ബാർസിലോന വിജയവഴിയിൽ; വിയ്യാറയലിനെ 1–4നു തോൽപിച്ചു
Mail This Article
മഡ്രിഡ് ∙ 2 സമനിലകളുടെ തകർച്ചയിൽനിന്നു കരകയറിയ ബാർസിലോന വീണ്ടും വിജയവഴിയിൽ. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിയ്യാറയലിനെ 1–4നു തോൽപിച്ച ബാർസ കിരീടപ്പോരാട്ടത്തിൽ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചു. റയൽ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കാറ്റലൻ ടീം 4 ആക്കി കുറച്ചു. 4 കളി ശേഷിക്കെ ബാർസയ്ക്ക് 73 പോയിന്റ്. റയലിന് 77.
പാവു ടോറസിന്റെ സെൽഫ് ഗോളിൽ ലീഡ് കിട്ടിയ ബാർസയ്ക്കെതിരെ 14–ാം മിനിറ്റിൽ ജെറാർദ് മൊറീനോയുടെ ഗോളിൽ വിയ്യ സമനില പിടിച്ചു. എന്നാൽ, ലൂയി സ്വാരെസ് (20), അന്റോയ്ൻ ഗ്രീസ്മാൻ (45), അൻസു ഫാത്തി (86) എന്നിവരുടെ ഗോളുകളിലൂടെ ബാർസ വിജയമുറപ്പിച്ചു.
മെസ്സി പോകില്ല: ബാർസ പ്രസിഡന്റ്
ബാർസിലോന ∙ ലയണൽ മെസ്സി 2021ൽ ബാർസിലോന വിടുമെന്ന വാർത്തകൾ നിഷേധിച്ച് ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബർത്യോമു. മെസ്സി തന്റെ കരിയറിന്റെ അവസാനം വരെ ബാർസിലോനയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം എന്നോടു സൂചിപ്പിച്ചുകഴിഞ്ഞു. വിശദാംശങ്ങൾ പിന്നീട് പറയാം. – ബർത്യോമു വെളിപ്പെടുത്തി.
ലിവർപൂളിന് ജയം; സിറ്റിക്കു തോൽവി
ലിവർപൂൾ ∙ സ്വന്തം മൈതാനത്ത് 100% വിജയമുറപ്പിച്ച്, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യന്മാരായ ലിവർപൂളിന്റെ ഉയിർത്തെഴുന്നേൽപ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റ ചെമ്പട ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ ആസ്റ്റൺ വില്ലയെ 2–0ന് തോൽപിച്ചു. സാദിയോ മാനെ, കുർടിസ് ജോൺസ് എന്നിവർ ഗോൾ നേടി. ആൻഫീൽഡിൽ ഈ സീസണിലെ 17 മത്സരങ്ങളിൽ 17 വിജയം. അതേസമയം, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി 1–0ന് സതാംപ്ടണിനോടു തോറ്റു. എവേ മത്സരത്തിൽ, ചെ ആഡംസിന്റെ ലോങ് റേഞ്ച് ലോബാണ് സിറ്റിയെ തോൽപിച്ചത്.