ADVERTISEMENT

മഡ്രിഡ്∙ കോവിഡ് വ്യാപനത്തെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ലോകവ്യാപകമായി ഫുട്ബോൾ മത്സരങ്ങൾ നിർത്തിവയ്ക്കുമ്പോൾ സ്പാനിഷ് ലാ ലിഗയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു റയൽ മഡ്രിഡ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഒന്നാമതുള്ള ബാർസിലോന അനായാസം കിരീടം ചൂടുന്ന സാഹചര്യം. പക്ഷേ, കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് ലീഗ് നിർത്തിവച്ചതോടെ രംഗം മാറി. കോവിഡിനുശേഷം കാണികളില്ലാത്ത സ്റ്റേഡിയത്തിൽ മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ റയൽ മഡ്രിഡ് ‘റിയൽ’ മഡ്രിഡായി. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് ലാ ലിഗ പുനരാരംഭിച്ചതിനു ശേഷമുള്ള തുടർച്ചയായ ഏഴാം മത്സരത്തിലും അവരിതാ, ജയിച്ചുകയറിയിരിക്കുന്നു. അത്‍‌ലറ്റിക്കോ ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയ റയൽ, ലീഗിൽ നാലു മത്സരങ്ങൾ മാത്രം ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ബാർസിലോനയേക്കാൾ നാലു പോയിന്റ് മുന്നിലാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടശേഷം ആക്രമണത്തിൽ പഴയ മൂർച്ചയില്ലാതെ ഉഴറിയ റയൽ കോവിഡിനുശേഷം പുറത്തെടുക്കുന്ന ഈ അവിശ്വസനീയ പ്രകടനത്തിനുള്ള ഊർജം എവിടെനിന്നാണ്? ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും സെർജിയോ റാമോസെന്ന അവരുടെ ക്യാപ്റ്റനുണ്ട്. മുപ്പത്തിനാലിന്റെ ചെറുപ്പവുമായി കളം നിറയുന്ന റാമോസാണ് ഇന്നലെ അത്‍ലറ്റിക്കോ ബിൽവാവോയ്‌ക്കെതിരെ റയലിന്റെ വിജയഗോൾ നേടിയത്. 73–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നായിരുന്നു ഈ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ഗെറ്റഫയ്ക്കെതിരെ ടീമിന്റെ വിജയഗോൾ പിറന്നതും ക്യാപ്റ്റന്റെ ബൂട്ടിൽനിന്നു തന്നെ!

സ്പാനിഷ് ലീഗിൽ വാങ്ങിക്കൂട്ടിയ ചുവപ്പുകാർഡുകളുടെ എണ്ണം കൊണ്ടും 2018 ലോകകപ്പിന്റെ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുഹമ്മദ് സലയെ വീഴ്ത്തിക്കളഞ്ഞ ആ കുപ്രസിദ്ധ ഫൗൺകൊണ്ടും ആരാധകരുടെ മനസ്സിൽ വില്ലനായി മാറിയ റാമോസ്, ഇന്നിതാ ഗോളടിച്ചുകൂട്ടിയുള്ള പരിഹാര പ്രദക്ഷിണത്തിലാണ്!

∙ കോവിഡ്, ലോക്ഡൗൺ, റാമോസ്! 

കോവിഡിനുശേഷമുള്ള ഏഴു മത്സരങ്ങളിൽനിന്ന് റാമോസ് ഇതുവരെ അടിച്ചുകൂട്ടിയത് അഞ്ച് ഗോളുകളാണ്. കോവിഡിനുശേഷം നേടിയ ഗോളുകളുടെ എണ്ണത്തിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കും ലയണൽ മെസ്സിക്കും മുന്നിലാണ് റാമോസ്. കോവിഡിനുശേഷം മെസ്സി ഇതുവരെ നേടിയത് മൂന്നു ഗോളുകളാണ്; റൊണാൾഡോ നാലും. റാമോസിന്റെ ‘മാസ് പ്രകടനം’ ഈ നേട്ടത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഈ സീസണിലെ 12–ാം ഗോളാണ് ബിൽബാവോയ്‌ക്കെതിരെ റാമോസ് നേടിയത്.

ramos

ഇതേ സീസണിൽ വിവിധ ലീഗുകളിലായി ലിവർപൂൾ സ്ട്രൈക്കർ ഫിർമീനോ (10), ബാർസിലോന സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മൻ (9), ആർസനൽ സ്ട്രൈക്കർ അലക്സാണ്ടർ ലക്കാസറ്റെ (8), അത്‍ലറ്റിക്കോ മഡ്രിഡ് സ്ട്രൈക്കർ ഡീഗോ കോസ്റ്റ (നാല്) എന്നിവരേക്കാൾ ഗോൾനേട്ടത്തിൽ മുന്നിലാണ് ഈ റയൽ ഡിഫൻഡർ!

