ലൈംഗിക തൊഴിലാളികൾക്കൊപ്പം പാർട്ടി; ലോക്ഡൗൺ ലംഘിച്ച് സിറ്റി താരം കുടുങ്ങി
Mail This Article
ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ ദുരിതമനുഭവിക്കുമ്പോൾ, ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ ചട്ടങ്ങള്‍ ലംഘിച്ച് ലൈംഗിക തൊഴിലാളികളുമായി പാർട്ടി നടത്തിയ മാഞ്ചസ്റ്റർ സിറ്റിതാരം കൈൽ വോക്കർ വിവാദക്കുരുക്കിൽ. വിവാദ നടപടിയിൽ താരം ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ സിറ്റി അധികൃതർ രംഗത്തെത്തി. ഇതോടെ, വോക്കറിനെതിരെ അച്ചടക്ക നടപടിക്കും വഴിതെളിഞ്ഞു. രാജ്യമൊന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ വോക്കറിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തി ശരിയായില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ലോക്ഡൗൺ ചട്ടങ്ങൾ കാറ്റിൽപ്പറത്തി വോക്കർ ചെഷയറിലെ തന്റെ വസതിയിൽ പാർട്ടി നടത്തിയ വിവരം ബ്രിട്ടനിലെ സൺ ദിനപ്പത്രമാണ് പുറത്തുവിട്ടത്. വാൽക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പണം നൽകി രണ്ട് ലൈംഗിക തൊഴിലാളികളെ വീട്ടിലെത്തിച്ചെന്നാണ് സൺ റിപ്പോർട്ട് ചെയ്തത്. ക്രിമിനോളജി വിദ്യാർഥി കൂടിയായ 21കാരി എസ്കോർട്ട് ലൂയിസ്, 24 വയസ്സുള്ള ഒരു ബ്രസീലുകാരി എന്നിവരാണ് വോക്കറിന്റെ ഫ്ലാറ്റിലെത്തിയത്. രാത്രി 10.30ന് എത്തിയ ഇരുവരും പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെനിന്ന് മടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. അവിടെവച്ച് ലൂയിസ് പകർത്തിയ വോക്കറിന്റെ അടിവസ്ത്രം മാത്രം ധരിച്ചുള്ള ചിത്രവും സൺ പ്രസിദ്ധീകരിച്ചു.
ഈ സംഭവത്തിനു തൊട്ടുമുൻപ് ലോക്ഡൗണിൽ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വോക്കർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ ‘ബോധവൽക്കരിച്ചിരുന്നു’. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഇരുപത്തൊൻപതുകാരനായ വോക്കർ രംഗത്തെത്തി. ‘കഴിഞ്ഞയാഴ്ച എന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നടപടി ഇന്നത്തെ ഒരു ടാബ്ലോയ്ഡ് പത്രത്തിൽ എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കഥകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു’ – പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിൽ വോക്കർ വ്യക്തമാക്കി.
‘ഒരു പ്രഫഷനൽ ഫുട്ബോൾ താരമെന്ന നിലയിൽ സമൂഹത്തിനു മാതൃകയാകേണ്ടത് എന്റെ കർത്തവ്യമാണെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതിന് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഫുട്ബോൾ ക്ലബ്ബിനോടും എന്നെ പിന്തുണയ്ക്കുന്നവരോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു’ – വോക്കർ എഴുതി.
‘ഈ സന്ദിഗ്ധ ഘട്ടത്തിൽ സമൂഹമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുന്ന യഥാർഥ നായകൻമാർ ഒരുപാടുണ്ട്. അവരെ പിന്തുണയ്ക്കാനും ജീവൻ പോലും പണയം വച്ചുള്ള അവരുടെ പ്രവർത്തനങ്ങളെ സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുമുള്ള ഉദ്യമങ്ങളിലായിരുന്നു കഴിഞ്ഞ ഒരാഴ്ച ഞാൻ. പക്ഷേ എന്റെ ഈ പ്രവർത്തി ഇതുവരെ ഞാൻ ചെയ്തുവന്ന കാര്യങ്ങളോടു നീതിപുലർത്തുന്നില്ല എന്ന് മനസ്സിലാക്കുന്നു. എങ്കിലും ഒരു കാര്യം ആവർത്തിച്ച് പറയട്ടെ: എല്ലാവരും വീടുകളിൽ തുടരുക, സുരക്ഷിതരായിരിക്കുക’ – വോക്കർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
English Summary: Manchester City conduct investigation over Kyle Walker's alleged party with sex workers during coronavirus lockdown