25ൽ 23 താരങ്ങൾക്ക് കോവിഡ് ലക്ഷണമെന്ന് വെളിപ്പെടുത്തൽ; ലുക്കാകു മാപ്പുപറഞ്ഞു
Mail This Article
മിലാൻ∙ ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽത്തന്നെ ഇന്റർ മിലാനിലെ 25 താരങ്ങളിൽ 23 പേർക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന വിവാദ പരാമർശത്തിൽ ഇന്ററിന്റെ ബൽജിയം താരം റൊമേലു ലുക്കാകു മാപ്പുപറഞ്ഞു. ജനുവരിയിൽത്തന്നെ ഇന്റർ മിലാൻ താരങ്ങളിൽ 23 പേർക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഒരു ബൽജിയം ചാനലിന്റെ പ്രതിനിധിയുമായി ഇന്‍സ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിലാണ് ലുക്കാകു വെളിപ്പെടുത്തിയത്. അന്ന് വ്യക്തമായ പരിശോധന നടത്താതിരുന്നതിനാൽ ആർക്കൊക്കെ വൈറസ് ബാധിച്ചെന്ന കാര്യം വ്യക്തമല്ലെന്നും ലുക്കാകു പറഞ്ഞിരുന്നു.
യൂറോപ്പിൽ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച രാജ്യമാണ് ഇറ്റലി. ഇതുവരെ കാൽ ലക്ഷത്തിലധികം പേരാണ് അവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
എന്നാൽ, വിവാദ പരാമർശത്തിന്റെ പേരിൽ ക്ലബ് ലുക്കാകുവിനെ താക്കീതു ചെയ്തതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് താരം ക്ലബ്ബിനോടു ക്ഷമാപണം നടത്തിയത്. അപ്രതീക്ഷിതമായി ബൽജിയത്തിലെ ചാനൽ പ്രതിനിധിയായ കാറ്റ് കെർക്ഹോഫ്സിനോട് ലുക്കാക്കു നടത്തിയ പരാമർശം ക്ലബ് വൃത്തങ്ങളിൽ ഞെട്ടലുളവാക്കിയിരുന്നു. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെയാണ് ടീം കളിച്ചതെന്ന തരത്തിൽ വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത തെളിഞ്ഞതോടെയാണ് ക്ലബ് താരത്തെ താക്കീതു ചെയ്തത്. ഏതാണ്ട് മുഴുവൻ ടീമുമായി ജനുവരി വരെയുള്ള മത്സരങ്ങൾ പൂർത്തിയാക്കിയ ടീമാണ് ഇന്റർ മിലാൻ. ബൽജിയം ചാനൽ പ്രതിനിധിയുമായുള്ള ലൈവ് ചാറ്റിൽ ലുക്കാകുവിന്റെ പരാമർശങ്ങൾ ഇങ്ങനെ:
‘ഡിസംബറിൽ ഒരാഴ്ച ഞങ്ങൾക്ക് മത്സരത്തിനിടെ ഇടവേളയുണ്ടായിരുന്നു. അതിനുശേഷം മത്സരങ്ങൾക്കായി ടീം വീണ്ടും ഒരുമിച്ചപ്പോൾ 25 താരങ്ങളിൽ 23 പേര്‍ക്കും തീർത്തും ക്ഷീണമായിരുന്നു. ഇതു ഞാൻ തമാശ പറയുന്നതല്ല. രാജാ നയിംഗോളന്റെ (ഇറ്റലിയിൽ കളിക്കുന്ന മറ്റൊരു ബൽജിയം താരം) കാഗ്ലിയാരിയുമായിട്ടായിരുന്നു അതിനുശേഷം ഞങ്ങളുടെ അടുത്ത മത്സരം. ഈ മത്സരം ആരംഭിച്ച് 25 മിനിറ്റിനകം ഞങ്ങളുടെ ഡിഫൻഡർമാരിലൊരാൾ (മിലാൻ സ്ക്രീനിയർ) കളി തുടരാനാകാതെ കളം വിട്ടു. അദ്ദേഹം ഏറെക്കുറെ ബോധം മറഞ്ഞ നിലയിലായിരുന്നു’ – ലുക്കാകു പറഞ്ഞു.
‘എല്ലാവരും ക്ഷീണിതരായിരുന്നു. മിക്കവര്‍ക്കും ചുമയും പനിയും ബാധിച്ചു. പരിശീലന സമയത്ത് എനിക്കും ശരീരത്തിൽ പതിവിലുമധികം ചൂടു തോന്നി. വർഷങ്ങളായി ഒരു പനി പോലും ബാധിച്ചിട്ടില്ലാത്തയാളാണ് ഞാൻ. മത്സരത്തിനുശേഷം പ്യൂമയിൽനിന്നുള്ള അതിഥികളുമൊത്ത് മുൻകൂട്ടി നിശ്ചയിച്ചിരുന്ന അത്താഴവിരുന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ അതിഥികളെ കണ്ടശേഷം ഭക്ഷണത്തിനു നിൽക്കാതെ ഉറങ്ങാൻ പോയി. അത്രയ്ക്കു ക്ഷീണമായിരുന്നു. ഞങ്ങളൊരിക്കലും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായില്ല. അന്ന് വൈറസ് ബാധിച്ചിരുന്നോ എന്നും ഉറപ്പില്ല’ – ലുക്കാകു പറഞ്ഞു.
English Summary: Romelu Lukaku has apologised to Inter Milan after claiming that 23 out of 25 players had suffered coronavirus symptoms in January