വിട്ടുവീഴ്ചയാകാം, വരട്ടെയെന്ന് മാർസലീഞ്ഞോ; വരട്ടെ നോക്കാമെന്ന് ബ്ലാസ്റ്റേഴ്സ്
Mail This Article
കൊച്ചി ∙ വരട്ടെ എന്ന അന്വേഷണമെറിഞ്ഞു മാർസലീഞ്ഞോ. വരട്ടെ, തീരുമാനിക്കാം എന്ന നിലപാടെടുത്തു കേരള ബ്ലാസ്റ്റേഴ്സ്. വിദേശതാരങ്ങൾക്കുള്ള ആലോചനകൾ ഐഎസ്‌എല്ലിൽ മുന്നേറുമ്പോൾ ശ്രദ്ധാകേന്ദ്രമാകുകയാണു പരിചയപ്പെടുത്തലുകൾ വേണ്ടാത്ത ബ്രസീൽ താരം മാർസലീഞ്ഞോ പെരേര. ഹൈദരാബാദ് എഫ്സിയുമായി പിരിഞ്ഞതോടെ പുതു ടീം തേടുകയാണ് സൂപ്പർ ലീഗിലെ സുവർണപാദുകമണിഞ്ഞിട്ടുള്ള ഗോളടിവീരൻ.
ഇന്ത്യയിൽ തുടരുമെന്നു വ്യക്തമാക്കിയ താരം ഒന്നുകൂടി പറഞ്ഞുവച്ചു – ബ്ലാസ്റ്റേഴ്സിൽ കളിക്കാനാണ് ആഗ്രഹം. വില പിടിപ്പുള്ള താരമെന്ന ലേബൽ ആ ഇഷ്ടത്തിനു തടസമായാൽ അതിലും വിട്ടുവീഴ്ചകൾക്കു തയാറെന്നു വെളിപ്പെടുത്തിയാണു മാർസലീഞ്ഞോയുടെ അന്വേഷണം. സ്വാഭാവികമായും ഇനിയുള്ള നീക്കം വരേണ്ടതു ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നാണ്. പക്ഷേ, പ്രതിരോധ ശൈലിയിലാണു ടീം മാനേജ്മെന്റ്.
വിങ്ങറായും സ്ട്രൈക്കറായും വിശ്വാസമർപ്പിക്കാവുന്ന മാർസലീഞ്ഞോയുടെ നീക്കത്തിനു പച്ചക്കൊടി കാട്ടാൻ ബ്ലാസ്റ്റേഴ്സിന് എതിർപ്പില്ല. എന്നാൽ സൂപ്പർ താരപരിവേഷമുള്ള താരത്തിനു പറയുന്ന വില നൽകാൻ അവർ ഒരുക്കമല്ല. ഒരു സീസണിൽ 2 കോടിക്കു മേൽ പ്രതിഫലം വാങ്ങുന്ന താരമാണു മാർസലീഞ്ഞോ. ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും സംഘവും പ്രതീക്ഷിക്കുന്നതു അതിലും കുറഞ്ഞ വിലയ്ക്കൊരു കരാറാണ്. കാത്തിരിപ്പിനൊടുവിൽ ആ ഓഫർ താരം സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണു ബ്ലാസ്റ്റേഴ്സിന്റെ ‘വെയ്റ്റിങ് ഗെയിം’.
ഇന്ത്യയിൽ കളിക്കാനെത്തിയ കാലം മുതൽ ബ്ലാസ്റ്റേഴ്സ് മോഹം വ്യക്തമാക്കിയിട്ടുള്ള മാർസലീഞ്ഞോ കാത്തിരിക്കുമോയെന്നതു കണ്ടറിയേണ്ട കാര്യമാണ്. കാരണം ബ്രസീൽ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് മാത്രമല്ല രംഗത്തുള്ളത്. ഒഡീഷ എഫ്സിയാണ് ഇക്കാര്യത്തിൽ മത്സരിക്കുന്ന പ്രധാന ടീം. ഒഡീഷ എഫ്സിയുടെ മുൻഗാമികളായ ഡൽഹി ഡൈനാമോസിലൂടെ ഇന്ത്യയിലെത്തിയ താരം കൂടിയാണു മാർസലീഞ്ഞോ. 2016 സീസണിൽ 10 ഗോളുകളുമായി ലീഗിന്റെ ടോപ് സ്കോററായ മുൻ താരത്തെ സ്വന്തമാക്കാൻ ഏതറ്റം വരെയുള്ള പ്രതിഫലവും നൽകാനൊരുങ്ങിയാണ് ഒഡീഷയുടെ നീക്കങ്ങൾ. പോയ സീസണിലെ നിരാശ മാറ്റാൻ ലക്ഷ്യമിടുന്ന ഗുവാഹത്തി ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബ്രസീൽ താരത്തിനു പിന്നാലെയുണ്ട്.
മാസാണ് മാർസലീഞ്ഞോ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതിഹാസതാരങ്ങളിലൊരാളാണു മാർസലീഞ്ഞോ പെരേരയെന്ന മാർസലീഞ്ഞോ. താരത്തിന്റെ മൂല്യവും മികവും ഏറ്റവുമധികം അറിഞ്ഞിട്ടുള്ള ടീമുകളിലൊന്നാണു ബ്ലാസ്റ്റേഴ്സ്. ഇതുവരെ 4 ഗോളുകളാണു മാർസലീഞ്ഞോ ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചത്. അസിസ്റ്റുകൾ വേറെ. ബ്രസീലിലെ ഫ്ലമെംഗോ ക്ലബിലൂടെയാണ് ഈ 32 കാരൻ കരിയർ തുടങ്ങിയത്. അത്‌ലറ്റിക്കോ മഡ്രിഡ്, ഗെറ്റാഫെ തുടങ്ങിയ സ്പാനിഷ് ക്ലബുകളിലും കളിച്ചിട്ടുള്ള താരം ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസ്, പുണെ എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകളിലായി 59 മത്സരങ്ങൾക്കു ബൂട്ടണിഞ്ഞിട്ടുണ്ട്. 30 ഗോളുകളും 17 അസിസ്റ്റുകളുമെന്ന ‘മാസ്’ പ്രകടനമാണു താരത്തിന്റെ ഐഎസ്എൽ കണക്കുകൾ.