ADVERTISEMENT

ബാർസിലോന ∙ ഇങ്ങനെ കളിച്ചാൽ ചാംപ്യൻസ് ലീഗിലും തോൽക്കും എന്നു പറഞ്ഞെങ്കിലും എങ്ങനെ കളിച്ചാൽ ജയിക്കാം എന്നും ലയണൽ മെസ്സി സഹതാരങ്ങൾക്കു മാതൃക കാണിച്ചു. രണ്ടു ഗോളുകളും രണ്ടു റെക്കോർഡുകളുമായി മെസ്സി മിന്നിത്തിളങ്ങിയ ലാ ലിഗ സീസണിലെ അവസാന മത്സരത്തിൽ ബാർസിലോന അലാവെസിനെ 5–0നു തകർത്തു. 33 കളികളിൽ 25 ഗോളുകൾ നേടിയ മെസ്സിയെ മറികടക്കാൻ റയൽ മഡ്രിഡ് താരം കരിം ബെൻസേമയ്ക്കായില്ല (21 ഗോളുകൾ). റയൽ ലെഗാനെസിനെതിരെ 2–2 സമനില വഴങ്ങിയ മത്സരത്തിൽ ബെൻസേമ ഗോൾ നേടിയില്ല.

കഴിഞ്ഞ കളിയിൽ ഒസാസുനയ്ക്കെതിരെ തോറ്റ് കിരീടം റയൽ മഡ്രിഡിന് അടിയറ വച്ചതിനു പിന്നാലെ ബാർസയുടെ മോശം പ്രകടനത്തെക്കുറിച്ച് മെസ്സി പൊട്ടിത്തെറിച്ചിരുന്നു. ഓഗസ്റ്റ് 8ന് ചാംപ്യൻസ് ലീഗ് പ്രീ–ക്വാർട്ടർ രണ്ടാം പാദത്തിൽ നാപ്പോളിയെ നേരിടുന്നതിനു മുൻപ് ബാർസയ്ക്ക് ആത്മവിശ്വാസം നൽകുന്നതായി ഈ ജയം. ആദ്യപാദം 1–1 സമനിലയായിരുന്നു.

ഏഴു സീസണുകളിൽ ലാ ലിഗയിലെ ടോപ് സ്കോററായ മെസ്സി മുൻ അത്‌ലറ്റിക് ബിൽബാവോ താരം ടെൽമോ സാറയുടെ റെക്കോർഡാണ് മറികടന്നത്. ഒരു സീസണിൽ കൂടുതൽ അസിസ്റ്റുകൾ (21) എന്ന റെക്കോർഡും മെസ്സി ഇത്തവണ കുറിച്ചു. അൻസു ഫാത്തി, ലൂയി സ്വാരെസ്, നെൽസൺ സെമെദോ എന്നിവരും ബാർസയ്ക്കായി ലക്ഷ്യം കണ്ടു.

തുടർച്ചയായ 10 ജയങ്ങളോടെ കിരീടമുറപ്പിച്ചതിനു ശേഷമാണ് അവസാന മത്സരത്തിൽ ലെഗാനെസിനെതിരെ റയൽ സമനില വഴങ്ങിയത്. സെർജിയോ റാമോസ് (9’), മാർക്കോ അസെൻസിയോ (52’) എന്നിവർ റയലിനായി ലക്ഷ്യം കണ്ടു. ബ്രയാൻ ഗിൽ (45+1’), റോജർ അസാലെ (78’) എന്നിവരിലൂടെ ലെഗാനെസ് തിരിച്ചടിച്ചു. ചാംപ്യൻമാരെ സമനിലയിൽ പിടിച്ചെങ്കിലും ലെഗാനെസിന് തരംതാഴ്ത്തൽ ഒഴിവാക്കാനായില്ല. മയോർക്ക, എസ്പാന്യോൾ എന്നിവരും തരംതാഴ്ത്തപ്പെട്ടു.

റയൽ, ബാർസ എന്നിവർക്കൊപ്പം അത്‌ലറ്റിക്കോ മഡ്രിഡ്, സെവിയ്യ എന്നിവരും ചാംപ്യൻസ് ലീഗിന് യോഗ്യത നേടി. വിയ്യാറയൽ, റയൽ സോസിദാദ് എന്നിവർ യൂറോപ്പ ലീഗിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com