വിഡിച്ച്: 15 ന്റെ മൊഞ്ച്
Mail This Article
ഇന്ത്യൻ പ്രതിരോധനിരയിലെ സൂപ്പർ സ്റ്റാർ അനസ് എടത്തൊടിക തന്റെ ഇഷ്ട ഫുട്ബോൾ താരത്തെക്കുറിച്ചു പറയുന്നു
എന്റെ ജഴ്സി നമ്പർ 15. വാഹനങ്ങളുടെ നമ്പറും 15. തിരഞ്ഞെടുക്കാവുന്ന പല അക്കങ്ങളുണ്ടായിട്ടും ഞാൻ 15ൽ ഉറച്ചുനിൽക്കുന്നത് ഒറ്റക്കാര്യം കൊണ്ടുമാത്രം. ‘നെമാന്യ വിഡിച്ച്’ എന്ന എന്റെ പ്രിയ താരത്തിന്റെ ജഴ്സി നമ്പറാണത്. 15–ാം നമ്പർ ജഴ്സി ഒട്ടും കിട്ടിയില്ലെങ്കിൽ 30, 45 എന്നിങ്ങനെയേ ഞാൻ തിരഞ്ഞെടുക്കൂ. 15ന്റെ ഗുണിതങ്ങൾക്കൊപ്പം ആ സെർബിയൻ കാവൽവീര്യവും പകർന്നു കിട്ടുമെന്നുള്ള പ്രതീക്ഷയാണ് അതിനു പിന്നിൽ. ഇപ്പോഴും ഓരോ മത്സരത്തിനു മുൻപും ഒരു 10 മിനിറ്റ് ഞാൻ മാറ്റിവയ്ക്കും. യുട്യൂബിൽ വിഡിച്ചിന്റെ വിഡിയോ കാണും. ആ വീറും വാശിയും കാണുമ്പോൾ കിട്ടുന്ന ഊർജം മതി മൈതാനത്തു മരിച്ചു കളിക്കാൻ.
കമാൻഡർ
ചോര പുരണ്ടല്ലാതെ ഈ സെന്റർ ബാക്കിനെ മൈതാനത്തു കാണാനാവില്ല. മുറിവു പറ്റാത്ത ഒരു ഭാഗവും ആ ശരീരത്തിലുണ്ടാകില്ല. പക്ഷേ, തല പോയാലും പന്ത് വല കടക്കില്ല. ഒരു മത്സരത്തിൽ സ്ട്രൈക്കറുടെ കാലിലേക്കു തല വച്ചാണ് വിഡിച്ച് ഗോൾ തടഞ്ഞത്. മൂക്കിൽനിന്നും വായിൽനിന്നുമെല്ലാം ചോര ചീറ്റിയൊഴുകി. മത്സരശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ‘മൂക്കു വേണമെങ്കിൽ മാറ്റിവയ്ക്കാം, ഗോൾ വീണാൽ അതു മായ്ച്ചു കളയാനാകില്ല’.
നോ നോൺസെൻസ്
കട്ടയ്ക്കു നിൽക്കുന്ന അയ്യപ്പനും കോശിയും പോലെയായിരുന്നു ചെൽസിയുടെ ദിദിയെ ദ്രോഗ്ബയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഡിച്ചും തമ്മിലുള്ള മത്സര നിമിഷങ്ങൾ. ഇരുവരുടെയും സുവർണകാലം കൂടിയായിരുന്നു അത്. വിഡിച്ച് ഏറ്റവും ഗംഭീര പോരാട്ടങ്ങൾ നടത്തിയിട്ടുള്ളതും ഒരുപക്ഷേ, ദ്രോഗ്ബയ്ക്ക് എതിരായിട്ടായിരിക്കും. വലുപ്പവും കരുത്തും ദ്രോഗ്ബയ്ക്കു തന്നെക്കാൾ കൂടുതലാണെന്നറിഞ്ഞിട്ടും ഒരിഞ്ചു വിട്ടുകൊടുക്കാൻ വിഡിച്ച് തയാറായിട്ടില്ല. ‘കാട്ടാനയ്ക്കെതിരെ നിന്നു ചീറുന്ന ഒരു പുലിയുടെ ശൗര്യം’ ആ നിമിഷങ്ങളിൽ നമുക്കു കാണാനാകും. ടീമിനുവേണ്ടി മരിച്ചുകളിക്കാനുള്ള മനസ്സുണ്ടായിരിക്കണം എന്നതാണ് വിഡിച്ച് എന്നെ പഠിപ്പിച്ചത്. എന്റെ ജീവിതത്തിന്റെ ‘ഡിഫൻസ്’ ഒരാളെ ഏൽപിക്കാമെന്നു പറഞ്ഞാൽ, ഞാൻ തിരഞ്ഞെടുക്കുക അദ്ദേഹത്തെത്തന്നെയായിരിക്കും.
തയാറാക്കിയത്: സജേഷ് കരണാട്ടുകര