∙ ഡിഫൻഡറാണ്, ഇഷ്ടം ഗോളടി!

സ്പാനിഷ് ലാ ലിഗയിൽ തന്റെ ഗോൾനേട്ടം 71 ആക്കി ഉയർത്തിയ റാമോസ് ഇക്കാര്യത്തിലും ഒട്ടേറെ മഹാരഥൻമാരേക്കാൾ മുന്നിലാണ്. റാമോസിന്റെ പ്രകടനത്തിന് ഊർജമായി നിൽക്കുന്ന റയൽ പരിശീലകൻ സിനദീൻ സിദാന്റെ പേരിൽ ലാ ലിഗയിൽ ആകെ 37 ഗോളുകൾ മാത്രമേയുള്ളൂ. സിദാനു പുറമെ ഇതിഹാസ താരങ്ങളായ ബാർസിലോനയുടെ ചാവി (58), ആന്ദ്രെ ഇനിയേസ്റ്റ (35), റയലിന്റെ പോർച്ചുഗൽ താരമായിരുന്ന ലൂയിസ് ഫിഗോ (68), ബാർസയുടെ ബ്രസീലിയൻ താരം റൊണാൾഡീഞ്ഞോ (70), ബാർസയിൽ കളിച്ച് പിഎസ്ജിയിലേക്കു പോയ നെയ്മർ (68) എന്നിവരെല്ലാം ലാ ലിഗ ഗോളുകളിൽ റാമോസിനു പിന്നിലാണ്. ലാ ലിഗയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഡിഫൻഡറെന്ന നേട്ടം റാമോസിനു സ്വന്തം!

ramos-2

ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയ്ക്കു പിന്നിൽ ഈ സീസണിൽ റയലിനായി കൂടുതൽ ഗോൾ നേടിയ താരവും റാമോസ് തന്നെ. എല്ലാ ടൂർണമെന്റുകളിലുമായി 21 ഗോളുകളാണ് ബെൻസേമയുടെ സമ്പാദ്യം. റാമോസ് നേടിയത് 12 ഗോളുകൾ. റാമോസിന്റെ കരിയറിൽ ലാ ലിഗയിലും എല്ലാ ടൂർണമെന്റുകളിലുമായി കൂടുതൽ ഗോൾ നേടിയ സീസൺ കൂടിയാണിത്. ലാ ലിഗയിൽ മാത്രം 10 ഗോളുകളാണ് ഈ സീസണിൽ റാമോസിന്റെ സമ്പാദ്യം. പെനൽറ്റികളെടുക്കുന്നതിൽ വിദഗ്ധനായ റാമോസ് റയൽ, സ്പാനിഷ് ജഴ്സികളിലായി തുടർച്ചയായി 22 പെനൽറ്റികളാണ് വലയിലെത്തിച്ചത്. ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത് ഒരേയൊരു ഫ്രീകിക്ക് ഗോളാണെങ്കിൽ, റാമോസിന്റെ പേരിലുമുണ്ട് ഒരു ഫ്രീകിക്ക് ഗോൾ.

∙ ഗോൾശേഖരത്തിലുണ്ട്, വൈവിധ്യം

ഡിഫൻഡറുടെ റോളിലാണ് കളിയെങ്കിലും റാമോസിന് ഫ്രീകിക്ക്, ഹെഡർ, പെനൽറ്റി, ലോങ് റേഞ്ചർ തുടങ്ങി വൈവിധ്യമാർന്ന ഗോൾശേഖരമുണ്ട്. നിലവിൽ ലാ ലിഗയിൽ കളിക്കുന്ന 20 ടീമുകൾക്കെതിരെയും റാമോസ് ഗോൾ നേടിയിട്ടുണ്ടന്ന പ്രത്യേകതയുമുണ്ട്. സെവിയ്യയ്ക്കായി കളിക്കുമ്പോൾ 2004 സെപ്റ്റംബറിൽ റയൽ സോസിദാദിനെതിരെയായിരുന്നു റാമോസിന്റെ ആദ്യ ഗോൾ. പിന്നീട് 2005 ഏപ്രിലിൽ റയൽ മഡ്രിഡിനെതിരെ 30 വാര അകലെനിന്ന് തൊടുത്ത ബുള്ളറ്റ് ഗോളും ശ്രദ്ധ നേടി.

ഇതേവർഷം റയൽ മഡ്രിഡിലെത്തിയ റാമോസിന്റെ ആദ്യ ‘റയൽ ഗോളി’ന് ഒരു സിനദീൻ സിദാൻ സ്പർശമുണ്ട്. അന്ന് റയൽ താരമായിരുന്ന സിദാൻ എടുത്ത കോർണർ കിക്കിന് തലവച്ചാണ് റാമോസ് റയൽ ജഴ്സിയിൽ തന്റെ ആദ്യ ഗോൾ നേടുന്നത്. മലാഗയ്ക്കെതിരായ ഈ മത്സരം റയൽ 2–0ന് ജയിച്ചു.

