ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫുട്ബോൾ ലോകകപ്പിന് ഇന്ന് 90 വയസ്സ് പൂർത്തിയാകുന്നു. 1930 ജൂലൈ 13നാണ് പ്രഥമ ലോകകപ്പിലെ ആദ്യ മൽസരത്തിന്റെ കിക്കോഫ്. യുറഗ്വായിലെ മൊണ്ടെവിഡിയോയിൽ മെക്‌സിക്കോയും ഫ്രാൻസും തമ്മിലായിരുന്നു പ്രഥമ മൽസരം. ഇതേ ദിവസം തന്നെ നാലാം ഗ്രൂപ്പിൽ യുഎസ്– ബെൽജിയം പോരാട്ടവും അരങ്ങേറി. പ്രഫഷനലുകൾക്ക് ഒരു ലോകഫുട്‌ബോൾ മേള എന്ന ആശയത്തിന് ഫിഫയോളം പഴക്കമുണ്ട്. 1904 മേയ് 21ന് പാരീസിൽ ഏഴു രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ ഫിഫയ്‌ക്ക് രൂപം നൽകിയെങ്കിലും ഫുട്‌ബോൾ ലോകകപ്പിന് തുടക്കം കുറിക്കാൻ പിന്നെയും വർഷങ്ങളെടുത്തു.

1905ലെ ഫിഫ ലോക കോൺഗ്രസിലാണ് ആദ്യമായി ലോകകപ്പ് എന്ന ആശയം ഉരുത്തിരിഞ്ഞത്. പ്രഫഷനൽ ഫുട്‌ബോൾ കളിക്കുന്നവർക്കായി ഒരു രാജ്യാന്തര കായികമേള എന്ന ആവശ്യം ആദ്യമായി കേട്ടു. പിന്നെ ഈ ആശയം പൊങ്ങിവന്നത് 1914ൽ. എന്നാൽ, ഒന്നാം ലോകമഹായുദ്ധം പ്രതീക്ഷകളെല്ലാം തെറ്റിച്ചു. 1921ൽ യൂൾ റിമെ ഫിഫയുടെ മൂന്നാമത്തെ പ്രസിഡന്റായി സ്‌ഥാനമേറ്റതോടെയാണ് ലോകകപ്പ് എന്ന ആശയത്തിന് ജീവൻ വച്ചത്. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹെൻറി ഡിലോനെയും ഈ ആശയത്തിന് പിന്തുണ അറിയിച്ചു. 

ഒളിംപിക്‌സിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് എന്നും അമച്വർ സ്വഭാവമായിരുന്നു. അമച്വറിസത്തിന് മുൻതൂക്കം നൽകിയ ഒളിംപിക്‌സ് പ്രസ്‌ഥാനം പ്രഫഷനലിസത്തെ പൂർണമായി അവഗണിച്ചു. ഒളിംപിക്‌സ് ഫുട്‌ബോളിലെ അമച്വർ സ്വഭാവം സംബന്ധിച്ച് രാജ്യാന്തര ഒളിംപിക് അസോസിയേഷനുമായി ഫിഫയ്‌ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എന്നാൽ പ്രഫഷനൽ ഫുട്‌ബോളിന് ഒരു ലോകോത്തര മേളയ്‌ക്ക് സമയമായി എന്നു മനസിലാക്കിയ ഫിഫയ്‌ക്ക് ലോകകപ്പ് ഇനിയും വൈകരുതെന്ന് നിർബന്ധമായിരുന്നു. 1928 മേയ് 26ന് ആംസ്‌റ്റർഡാമിൽ ചേർന്ന ഫിഫ കോൺഗ്രസ് 1930ൽ ലോകകപ്പ് തുടങ്ങാൻ പച്ചക്കൊടി കാട്ടി.

ആതിഥേയത്വം വഹിക്കാൻ നിരവധി രാജ്യങ്ങൾ മുന്നോട്ടുവന്നത് സംഘാടകരെ ആശയക്കുഴപ്പത്തിലാക്കി. ഇറ്റലി, ഹംഗറി, ഹോളണ്ട്, യുറഗ്വായ്, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ ആദ്യ ലോകകപ്പിന് വേദിയൊരുക്കാൻ തയ്യാറായി. എന്നാൽ യുറഗ്വായ്‌ക്കാണ് അതിന് ഭാഗ്യമുണ്ടായത്. 1930ൽ യുറഗ്വായ് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികം ആഘോഷിക്കുകയായിരുന്നു. അതുപോലെ 1924, 1928 വർഷങ്ങളിലെ ഒളിംപിക്‌സ് ചാംപ്യൻമാരായതും യുറഗ്വായ് തന്നെ. മാത്രമല്ല, പങ്കെടുക്കുന്ന രാജ്യങ്ങളുടെ ചെലവും ലാഭവീതവുമെല്ലാം നൽകാൻ യുറഗ്വായ് തയ്യാറുമായി. ഇതെല്ലാം പ്രഥമ ലോകകപ്പ് സംഘടിപ്പിക്കാൻ യുറഗ്വായ് തിരഞ്ഞെടുക്കാൻ സംഘാടകരെ പ്രേരിപ്പിച്ചു. 

