ലെവൻ പുലിയാണ്; ലെവൻഡോവ്സ്കിക്ക് ഇരട്ടഗോൾ; ബയണിന് ജയം
Mail This Article
മ്യൂണിക്ക് ∙ ജർമനിയിലെ ബുന്ദസ് ലിഗ ഫുട്ബോളിൽ തുരുതുരാ ഗോളടിച്ചു നടന്ന ബയൺ മ്യൂണിക്ക് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്കു മുന്നിൽ മതിലു പോലെ നിന്ന ഒരേയൊരു ടീമേ ഉണ്ടായിരുന്നുള്ളൂ– ഫോർച്യുണ ദസ്സൽഡോർഫ്. പക്ഷേ അഞ്ച് ലീഗ് മൽസരങ്ങളിൽ തന്നെ ചെറുത്ത ഫോർച്യുണയ്ക്കെതിരെ ശനിയാഴ്ച രാത്രി പോളണ്ട് താരം അടിച്ചു കയറ്റിയത് രണ്ടു ഗോളുകൾ. ലെവൻഡോവ്സ്കിയുടെ മികവിൽ 5–0നു ജയിച്ച ബയൺ കിരീടത്തോട് ഏറെക്കുറെ അടുത്തു– അഞ്ചു മൽസരങ്ങൾ ശേഷിക്കെ ഒന്നാം സ്ഥാനത്ത് ലീഡ് 10 പോയിന്റ്. തുടർച്ചയായ എട്ടാം ലീഗ് കിരീടമാണ് ബയൺ ലക്ഷ്യമിടുന്നത്.
15–ാം മിനിറ്റിൽ ബയണിന്റെ ഫ്രഞ്ച് താരം ബെഞ്ചമിൻ പവാദിന്റെ ഷോട്ട് അറിയാതെ ഗോളിലേക്കു തിരിച്ചു വിട്ട് ഫോർച്യുണ താരം മാത്തിയാസ് ജോർജെൻസനാണ് ബയണിന് അക്കൗണ്ട് തുറന്നു നൽകിയത്. 29–ാം മിനിറ്റിൽ പവാർദ് തന്നെ ബയണിന്റെ രണ്ടാം ഗോൾ നേടി. ഇടവേളയ്ക്കു തൊട്ടു മുൻപ് 43–ാം മിനിറ്റിൽ ആദ്യഗോൾ നേടിയ ലെവൻഡോവ്സ്കി ശേഷം 50–ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. രണ്ടു മിനിറ്റിനകം അൽഫോൺസോ ഡേവിസ് ബയണിന്റെ അഞ്ചാം ഗോളും നേടി.
ഫോർച്യുണയ്ക്കെതിരെയും ലക്ഷ്യം കണ്ടതോടെ ബുന്ദസ്‌ലിഗയിൽ നിലവിൽ കളിക്കുന്ന എല്ലാ ടീമുകൾക്കെതിരെയും ഗോളടിച്ചു എന്ന നേട്ടവും ലെവൻഡോവ്സ്കിയെ തേടിയെത്തി.