ADVERTISEMENT

ടീം ജയിച്ചാലും കൊടുക്കില്ല, ടീം തോറ്റാലും കൊടുക്കില്ല! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കളിയെഴുത്തുകാർക്കു മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ്നെയെ കണ്ണിൽ പിടിക്കുന്നേയില്ല. ഈ സീസണിലെ മികച്ച താരത്തിനുള്ള ഇംഗ്ലണ്ടിലെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരമാണു വീണ്ടും വിവാദത്തിലാകുന്നത്.

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്‍സനാണു കഴിഞ്ഞ ദിവസം വോട്ടെടുപ്പിലൂടെ പുരസ്കാരം ലഭിച്ചത്. എന്നാൽ, കളിക്കണക്കിലും ഇംപാക്ടിലും ഹെൻഡേഴ്സനെക്കാൾ എത്രയോ മുന്നിലാണു ഡിബ്രൂയ്നെന്ന് സിറ്റി ആരാധകർ സമർഥിക്കുന്നു. എന്നാൽ, ഹെൻഡേഴ്സന്റെ നേതൃപാടവംകൂടി കണക്കിലെടുക്കണമെന്നാണു മറുപക്ഷത്തിന്റെ വാദം. 

∙ മൂന്നിലൊന്നു പോലും! 

പ്രീമിയർ ലീഗ് സീസണിലെ പ്രധാനപ്പെട്ട 3 പുരസ്കാരങ്ങളിലൊന്നാണു ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരം. ഇപിഎൽ സംഘാടകർ നൽകുന്ന പ്ലെയർ ഓഫ് ദ് സീസൺ, കളിക്കാരുടെ സംഘടനയായ പ്രീമിയർ ലീഗ് പ്ലെയേഴ്സ് അസോസിയേഷൻ നൽകുന്ന പുരസ്കാരം എന്നിവയാണു മറ്റുള്ളവ.

കഴിഞ്ഞ 2 സീസണുകളിലും സിറ്റി ജേതാക്കളായിട്ടും ഇതിലൊന്നുപോലും ഡിബ്രൂയിനെ തേടിയെത്തിയിട്ടില്ല. 2018–19 സീസണിൽ സിറ്റി കിരീടം ചൂടിയപ്പോൾ ലിവർപൂൾ താരം വിർജിൽ വാൻ ദെയ്ക്കാണു സംഘാടകരുടെയും കളിക്കാരുടെയും പുരസ്കാരങ്ങൾ നേടിയത്. എഴുത്തുകാരുടെ പുരസ്കാരം സിറ്റിയിൽ ഡിബ്രൂയിന്റെ സഹതാരമായ റഹീം സ്റ്റെർലിങ്ങും കൊണ്ടുപോയി. 

∙ ഇംഗ്ലിഷ് പക്ഷപാതം! 

ഇംഗ്ലിഷ് മാധ്യമപ്രവർത്തകരുടെ സ്വജനപക്ഷപാതമാണു ബൽജിയം താരമായ ഡിബ്രൂയ്നെയ്ക്കു തിരിച്ചടിയായതെന്നാണ് ആരോപണം. നാനൂറോളം മാധ്യമപ്രവർത്തകരാണു പുരസ്കാരത്തിനായി വോട്ടു ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ഡച്ച് താരമായ വാൻ ദെയ്ക്കിനു പകരം ഇംഗ്ലിഷ് താരമായ സ്റ്റെർലിങ്ങിനെ തിരഞ്ഞെടുത്തതും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 

∙ ജോർദാൻ ഹെൻഡേഴ്സൻ 

മത്സരങ്ങൾ: 30

ഗോളുകൾ: 4

അസിസ്റ്റുകൾ: 5

പാസ് കൃത്യത: 81%

ഗോൾ ഷോട്ടുകൾ: 8

സൃഷ്ടിച്ച അവസരങ്ങൾ: 9

∙ കെവിൻ ഡിബ്രൂയ്നെ 

മത്സരങ്ങൾ: 34

ഗോളുകൾ: 11

അസിസ്റ്റുകൾ: 19

പാസ് കൃത്യത: 81%

ഗോൾ ഷോട്ടുകൾ: 29

സൃഷ്ടിച്ച അവസരങ്ങൾ: 32

English Summary: Liverpool captain Jordan Henderson beats Kevin De Bruyne to FWA Footballer of the Year award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com