ക്രിസ്റ്റ്യാനോ കിടുക്കി; സീരി എയിൽ ഏറ്റവുമധികം ഗോൾ നേടുന്ന പോർച്ചുഗീസ് താരം
Mail This Article
ബൊളോന ∙ ഒരിക്കൽക്കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പെനൽറ്റി പിഴച്ചില്ല. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ, ബൊളോനയ്ക്കെതിരെ ആദ്യപകുതിയിൽ പെനൽറ്റി ഗോളാക്കിയ ക്രിസ്റ്റ്യാനോ യുവെന്റസിനെയും കോച്ച് മൗറീഷ്യോ സാറിയെയും രക്ഷിച്ചു. 23–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയും രണ്ടാം പകുതിയിൽ പൗലോ ഡിബാലയും നേടിയ ഗോളുകളിൽ യുവെന്റസിന് 2–0 വിജയം.
ഈ ഗോളോടെ സീരി എയിൽ ഏറ്റവുമധികം ഗോൾ നേടുന്ന പോർച്ചുഗീസ് താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. എട്ടു വർഷത്തോളം ഇറ്റാലിയൻ ലീഗിൽ കളിച്ച റൂയി കോസ്റ്റയുടെ 42 ഗോളുകളുടെ റെക്കോർഡാണ് ക്രിസ്റ്റ്യാനോ കേവലം 2 സീസൺ കൊണ്ടു തിരുത്തിയത് (43 ഗോൾ). ഈ സീസണിലെ ക്രിസ്റ്റ്യാനോയുടെ 22–ാം ലീഗ് ഗോളുമായി ഇത്.
കോപ്പ ഇറ്റാലിയ സെമിഫൈനലിൽ എസി മിലാനെതിരെ ക്രിസ്റ്റ്യാനോ പെനൽറ്റി നഷ്ടമാക്കിയതു ടീമിനു തിരിച്ചടിയായിരുന്നു. ഫൈനലിൽ നാപ്പോളിയോടു പരാജയപ്പെട്ടതോടെ കോച്ച് സാറി ഉൾപ്പെടെയുള്ളർ വിമർശനം കേൾക്കുകയും ചെയ്തു.
എന്നാൽ, ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ ഒൻപതാം കിരീടത്തിലേക്കു കുതിക്കുന്ന യുവെന്റസ് ബൊളോനയ്ക്ക് എതിരായ വിജയത്തോടെ 27 കളിയിൽ 66 പോയിന്റോടെ ലീഡുയർത്തി. രണ്ടാമതുള്ള ലാസിയോയെക്കാൾ 4 പോയിന്റ് ലീഡ്. ലാസിയോ അറ്റലാന്റയെ തോൽപിച്ചാൽ ലീഡ് ഒന്നായി കുറയും.
മാൻ. സിറ്റിക്ക് വൻജയം
മാഞ്ചസ്റ്റർ ∙ ഫിൽ ഫോഡനും റിയാദ് മഹ്റേസും ഡബിൾ ഗോൾനേട്ടത്തോടെ തിളങ്ങിയ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 5–0ന് ബേൺലിയെ തകർത്തു. ഡേവിഡ് സിൽവയുടേതാണ് അഞ്ചാം ഗോൾ. കിരീടമുറപ്പിച്ചു കുതിക്കുന്ന ലിവർപൂളിന്റെ വിജയാഘോഷം വൈകിപ്പിക്കുന്നതായി സിറ്റിയുടെ ഈ വിജയം.
രണ്ടാം സ്ഥാനക്കാരായ സിറ്റിയെക്കാൾ ലിവർപൂളിന് നിലവിൽ 20 പോയിന്റ് ലീഡുണ്ട്. സിറ്റി ജയിച്ചില്ലായിരുന്നെങ്കിൽ ബുധനാഴ്ച ക്രിസ്റ്റൽ പാലസിനെ കീഴടക്കിയാൽ ലിവർപൂളിന് 30 വർഷത്തിനു ശേഷമുള്ള ആദ്യ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം കൈപ്പിടിയിലൊതുക്കാമായിരുന്നു.