ഛേത്രിക്കു ശേഷം സഹൽ ഇന്ത്യയുടെ സൂപ്പർതാരമാകും: പ്രവചനവുമായി ബൂട്ടിയ
Mail This Article
കൊൽക്കത്ത∙ സുനിൽ ഛേത്രിക്കു ശേഷം ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർതാരം മലയാളി യുവതാരം സഹൽ അബ്ദുൽ സമദായിരിക്കുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഇൻസ്റ്റഗ്രാം പേജിലെ ലൈവ് ചാറ്റിനിടെയാണ് സഹൽ ഇന്ത്യയുടെ അടുത്ത സൂപ്പർതാരമായി മാറുമെന്ന് ബൂട്ടിയ പ്രവചിച്ചത്. സുനിൽ ഛേത്രി വിരമിച്ചുകഴിയുമ്പോൾ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവും സഹലായിരിക്കുമെന്ന് ബൂട്ടിയ പ്രവചിച്ചു. 2019ലെ കിങ്സ് കപ്പിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ കേരളാ ബ്ലാസ്റ്റേഴ്സ് താരമായ സഹൽ, ഡ്രിബ്ലിങ് മികവിലൂടെയും പാസിങ് ഗെയിമിലൂടെയും പരിശീലകൻ ഇഗോർ സ്റ്റിമാച്ച്, സുനിൽ ഛേത്രി തുടങ്ങിയവരുടെ പ്രശംസ നേടിയിരുന്നു.
‘ഗോളുകൾ നേടുന്ന കാര്യത്തിൽ സുനിൽ ഛേത്രിക്കു ശേഷം ഇന്ത്യയുടെ പ്രധാന താരമായി സഹൽ അബ്ദുൽ സമദ് മാറും. അറ്റാക്കിങ് മിഡ് ഫീൽഡർ എന്ന നിലയിലാണ് സഹൽ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാട്ടിയാൽ സഹലിന്റെ ബൂട്ടിൽനിന്ന് ഗോളുകളൊഴുകും’ – ബൂട്ടിയ അഭിപ്രായപ്പെട്ടു.
‘ഗോളടിച്ചു തുടങ്ങിക്കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷറായി സഹൽ മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. സുനിൽ ഛേത്രിയുടെ സ്ഥാനത്ത് ഇന്ത്യയ്ക്ക് അനായാസം പ്രതിഷ്ഠിക്കാവുന്ന താരമായി അയാൾ മാറും. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയാണ് സഹൽ എന്ന കാര്യവും തീർച്ചയാണ്’ – ബൂട്ടിയ പറഞ്ഞു.
2016–17 സീസണിലെ സന്തോഷ് ട്രോഫി ടൂർണമെന്റിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെയാണ് സഹൽ ആരാധകരുടെ ശ്രദ്ധയിലെത്തുന്നത്. സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് സഹലിനെ ടീമിൽ ഉൾപ്പെടുത്തി. ആദ്യ സീസണിൽ തകർത്തുകളിച്ച സഹൽ ഐഎസ്എല്ലിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം, ഇന്ത്യയിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടി.
English Summary: Sahal to be next big scorer after Chhetri retires: Bhutia