‘ഇംഗ്ലിഷ് ചാനൽ കടന്ന്’ യുണൈറ്റഡ്, ചെൽസി; ജയത്തോടെ ചാംപ്യൻസ് ലീഗിന്
Mail This Article
ലണ്ടൻ ∙ യൂറോപ്പിലേക്കുള്ള ‘ഇംഗ്ലിഷ് ചാനൽ’ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ അവസാനദിനമായ ഇന്നലെ രാത്രി നടന്ന മത്സരങ്ങളിൽ ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും അടുത്ത സീസണിലെ യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത ഉറപ്പാക്കി. ചെൽസി വോൾവ്സിനെ 2–0നു തോൽപിച്ചപ്പോൾ യോഗ്യതാ പോരാട്ടത്തിൽ തങ്ങൾക്കു ഭീഷണിയായിരുന്ന ലെസ്റ്റർ സിറ്റിയെ 2–0നു മറികടന്നാണ് യുണൈറ്റഡിന്റെ മുന്നേറ്റം.
സീസൺ പൂർത്തിയായപ്പോൾ ലിവർപൂൾ–99, മാഞ്ചസ്റ്റർ സിറ്റി–81, മാഞ്ചസ്റ്റർ യുണൈറ്റഡ്–66, ചെൽസി–66, ലെസ്റ്റർ സിറ്റി–62 എന്നിങ്ങനെയാണ് ടോപ് ഫൈവ് പോയിന്റ് നില. മറ്റു മത്സരങ്ങളിൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ആർസനൽ എന്നിവരും ജയം കണ്ടു. 23 ഗോളുകൾ നേടിയ ലെസ്റ്റർ സിറ്റി താരം ജയ്മി വാർഡിയാണ് സീസണിലെ ടോപ് സ്കോറർ.
∙ പാവം ലെസ്റ്റർ!
സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ വോൾവ്സിനെതിരെ ആദ്യ പകുതിയുടെ ഇൻജറി ടൈമിലാണ് ചെൽസി രണ്ടു ഗോളും നേടിയത്. ആദ്യം മേസൺ മൗണ്ടും (45+1) പിന്നാലെ ഒളിവർ ജിരൂദും (45+4) ലക്ഷ്യം കണ്ടു. യുണൈറ്റഡിനെതിരെ ജയിച്ചാൽ മാത്രം യോഗ്യത എന്ന നിലയിൽ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ ലെസ്റ്റർ സിറ്റിക്ക് 71–ാം മിനിറ്റിൽ ആദ്യ അടി കിട്ടി. ബ്രൂണോ ഫെർണാണ്ടസിന്റെ പെനൽറ്റി ഗോളിൽ യുണൈറ്റഡ് മുന്നിൽ.
തിരിച്ചടിക്കാൻ ആഞ്ഞു പൊരുതിയ ലെസ്റ്റർ ഇൻജറി ടൈമിൽ ജെസെ ലിങാർദ് യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടിയതോടെ വീണു പോയി. ലെസ്റ്റർ താരം ജോണി ഇവാൻസ് ഇൻജറി ടൈമിൽ ചുവപ്പു കാർഡ് കാണുകയും ചെയ്തു.
∙ ലിവർപൂൾ 99
ന്യൂകാസിലിനെ 3–1നു തോൽപിച്ച മത്സരത്തിൽ വിർജിൽ വാൻ ദെയ്ക്, ദിവോക് ഒറിഗി, സാദിയോ മാനെ എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരങ്ങളിലെ ഉജ്വല പ്രകടനം തുടർന്ന മാഞ്ചസ്റ്റർ സിറ്റി 5–0നാണ് നോർവിച്ച് സിറ്റിയെ തോൽപിച്ചു വിട്ടത്. കെവിൻ ഡിബ്രൂയ്നെ (രണ്ട്), ഗബ്രിയേൽ ജിസ്യൂസ്, റഹീം സ്റ്റെർലിങ്, റിയാദ് മഹ്റെസ് എന്നിവർ ഗോൾ നേടി.
English Summary: Manchester United and Chelsea Return to Champions League