ADVERTISEMENT

അസുൻസ്യോൻ∙ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ആ അറസ്റ്റ് നടന്നിട്ട് രണ്ടു മാസത്തോളമെത്തുമ്പോൾ, ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം റൊണാൾഡീഞ്ഞോ മാധ്യമങ്ങൾക്കു മുന്നിൽ ആദ്യമായി മൗനം വെടിയുന്നു. വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ കടന്നതിന്റെ പേരിൽ അറസ്റ്റിലായ റൊണാൾഡീഞ്ഞോ ഒരു മാസത്തിലധികം ജയിലിലായിരുന്നു. പിന്നീട് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൻതുക ജാമ്യം കെട്ടിവച്ച് താരത്തെ പാരഗ്വായ് കോടതി വീട്ടുതടങ്കലിലേക്കു മാറ്റി. ഇപ്പോള്‍, അസുൻസ്യോണിലെ ആഡംബര ഹോട്ടലിൽ വീട്ടുതടങ്കലിലാണ് അദ്ദേഹം. കൂടെ സമാന കുറ്റത്തിൽ പ്രതി ചേർക്കപ്പെട്ട മൂത്ത സഹോദരൻ റോബർട്ടോ അസീസുമുണ്ട്.

വീട്ടുതടങ്കലിൽവച്ച് പാരഗ്വായിലെ ടെലിവിഷൻ നെറ്റ്‌വർക്കായ എബിസി കളറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അറസ്റ്റിനെക്കുറിച്ച് ആദ്യമായി റൊണാൾഡീഞ്ഞോ പ്രതികരിച്ചത്. അറസ്റ്റിനു കാരണമായ വ്യാജ പാസ്പോർട്ട് തന്നെയും അദ്ഭുതപ്പെടുത്തിയെന്നായിരുന്നു റൊണാൾഡീഞ്ഞോയുടെ ആദ്യ പ്രതികരണം. താരം വഞ്ചിക്കപ്പെട്ടതാണെന്നും കൈവശമുള്ളത് വ്യാജ പാസ്പോർട്ടാണെന്ന് അറിയില്ലായിരുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം ശരിവയ്ക്കുന്നതാണ് റൊണാൾഡീഞ്ഞോയുടെ വെളിപ്പെടുത്തൽ. ഒരു ഓൺലൈൻ കാസിനോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് താൻ പാരഗ്വായിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘കൈവശമുള്ള യാത്രാരേഖകൾ വ്യാജമാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾത്തന്നെ അതിശയിച്ചുപോയി. അന്നു മുതൽ ഇന്നുവരെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിന് ഇവിടുത്തെ നിയമവ്യവസ്ഥയുമായി ഞങ്ങൾ സഹകരിച്ചുവരികയാണ്. ഞങ്ങളോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അറിയാവുന്നതെല്ലാംവച്ച് മറുപടി നൽകിയിട്ടുണ്ട്. അന്വേഷകർ ആവശ്യപ്പെട്ട എല്ലാ സഹായവും അവർക്കു ചെയ്തുകൊടുത്തിട്ടുമുണ്ട്’ – റൊണാൾഡീഞ്ഞോ പറഞ്ഞു.

ആദ്യമായി ജലിയിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിന് റൊണാൾഡീഞ്ഞോയുടെ മറുപടി ഇങ്ങനെ: ‘കനത്ത തിരിച്ചടിയായിരുന്നു അത്. ഇത്തരം സാഹചര്യങ്ങളിലൂടെ ജീവിതത്തിലെന്നെങ്കിലും കടന്നുപോകേണ്ടി വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. എന്റെ പ്രഫഷനൽ ജീവിതത്തിൽ ഏറ്റവും ഉയരങ്ങളിലെത്താനും ആളുകളെ എന്റെ ഫുട്ബോൾ കളിയിലൂടെ സന്തോഷിപ്പിക്കാനും മാത്രമേ ഇന്നുവരെ ശ്രമിച്ചിട്ടുള്ളൂ’ – റൊണാൾഡീഞ്ഞോ പറഞ്ഞു.

