ADVERTISEMENT

മിലാൻ∙ ഗോൾരഹിതമായ ആദ്യപകുതി. രണ്ടാം പകുതിയുടെ ആദ്യ എട്ടു മിനിറ്റിൽ യുവെന്റസിന് രണ്ടു ഗോൾ ലീഡ്. ഒരെണ്ണം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വക. മത്സരം നിലവിലെ ചാംപ്യൻമാർ ഉറപ്പാക്കിയെന്ന് കരുതിയിടത്ത് പഴയ പടക്കുതിര സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പെനൽറ്റി ഗോളിലൂടെ ആദ്യ തിരിച്ചടി. പിന്നാലെ രണ്ടു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോൾ കൂടി നേടി ലീഡ്. ഒടുവിൽ മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോൾ അവസാന ആണിയും!

സീരി എയിലെ ആവേശപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ യുവെന്റസിനെതിരെ എസി മിലാൻ നേടിയ വിജയത്തിന് തിളക്കമേറെയാണ്. രണ്ടു ഗോളുകൾക്ക് പിന്നിലായ ശേഷം നാലു ഗോൾ തിരിച്ചടിച്ച് നേടിയ വിജയത്തോടെ 31 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി മിലാൻ അഞ്ചാം സ്ഥാത്തേക്ക് കയറി. തോൽവിയിലും കാര്യമായ പരുക്കുകൂടാതെ യുവെന്റസ് 75 പോയിന്റുമായി ഒന്നാമതു തന്നെ. ലെച്ചെയോട് 2–1ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ രണ്ടാം സ്ഥാനക്കാരായ ലാസിയോയ്ക്കു മേൽ 10 പോയിന്റിന്റെ ലീഡ് നേടാനുള്ള സുവർണാവസരമാണ് യുവെയ്ക്ക് നഷ്ടമായത്.

അഡ്രിയാൻ റാബിയോട്ട് (47), സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (53) എന്നിവർ ആറു മിനിറ്റിനിടെ നേടിയ ഇരട്ടഗോളിലാണ് രണ്ടാം പകുതിയുടെ ആരംഭത്തിൽ യുവെന്റസ് ലീഡെടുത്തത്. 1961നുശേഷം സീരി എയിൽ 25 ഗോൾ പൂർത്തിയാക്കുന്ന ആദ്യ യുവെന്റസ് താരമായി മാറിയ റൊണാൾഡോ, തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് യുവെയ്‌ക്കായി ലക്ഷ്യം കണ്ടത്.

എന്നാൽ, 62–ാം മിനിറ്റിൽ മിലാനു ലഭിച്ച പെനൽറ്റി കളിയുടെ ഗതി മാറ്റി. സ്വന്തം ബോക്നുള്ളിൽ ലിയനാർഡോ ബൊനൂച്ചി പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു ശിക്ഷ. പെനൽറ്റി ഗോളാക്കി മാറ്റി സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനു പിന്നാലെ ഫ്രാങ്ക് കെസ്സിയുടെ വക 66–ാം മിനിറ്റിൽ സമനില ഗോൾ. തൊട്ടടുത്ത മിനിറ്റിൽ റാഫേൽ ലിയോയുടെ വക മൂന്നാം ഗോളും! യുവെന്റസിന്റെ തിരിച്ചുവരവ് സ്വപ്നങ്ങൾ കാറ്റിൽപ്പറത്തി 80–ാം മിനിറ്റഇൽ ആന്റെ റെബിച് നാലാം ഗോളും നേടിയതോടെ ഗോൾപട്ടിക പൂർണം.

English Summary: Zlatan Ibrahimovic's penalty sparked a remarkable AC Milan comeback victory against title-chasing Juventus at the San Siro.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com