അന്ന് 55 രാജ്യങ്ങൾക്ക് ഫിഫയിൽ അംഗത്വമുണ്ടായിരുന്നെങ്കിലും 13 രാജ്യങ്ങൾ മാത്രമേ പ്രഥമ ലോകകപ്പിന് എത്തിയുള്ളൂ. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽനിന്ന് ഒൻപതു രാജ്യങ്ങളും യൂറോപ്പിൽനിന്ന് നാലു രാജ്യങ്ങളും പങ്കെടുത്തു. 1930 ജൂലൈ 13ന് കിക്കോഫ്. മെക്‌സിക്കോയും ഫ്രാൻസും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടി. ഫ്രാൻസിന്റെ ലൂസിയൻ ലോറന്റ് നേടിയ ഗോൾ ചരിത്രത്തിൽ ഇടംകണ്ടു – ലോകകപ്പിലെ ആദ്യ ഗോൾ. ഫ്രാൻസ് ആദ്യ മത്സരത്തിൽ വിജയിച്ചു (4–1). സെമിയിൽ യുറഗ്വായ് യൂഗൊസ്ലാവ്യയെയും അർജന്റീന അമേരിക്കയെയും തോൽപ്പിച്ച് ഫൈനലിൽ കടന്നു.

1928ലെ ഒളിംപിക്‌സ് ഫൈനലിസ്‌റ്റുകളായ അർജന്റീനയും യുറഗ്വായും ഒരിക്കൽക്കൂടി ഫൈനലിൽ ഏറ്റുമുട്ടി. സെന്റിനാരിയോ സ്‌റ്റേഡിയത്തിൽ 90,000 കാണികളെ സാക്ഷിയാക്കി ആദ്യ ലോകകപ്പ് ഫൈനൽ അരങ്ങേറി. അർജന്റീനയെ 4–2ന് പരാജയപ്പെടുത്തി യുറഗ്വായ് ലോകഫുട്‌ബോളിലെ ആദ്യത്തെ ചാംപ്യൻ രാജ്യമായി. യുറഗ്വായ് നായകൻ നസാസി ഫിഫ പ്രസിഡന്റ് യൂൾ റിമെയുടെ കയ്യിൽനിന്ന് ആദ്യ ലോകകപ്പ് ഏറ്റുവാങ്ങി. 

∙ ലോകകപ്പും രണ്ടു ട്രോഫികളും

രണ്ടു കപ്പുകളുടെ കഥ പറഞ്ഞാലേ ലോകകപ്പ് ഫുട്‌ബോൾ കിരീടത്തിന്റെ കഥ പൂർണമാവുകയുളളൂ–  യൂൾ റിമെ ലോകകപ്പ് (1930 മുതൽ 1970 വരെ), ഫിഫ ലോകകപ്പ് (1974 മുതൽ തുടരുന്നു).

ലോകചാംപ്യൻമാർക്ക് കലാചാതുര്യം തുളുമ്പുന്ന ഒരു ശിൽപം തന്നെ സമ്മാനമായി നൽകണമെന്ന് ഫിഫ ആദ്യമേ തീരുമാനിച്ചു. കപ്പ് രൂപപ്പെടുത്താൻ പ്രശസ്‌ത ഫ്രഞ്ച് ശിൽപി ആബേൽ ലാഫ്‌ലിയറെ ഫിഫ ചുമതലപ്പെടുത്തി. ചിറകുവിരിച്ച ദേവകന്യക ചഷകമേന്തി നിൽക്കുന്ന മാതൃകയിലായിരുന്നു ശില്‌പം. ഒൻപതു റാത്തൽ തങ്കത്തിൽ 25 സെന്റീമീറ്റർ നീളമുള്ളതായിരുന്നു ട്രോഫി. ഇതിന് 3.8 കിലോ തൂക്കം വരും. ദീർഘകാലം ഫിഫ പ്രസിഡന്റായിരുന്ന യൂൾ റിമയോടുളള ബഹുമാനാർഥം 1946ൽ ഫിഫ ഇതിന് യൂൾ റിമെ കപ്പ് എന്ന് നാമകരണം ചെയ്‌തു. യൂൾ റിമെ ഫിഫ അധ്യക്ഷപദവിയിൽ 25 കൊല്ലം പൂർത്തിയാക്കിയതിനുളള സമ്മാനമായിരുന്നു ഇത്. 