ജയിലിലും ഫുട്ബോൾ പരിശീലിക്കാൻ ഇഷ്ടംപോലെ സമയം ലഭിച്ചിരുന്നെന്ന് റൊണാൾഡീഞ്ഞോ വെളിപ്പെടുത്തി. കനത്ത സുരക്ഷാ വലയത്തിലുള്ള ജയിലിൽ ഓട്ടോഗ്രോഫിനായിപ്പോലും ആളുകൾ തടഞ്ഞുനിർത്തിയിരുന്നു. മനഃപൂർവമല്ലാത്ത തെറ്റിന്റെ പേരിൽ കുറ്റവാളിയാക്കപ്പെടുകയും ജയിലിൽ കഴിയുകയും ചെയ്യേണ്ടിവന്നെങ്കിലും പാരഗ്വായോട് ഒരുകാലത്തും ദേഷ്യം തോന്നിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മതവിശ്വാസവും ഈ പ്രതിസന്ധി ഘട്ടത്തിൽ തുണയായെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘ഇവിടെയെത്തിയ ആദ്യ ദിനം മുതൽ പാരഗ്വായിലെ ജനങ്ങളുടെ സ്നേഹവും വാത്സല്യവും ബഹുമാനവും ഞാൻ അനുഭവിക്കുകയാണ്. ഈ സ്നേഹത്തിന് എല്ലാവർക്കും നന്ദി. എനിക്ക് എന്റെതായ വിശ്വാസങ്ങളുണ്ട്. എല്ലാം നന്നായി പോകണമെന്നാണ് എക്കാലവും ആഗ്രഹിച്ചിട്ടുള്ളത്. ഇതും നന്നായി വരുമെന്ന് കരുതുന്നു’ – അദ്ദേഹം പറഞ്ഞു. മോചനം ലഭിച്ചാൽ ആദ്യം തന്നെ അമ്മയെ കണ്ട് കെട്ടിപ്പിടിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി.

∙ മാർച്ച് നാലിന് അറസ്റ്റിൽ, പിന്നെ ജയിൽ

2020 മാർച്ച് നാലിനാണ് പാരഗ്വായ് തലസ്ഥാനമായ അസുൻസ്യോനിലെ ആഡംബര ഹോട്ടലിൽനിന്ന് റൊണാൾ‍‍ഡീഞ്ഞോയെയും സഹോദരനും താരത്തിന്റെ ബിസിനസ് മാനേജരുമായ റോബർട്ടോ ഡി അസീസിനെയും വ്യാജ പാസ്പോർട്ടുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിനുശേഷം ജയിലിലടച്ച ഇരുവർക്കും അതിനുശേഷം പുറത്തിറങ്ങാനായിരുന്നില്ല. പലതവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുതടങ്കലിലേക്കു മാറാനും ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ, ജയിലിലെ ചട്ടമനുസരിച്ച് റൊണാൾഡീഞ്ഞോ അവിടെ മരപ്പണി പഠിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. താരത്തിന്റെ 40–ാം ജന്മദിനവും ജയിലിലാണ് ആഘോഷിച്ചത്.

ഒരു മാസത്തെ ജയിൽവാസത്തിനൊടുവിൽ കൊറോണ വൈറസ് വ്യാപനം തീർത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സൂപ്പർതാരത്തെയും സഹോദരനെയും പാരഗ്വായ് കോടതി ജയിലിൽനിന്ന് മോചിപ്പിച്ചത്. അറസ്റ്റിലായതുമുതൽ ഇരുവരും വിചാരണത്തടവുകാരായാണ് ജയിലിൽ കഴിഞ്ഞിരുന്നത്. വിചാരണ പൂർത്തിയാകുന്നതുവരെ ഇരുവരുടെയും ജയിൽവാസം വീട്ടുതടങ്കലാക്കിയാണ് കോടതി ഇളവു ചെയ്തത്. റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും അഭിഭാഷകർ ജാമ്യത്തുകയായി 1.4 മില്യൻ യുഎസ് ഡോളറാണ് കോടതിയിൽ കെട്ടിവച്ചത്. ഇത് 12 കോടി ഇന്ത്യൻ രൂപയിലധികം വരും. ഇരുവരും മുൻപു താമസിച്ചിരുന്ന അസുൻസ്യോണിലെ ആഡംബര ഹോട്ടലായ പാൽമരോഗയിലാണ് ഇപ്പോഴുള്ളത്. ഇവിടെപ്പോയി താരത്തെ നേരിട്ടു കണ്ടാണ് അഭിമുഖം നടത്തിയതെന്നാണ് പാരഗ്വായ് ചാനൽ അറിയിച്ചത്.

English Summary: 'I never imagined I would go through such a situation' - Ronaldinho gives first interview since being arrested in Paraguay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com