ഉലകം ചുറ്റും വാലിബൻ!
Mail This Article
പന്തുകളി ഒരു ‘പാസ്പോർട്ട്’ ആക്കി മാറ്റിയ കളിക്കാരനാണു യുറഗ്വായ് ഫുട്ബോളർ സെബാസ്റ്റ്യൻ അബ്ര്യൂ. പ്രഫഷനൽ കരിയറിൽ അബ്ര്യൂ കളിച്ച ക്ലബ്ബുകളുടെ എണ്ണം 29. അർജന്റീന മുതൽ എൽ സാൽവദോർ വരെയുള്ള 11 രാജ്യങ്ങളിൽ അബ്ര്യൂ പന്തു കളിക്കാൻ പോയി. 1995ൽ യുറഗ്വായ് ക്ലബ്ബായ ഡിഫെൻസറിലായിരുന്നു തുടക്കം.
പിന്നീട്, അർജന്റീനയിലേക്കും ബ്രസീലിലേക്കും സ്പെയിനിലേക്കുമെല്ലാം പോയി. ഇപ്പോൾ യുറഗ്വായ് ടീമായ ബോസ്റ്റൺ റിവർസിന്റെ സ്ട്രൈക്കറും പരിശീലകനുമാണ് ഈ നാൽപത്തിമൂന്നുകാരൻ. മെക്സിക്കോയിലാണ് അബ്ര്യൂ കൂടുതൽ ക്ലബ്ബുകൾക്കു വേണ്ടി കളിച്ചത്: 6. ഇതെല്ലാം കേൾക്കുമ്പോൾ അബ്ര്യൂ ഒരു സ്ഥിരതയില്ലാത്ത കളിക്കാരനാണെന്നു കരുതരുത്. യുറഗ്വായ്ക്കു വേണ്ടി 70 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അദ്ദേഹം. 26 ഗോളുകളും നേടി. അബ്ര്യൂവിന് ഉഗ്രനൊരു ഇരട്ടപ്പേരുമുണ്ട് – ‘എൽ ലോക്കോ’ അഥവാ ഭ്രാന്തൻ മനുഷ്യൻ.