പെലെയുടെ ബ്രസീലടക്കം ഫുട്‌ബോൾ രാജാക്കൻമാർ ഇരുകയ്യും നീട്ടി പലകുറി ഏറ്റുവാങ്ങിയ യൂൾ റിമെ കപ്പിന് കഥകളേറെ പറയാറുണ്ട്. മണ്ണിനടിയിലും കിടക്കയ്‌ക്കടിയിലും കിടക്കേണ്ടിവന്ന കപ്പ് മോഷണത്തിനും ഇരയായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം മൂലം 1938ലെ ലോകകപ്പിനുശേഷം 12 കൊല്ലം ലോകകപ്പ് ഫുട്‌ബോൾ നടന്നില്ല. 1938ലെ ജേതാക്കളായ ഇറ്റലി ഇക്കാലമത്രയും ഈ സുവർണസമ്മാനം ‘പൊന്നുപോലെയാണ്’ സൂക്ഷിച്ചത്. നാസി ആക്രമണം പേടിച്ച് ഇറ്റലിക്കാരനായ ഫിഫ വൈസ് പ്രസിഡന്റ് ഡോ. ഓട്ടോറിനോ ബറാസി യൂൾ റിമെ കപ്പ് സൂക്ഷിച്ചത് തൻറെ കിടയ്‌ക്കയ്‌ക്ക് അടിയിലായിരുന്നു.

1966ൽ ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് പ്രദർശിപ്പിച്ചത് പൊല്ലാപ്പായി. ലണ്ടനിലെ വെസ്‌റ്റ് മിനിസ്‌റ്റർ ഹാളിൽ പ്രദർശനത്തിനുവച്ച കപ്പ് മോഷ്‌ടിക്കപ്പെട്ടു. രാജ്യമാകെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. എന്നാൽ കപ്പ് കണ്ടുപിടിച്ചത് പൊലീസായിരുന്നില്ല; പിന്നെയോ? പിക്കിൾസ് എന്ന നായ. പട്ടിക്കുട്ടിയുമായി റോബർട്ട് കോർബെട്ട് എന്ന യുവാവ് തന്റെ അപ്പാർട്ട്‌മെന്റിന് പുറത്ത് നടക്കാനിറങ്ങിയത് ചരിത്രമാവുകയയായിരുന്നു. മൺകൂന കണ്ട പിക്കിൾസ് അവിടേക്ക് പാഞ്ഞു. കടലാസിൽ പൊതിഞ്ഞ കപ്പ് പുറത്തെടുത്ത നായയുടെ ഉടമസ്‌ഥന് ഫിഫ സമ്മാനിച്ചത് 3000 പൗണ്ടായിരുന്നു. 

1970ൽ ജേതാക്കളായപ്പോൾ,  മൂന്നു ലോകകപ്പ് വിജയങ്ങൾ തികച്ച രാജ്യം എന്ന ബഹുമതി നേടിയതോടെ യൂൾ റിമെ കപ്പിന്റെ സ്‌ഥിരാവകാശം ബ്രസീലിന് സ്വന്തമായി (1958ലും 192ലും ബ്രസീൽ തന്നെയായിരുന്നു ജേതാക്കൾ). ഇതോടെ പുതിയൊരു ട്രോഫിയുടെ പിറവി ലോകം കണ്ടു. പുതിയ കപ്പിനായി ഫിഫ എൻട്രികൾ ക്ഷണിച്ചു. ഇറ്റലിക്കാരനായ ശില്‌പി സിൽവിയോ ഗസനിഗയോട് തന്റെ സ്‌ഥാപനത്തിന്റെ ഉടമ സ്‌റ്റബിലിമെന്റോ ബെർട്ടോനി പുതിയ ലോകകപ്പിന്റെ ഡിസൈൻ രൂപീകരിക്കാൻ ആവശ്യപ്പെട്ടു.

