ADVERTISEMENT

ബാർസിലോന ∙ കരയണോ ചിരിക്കണോ? ബാർസ ആരാധകർ ധർമസങ്കടത്തിലാണ്! ഇഷ്ടതാരം ലയണൽ മെസ്സി കരിയറിൽ 700–ാം ഗോൾ തികച്ച ദിനം അവർക്ക് ആഹ്ലാദത്തിന്റേതു മാത്രമാവേണ്ടതായിരുന്നു. പക്ഷേ, സ്പാനിഷ് ലാ ലിഗ ഫുട്ബോൾ മത്സരത്തിൽ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മഡ്രിഡിനോട് 2–2 സമനില വഴങ്ങിയതോടെ കിരീടപ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച അവസ്ഥയാണ്. 5 മത്സരങ്ങൾ ശേഷിക്കെ ബാർസയ്ക്ക് 70 പോയിന്റ്. 6 മത്സരം ബാക്കിയുള്ള റയൽ മഡ്രിഡിന് 71. നാളെ ഗെറ്റാഫെയ്ക്കെതിരെ ജയിച്ചാൽ റയലിനു ലീഡ് 4 പോയിന്റ്– ഒരു മത്സരം കൊണ്ട് പിടിച്ചാൽ കിട്ടാത്ത ദൂരം!

സ്വന്തം മൈതാനമായ നൂകാംപിൽ രണ്ടു വട്ടം ലീഡ് എടുത്ത ശേഷമാണ് ബാർസ സമനില വഴങ്ങിയത്. 11–ാം മിനിറ്റിൽ മെസ്സിയുടെ ഒരു കോർണർ

സ്വന്തം പോസ്റ്റിലേക്കു തന്നെ തട്ടിയിട്ട് അത്‌ലറ്റിക്കോ താരം ഡിയേഗോ കോസ്റ്റ ബാർസയ്ക്കു ലീഡ് നൽകി. 19–ാം മിനിറ്റിൽ നാടകീയമായ പെനൽറ്റി കിക്കിലൂടെ അത്‌ലറ്റിക്കോ ഒപ്പമെത്തി. കോസ്റ്റയുടെ കിക്ക് ബാർസ ഗോൾകീപ്പർ ടെർസ്റ്റീഗൻ തടഞ്ഞെങ്കിലും കിക്ക് എടുക്കുന്നതിനു മുൻപ് മുന്നോട്ടു കയറി വന്നതിനാൽ റഫറി റീ കിക്കിനു വിസിലൂതി. ഇത്തവണ കിക്കെടുത്ത സോൾ നിഗ്വേസിനു പിഴച്ചില്ല. 50–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ മെസ്സി ബാർസയ്ക്കു ലീഡ് നൽകി. എന്നാൽ 62–ാം മിനിറ്റിൽ സോളിന്റെ രണ്ടാം പെനൽറ്റി കിക്കിൽ അത്‌ലറ്റിക്കോയ്ക്കു സമനില.

കരിയറിൽ 700 ഗോൾ തികച്ച് മെസ്സി

700–ാം ഗോളിന്റെ സമ്മർദമേതുമില്ലാതെ സൗമ്യമായൊരു പനേങ്ക കിക്ക്. ആരാധകർ കാത്തിരുന്ന മെസ്സിയുടെ ഗോൾ പിറന്നത് അത്‌ലറ്റിക്കോയ്ക്കെതിരെ മത്സരത്തിന്റെ 50–ാം മിനിറ്റിൽ. കരിയറിൽ 700 ഗോൾ എന്ന നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമാണ് മെസ്സി. നിലവിൽ കളിക്കുന്നവരിൽ പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നിൽ രണ്ടാമനും.

പ്രധാന ഇര!

മെസ്സി ഏറ്റവും കൂടുതൽ ഗോൾ നേടിയത് സ്പാനിഷ് ക്ലബ് സെവിയ്യയ്ക്കെതിരെയാണ്: 37 

ആ 3 ടീമുകൾ!

സ്പാനിഷ് ലീഗിൽ എതിരെ കളിച്ച മൂന്നു ടീമുകൾക്കെതിരെ മാത്രമേ മെസ്സി ഗോൾ നേടാതിരുന്നിട്ടുള്ളൂ. സെറസ്, റയൽ മുർസിയ, കാഡിസ് എന്നിവ.

അസിസ്റ്റന്റ് സ്വാരെസ്!

മെസ്സിക്കു ഗോളടിക്കാൻ ഏറ്റവും കൂടുതൽ തവണ പന്തു നൽകിയത് (അസിസ്റ്റ്) ബാർസയിലെ സഹതാരം ലൂയി സ്വാരെസ് –47 തവണ. 

മെസ്സി Vs റൊണാൾഡോ!

861 മത്സരങ്ങളിൽ നിന്നാണ് മെസ്സി 700 ഗോൾ തികച്ചത്. 973 മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 700–ാം ഗോൾ തികച്ചത്. 

പെലെ-1281

ഫുട്ബോൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ ഗിന്നസ് റെക്കോർഡ് ബ്രസീലിയൻ ഇതിഹാസം പെലെയുടെ പേരിലാണ്– 1281 ഗോളുകൾ. എന്നാൽ ഇത് അനൗദ്യോഗിക മത്സരങ്ങളിലും പ്രദർശന മത്സരങ്ങളിലും നേടിയത് ഉൾപ്പെടെയാണ്.

football-700-goals
ജോസഫ് ബികാൻ, റൊമാരിയോ , പെലെ , ഫെറങ്ക് പുസ്കാസ്, ഗെർഡ് മുള്ളർ, ക്രിസ്റ്റ്യാനോ

കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവർ

(താരം, രാജ്യം, പ്രധാന ക്ലബ്ബുകൾ, കളിക്കാലം)

1 ജോസഫ് ബികാൻ, ചെക്–ഓസ്ട്രിയ, റാപിഡ് വിയെന്ന, സ്ലാവിയ പ്രാഗ് , 1931–55- ഗോൾ-805.

2 റൊമാരിയോ ബ്രസീൽ,  വാസ്കോ ഡ ഗാമ,  പിഎസ്‌വി,  ബാർസിലോന, 1985–2007, ഗോൾ-772.

3. പെലെ, ബ്രസീൽ , സാന്റോസ്,  ന്യൂയോർക്ക്,  കോസ്മോസ്,1957–1977, ഗോൾ- 767.

4. ഫെറങ്ക് പുസ്കാസ്, ഹംഗറി, ബുഡാപെസ്റ്റ് ,ഹോൺവെഡ്,റയൽ 1943–66, ഗോൾ- 746.

5. ഗെർഡ് മുള്ളർ ജർമനി, ബയൺ മ്യൂണിക്ക് , 1962–1981, ഗോൾ- 746.

6. ക്രിസ്റ്റ്യാനോ പോർച്ചുഗൽ, സ്പോർട്ടിങ്,  മാൻ.യുണൈറ്റഡ്, റയൽ മഡ്രിഡ്,  യുവെന്റസ് 2002–. ഗോൾ- 728. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com