ADVERTISEMENT

ടൂറിൻ ∙ ആളു കൂടിയാലേ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊരു ആവേശമുള്ളൂ! പോർച്ചുഗൽ സൂപ്പർ താരം പെനൽറ്റി കിക്ക് നഷ്ടമാക്കിയ മത്സരത്തിൽ എസി മിലാനോടു ഗോളില്ലാ സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ എവേ ഗോൾ ബലത്തിൽ യുവെന്റസ് ഇറ്റാലിയൻ കപ്പ് ഫൈനലിൽ കടന്നു. മിലാനിൽ നടന്ന സെമിഫൈനൽ ആദ്യപാദം 1–1 സമനിലയായിരുന്നു. അന്ന് ഇൻജറി ടൈമിൽ പെനൽറ്റിയിലൂടെ ഗോൾ നേടിയതു റൊണാൾഡോ തന്നെ. നാപ്പോളി–ഇന്റർ മിലാൻ സെമി വിജയികളെ ബുധനാഴ്ച റോമിൽ നടക്കുന്ന ഫൈനലിൽ യുവെ നേരിടും. 

മാസങ്ങളോളം കളിക്കളത്തിൽനിന്നു വിട്ടുനിന്നതിന്റെ ക്ഷീണം യുവെയെയും മിലാനെയും ബാധിച്ച മത്സരത്തിൽ മികച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ ഇരുടീമുകൾക്കുമായില്ല. കോവിഡ് നിയന്ത്രണങ്ങൾമൂലം മുന്നൂറോളം പേർ മാത്രമാണു സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

15–ാം മിനിറ്റിൽ യുവെയ്ക്ക് അനുകൂലമായി പെനൽറ്റി കിക്ക് ലഭിച്ചപ്പോഴാണു സ്റ്റേഡിയത്തിലെ നിശ്ശബ്ദത കുറച്ചെങ്കിലും ഭേദിക്കപ്പെട്ടത്. മിലാൻ താരം ആൻഡ്രിയ കോണ്ടിയുടെ കയ്യിൽ പന്തുതട്ടിയതു വിഡിയോ റിവ്യു ചെയ്തതിനു ശേഷമാണു റഫറി പെനൽറ്റി അനുവദിച്ചത്. എന്നാൽ, യുവെ ബെഞ്ചിലെ ആരവങ്ങൾ നീണ്ടതു നിമിഷങ്ങൾ മാത്രം. ക്രിസ്റ്റ്യാനോയുടെ കിക്ക് നേരെ ഇടതുപോസ്റ്റിന്റെ താഴെത്തട്ടി തെറിച്ചു. 

എന്നാൽ, പിന്നാലെ യുവെ താരങ്ങൾക്ക് ആഘോഷിക്കാനുള്ള അവസരം കിട്ടി. ആദ്യപാദത്തിൽ മിലാന്റെ ഗോൾ നേടിയ ആന്റെ റെബിച്, ഡാനിലോയെ ഫൗൾ ചെയ്തതിന് ചുവപ്പു കാർഡ് കണ്ട് പുറത്ത്. ‌വിലക്കുമൂലം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ നേരത്തേ നഷ്ടമായ മിലാന് അതോടെ ഗോളടിക്കാൻ ആളില്ലാത്ത അവസ്ഥയിലായി. 

∙ 70 ദിവസം ഒന്നും ചെയ്യാതെ സോഫയിൽ ഇരുന്നതിനു ശേഷമാണു കളിക്കാർ മൈതാനത്തിറങ്ങിയത്. ശരീരവും മനസ്സും മടി പിടിച്ചിട്ടുണ്ടാകാം. എന്നിട്ടും ഫൈനലിലെത്താനായി എന്നതു സന്തോഷിപ്പിക്കുന്നു.

–മൗറീഷ്യോ സാറി, യുവെന്റസ് പരിശീലകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com