ADVERTISEMENT

ബാർസിലോന ∙ പ്രതിസന്ധിയും അഭിപ്രായ വ്യത്യാസങ്ങളും നീറിപ്പുകയുന്ന സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോനയിൽ പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമുവിനെതിരെ അവിശ്വാസ പ്രമേയത്തിനു കളമൊരുങ്ങുന്നു. അടുത്തകാലംവരെ ഒരു സീസണിൽത്തന്നെ ഒന്നിലേറെ ട്രോഫികൾ പതിവായി നേടിക്കൊണ്ടിരുന്ന ക്ലബ്ബിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയിൽ മനംമടുത്ത ഒരുവിഭാഗം ക്ലബ് അംഗങ്ങളാണ് അവിശ്വാസ നീക്കത്തിനു പിന്നി‍ൽ. 

ഓഗസ്റ്റിൽ പുനരാരംഭിക്കുന്ന യുവേഫ ചാംപ്യൻസ് ലീഗ് കൂടി കൈവിട്ടാൽ ഒരു കിരീടം പോലുമില്ലാതെ ബാർസയ്ക്കു സീസൺ അവസാനിപ്പിക്കേണ്ടിവരും. ഭൂരിപക്ഷ പിന്തുണ നേടി ബർത്യോമുവിനെ പുറത്താക്കി ഈ വർഷംതന്നെ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടത്തണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. 

2–ാം തവണയാണു ബർത്യോമു അവിശ്വാസം നേരിടുന്നത്. 2017ൽ പ്രസിഡന്റിനെതിരെ ക്ലബ് അംഗങ്ങളുടെ ഒപ്പു ശേഖരിച്ചെങ്കിലും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ബർത്യോമുവിന്റെ കസേര ഇളകിയില്ല. ബാർസിലോന നിരന്തരം ചാംപ്യൻഷിപ്പുകൾ നേടിയിരുന്ന അക്കാലത്തേതിൽനിന്നു വിഭിന്നമാണ് ഇപ്പോഴത്തെ അവസ്ഥ. ഈ വർഷം ചാംപ്യൻസ് ലീഗ് കൂടി നഷ്ടപ്പെട്ടാൽ ബർത്യോമുവിന്റെ കസേര തെറിക്കും. ഇപ്പോഴത്തെ ഭരണത്തിൽ തങ്ങൾ മനംമടുത്തെന്നും മാറ്റം അനിവാര്യമാണെന്നും പ്രതിഷേധക്കാർ സ്പാനിഷ് മാധ്യമങ്ങളോടു തുറന്നു പറയുകയും ചെയ്തു. ബർത്യോമുവിനെ പുറത്താക്കാൻ 17,000 ഒപ്പുകൾ ശേഖരിക്കാനാണു ശ്രമം. കോവിഡ് കാലത്ത് ഇത്രയധികം ഒപ്പു സംഘടിപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിലും തങ്ങൾ പിന്നോട്ടില്ലെന്നു പ്രതിഷേധക്കാരുടെ പ്രതിനിധി സ്പാനിഷ് റേഡിയോയോടു പറഞ്ഞു. 

English Summary: Barcelona members set to launch vote of no confidence against president Bartomeu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com