമാണെന്നാണ് റിപ്പോർട്ടുകൾ. ഇടയ്ക്ക് സഹതടവുകാർക്കൊപ്പം ജയിലിൽ ഫുട്സാൽ മത്സരം കളിക്കാനും താരം സന്നദ്ധനായി. ഇപ്പോഴും ദിവസേന ഫുട്ബോൾ കളിക്കാനും താൽപര്യമുള്ള സഹതടവുകാർക്ക് ഫുട്ബോള്‍ പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ താരം സമയം കണ്ടെത്തുന്നുണ്ട്. ഇവരിൽ ചില കടുത്ത ആരാധകർ വസ്ത്രത്തിലും തൊപ്പിയിലുമെല്ലാം സൂപ്പർതാരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്നതും പതിവുകാഴ്ചയാണത്രേ.
ജയിലിൽ റൊണാൾഡീഞ്ഞോയ്ക്കായി പ്രത്യേകം സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ടിവിയും ശീതീകരണ സംവിധാനവുമുള്ള സെല്ലിനുള്ളിൽ ഒറ്റയ്ക്കാണ് താരം താമസം. സഹോദരനും ഇതേ സംവിധാനങ്ങളോടെ തൊട്ടടുത്ത സെല്ലിലുണ്ട്. ബാത് റൂം സൗകര്യം മറ്റു ചില തടവുകാരുമായി പങ്കിടണം. സെല്ലിനുള്ളിൽത്തന്നെയാണ് താരം കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഫോൺവിളിക്കായി അനുവദിക്കുന്നതിൽ കൂടുതൽ സമയവും അമ്മയുമായി സംസാരിക്കും. അമ്മയുടെ കാര്യത്തിലാണ് താരത്തിന് ഏറ്റവും കൂടുതൽ ഉത്കണ്ഠയെന്നാണ് ജയിലിൽനിന്നുള്ള റിപ്പോർട്ടുകൾ.
English Summary: Ronaldinho Undergoes Training For Carpentry Amid Six-month Jail Term In Paraguay