1971 ഏപ്രിൽ 5ന് ഫിഫ സൂറിച്ചിൽ യോഗം ചേർന്ന് തങ്ങൾക്ക് ലഭിച്ച 53 എൻട്രികളും വിശദമായി പരിശോധിച്ചു. സിൽവിയോ ഗസനിഗയുടെ രൂപകൽപ്പന ഫിഫയ്‌ക്ക് ഇഷ്‌ടമായി. പുതിയ കപ്പ് സൃഷ്‌ടിക്കാൻ സിൽവിയോ ഗസനിഗയെ ഫിഫ ചുമതലപ്പെടുത്തി. ഭൂലോകവും കായികതാരവും എന്ന ആശയത്തെ ആസ്‌പദമാക്കിയാണ് ഗസനിഗ പുതിയ കപ്പ് സൃഷ്‌ടിച്ചത്. 4.97 കിലോ തൂക്കം വരുന്ന 18 കാരറ്റ് സ്വർണത്തിൽ തീർത്തതാണ് കപ്പ്. ഇതിന് 36 സെന്റിമീറ്റർ ഉയരമുണ്ട്. രണ്ടു കായികതാരങ്ങൾ ഉയർത്തിപ്പിടിച്ച ഭൂഗോളമാണ് കപ്പിൻറെ മാതൃക. *കപ്പിന്റെ താഴെ ഭാഗത്തായി മാലാഷൈറ്റ് കല്ലുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന രണ്ട് വളയങ്ങളുമുണ്ട്. ട്രോഫിയുടെ പീഠത്തിൽ 17 പ്രാവശ്യത്തെ ജേതാക്കളുടെ പേരു കൊത്തിവയ്‌ക്കാനുളള സ്‌ഥലമുണ്ട്. അതായത് 2038 ലെ ലോകകപ്പ് വിജയികൾക്ക് വരെ ഇത് ഉപയോഗിക്കാം. 1974 ലോകകപ്പ് മുതൽ ഈ കപ്പാണ് ഫിഫ ജേതാക്കൾക്ക് സമ്മാനിക്കുന്നത്.

ഫിഫ പക്ഷേ, ജേതാക്കളോട് ക്രൂരതയാണ് കാണിക്കുന്നതെന്നു പറയാം. ഫൈനലിനുശേഷം യഥാർഥ കപ്പ് തിരികെ വാങ്ങും. ജേതാക്കളുടെ രാജ്യത്തേക്ക് കൊണ്ടുപോകാൻ കൊടുക്കുക മറ്റൊരു കപ്പാണ്, യഥാർഥ കപ്പിന്റെ മാതൃക മാത്രം. യഥാർഥ കപ്പ് സൂറിച്ചിലെ ഫിഫ ആസ്‌ഥാനത്ത് സൂക്ഷിക്കും. 

ബ്രസീലിന് എന്നന്നേക്കുമായി കിട്ടിയ യൂൾ റിമെ കപ്പ് അവർ റിയോ ഡി ജനീറോയിലെ ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ ഓഫീസിൽ സൂക്ഷിച്ചുവച്ചിരിക്കുകയായയിരുന്നു. എന്നാൽ 1983 ഡിസംബർ 19ന് കിരീടം മോഷ്ടിക്കപ്പെട്ടു. ബ്രസീലുകാരുടെ എല്ലാമെല്ലാമായ സാക്ഷാൽ പെലെ കപ്പിനുവേണ്ടി മാധ്യമങ്ങളിലൂടെ നിരന്തരം അഭ്യർഥന നടത്തി. പക്ഷേ കപ്പ് അപ്പോഴെക്കും ഉരുക്കി സ്വർണമാക്കിയിരുന്നു. നഷ്‌ടപ്പെട്ട കപ്പിനു പകരം ഫിഫയുടെ സമ്മതപ്രകാരം ബ്രസീൽ മറ്റൊരു കപ്പ് നിർമിച്ചു, 1984ൽ. ഈസ്‌റ്റ്‌മാൻ കൊഡാക്ക് കമ്പനിയാണ് കപ്പ് നിർമിച്ചു നൽകിയത്. ഇതിന് 1.8 കിലോ ഭാരമുണ്ട്. ജർമൻ ശില്‌പിയായ വിൽഹം ഗിസ്‌റ്റ് രൂപകൽപ്പന ചെയ്‌ത കപ്പ് ഇപ്പോൾ ബ്രസീൽ മാരക്കാന സ്‌റ്റേഡിയത്തിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.

ലോകകപ്പും ഫിഫയും പിന്നെയും വളർന്നു. ലോകത്തിലെ ഏറ്റവും വലിയ കായികമേളയായി ഫുട്‌ബോൾ ലോകകപ്പ് വളർന്നപ്പോൾ, ഫിഫ ഐക്യരാഷ്‌ട്ര സംഘടന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി.

English Summary: FIFA Football World Cup Completes 90 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com