∙ സ്പെഷൽ പോരാട്ടങ്ങളുടെ സ്പെഷലിസ്റ്റ്

വലിയ മത്സരങ്ങളുടെ സമ്മർദ്ദത്തിനിടയിലും സ്കോർ ചെയ്യാനുള്ള മികവാണ് റാമോസിന്റെ മറ്റൊരു പ്രത്യേകത. ലോക ഫുട്ബോളിലെ തന്നെ ആവേശപ്പോരാട്ടങ്ങളിലൊന്നായ എൽ ക്ലാസിക്കോയിൽ നാലു ഗോളുകളാണ് റാമോസിന്റെ സമ്പാദ്യം. 2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതും റാമോസിന്റെ ഗോളടിക്ക് ഇന്ധനമായി. റൊണാൾഡോ പോയതോടെ പെനൽറ്റിയെടുക്കുന്ന ദൗത്യം ലഭിച്ച റാമോസ് ഇതുവരെ ഒരു പെനൽറ്റിപോലും പാഴാക്കിയിട്ടില്ല. നഗരവൈരികളായ അത്‍ലറ്റിക്കോ മഡ്രിഡിനെതിരെ ലാ ലിഗയിൽ റാമോസിന്റെ ഏക ഗോൾ പിറന്നത് പെനൽറ്റിയിലൂടെയാണ്.

2014, 2016 വർഷങ്ങളിൽ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് കിരീടം ചൂടുമ്പോൾ കലാശപ്പോരിൽ അത്‍ലറ്റിക്കോ മഡ്രിഡിനെതിരെ റയലിനായി ഗോൾ നേടിയ ചരിത്രവും റാമോസിനുണ്ട്. 2013–14 സീസണിലെ ഫൈനലിൽ തോൽവിയുറപ്പിച്ച ഘട്ടത്തിൽ അവിശ്വസനീയമായി റയലിനെ തിരിച്ചുകൊണ്ടുവന്നത് റാമോസിന്റെ ഗോളാണ്. 36–ാം മിനിറ്റിൽ ഡീഗോ ഗോഡിൻ നേടിയ ഗോളിൽ മുന്നിലായിരുന്ന അത്‍‌ലറ്റിക്കോയെ റയൽ സമനിലയിൽ കുരുക്കുന്നത് മുഴുവൻ സമയവും കഴിഞ്ഞ് മത്സരം ഇൻജറി സമയത്തേക്ക് നീണ്ടപ്പോഴാണ്. റാമോസ് നേടിയ ഗോളിൽ സമനില പിടിച്ച റയൽ, എക്സ്ട്രാ ടൈമിൽ മൂന്നു ഗോളുകൾ നേടിയാണ് അത്‍ലറ്റിക്കോയെ നിലംപരിചാക്കിയത്.

പിന്നീട് 2015–16 സീസണിലെ ചാംപ്യൻസ് ലീഗ് ഫൈനലിലും റാമോസ് അത്‍ലറ്റിക്കോയുടെ നെഞ്ചു തകർത്തു. അന്ന് കലാശപ്പോരിൽ റാമോസ് നേടിയ ഗോളിലാണ് റയൽ ലീഡ് നേടിയത്. 79–ാം മിനിറ്റിൽ കാരസ്കോയുടെ ഗോളിൽ അത്‍ലറ്റിക്കോ സമനില പിടിച്ചെങ്കിലും പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരവും കിരീടവും റയൽ പിടിച്ചെടുത്തു. ഷൂട്ടൗട്ടിൽ റയലിനായി പിഴയ്ക്കാതെ ലക്ഷ്യം കണ്ടവരിൽ റാമോസുമുണ്ടായിരുന്നു!

‘എട്ടു വർഷംകൊണ്ട് 300 മത്സരങ്ങൾ കളിക്കുകയെന്നു പറഞ്ഞാൽ ചെറിയ കാര്യമല്ല. ഇനിയും 300 മത്സങ്ങൾ കൂടി കളിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. കുറഞ്ഞപക്ഷം 100 മത്സരങ്ങൾ കൂടിയെങ്കിലും’ – റാമോസിനെക്കുറിച്ച് സാക്ഷാൽ സിദാൻ ജനുവരിയിൽ പറഞ്ഞ വാക്കുകളാണിത്. ആ 100 മത്സരങ്ങൾ തൽക്കാലം വിടാം. ഈ ലാ ലിഗ സീസണിലെ ശേഷിക്കുന്ന നാലു മത്സരങ്ങൾക്കായി എന്തൊക്കെ ഗോൾകൗതുകങ്ങളാകും റാമോസ് കാത്തുവച്ചിരിക്കുക? കാത്തിരിക്കുകയാണ് ആരാധകർ.

English Summary: Sergio Ramos enters the record books and becomes the top-scoring defender in LaLiga history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com