ഐഎസ്എൽ വേദി: ഗോവ ഉറപ്പിക്കാതെ സംഘാടകർ; കേരളവും പരിഗണനയിൽ
Mail This Article
കൊച്ചി ∙ തീരുമാനം 3 ദിവസം അകലെ. പ്രതീക്ഷയുടെ പച്ചവെളിച്ചമുണ്ടോ? ഐഎസ്എൽ 7–ാം സീസൺ ഗോവയിലേക്ക് എന്നു കരുതിയിരിക്കുമ്പോഴും നേരിയ പ്രതീക്ഷ കേരളത്തിന്. പ്രഖ്യാപനം 7ന്.
കേരളത്തിലെ പതിവു വേദിയായ കൊച്ചിക്കു പുറമേ മഞ്ചേരിയും കോഴിക്കോടുമാണ് ഐഎസ്എൽ സംഘാടകർ പരിഗണിക്കുന്നത്. മഞ്ചേരിയിലെയും കോഴിക്കോട്ടെയും ഫുട്ബോൾ പ്രമുഖരുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തി. മുൻതൂക്കം ഗോവയ്ക്കുതന്നെ; എങ്കിലും, കേരളത്തെ പാടേ തഴഞ്ഞിട്ടില്ല എന്നു വ്യക്തമാക്കുന്നു കഴിഞ്ഞ ദിവസത്തെ ആശയവിനിമയം.
ഒത്തുപിടിച്ചാൽ
വേണ്ടതു കൂട്ടായ ശ്രമമാണ്. ബയോ സെക്യൂർ ബബ്‌ൾ (പുറമേനിന്നുള്ള എല്ലാ ഇടപെടലും ഒഴിവാക്കി, കർശന ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങൾക്കകത്തുള്ള ജീവിതം) സംവിധാനങ്ങൾ സജ്ജമാക്കണം. കളിക്കാരുടെ താമസത്തിൽ ഉൾപ്പെടെ സർക്കാർ സഹകരണം വേണം. പരിശീലന മൈതാനങ്ങളിൽ അടിസ്ഥാന സൗകര്യവികസനത്തിനു മുൻകയ്യെടുക്കണം. വിവിധ അനുമതികൾക്കുള്ള ചുവപ്പുനാടകളും നൂലാമാലകളും ഒഴിവാക്കണം.
കോഴിക്കോടിനു വേണ്ടത്
∙ കോർപറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റ് സംവിധാനം അടിയന്തരമായി മെച്ചപ്പെടുത്തണം.
∙ ഡ്രസിങ് റൂം, ഇടനാഴി, പകരക്കാരുടെ ബെഞ്ച്, വൈദ്യസഹായ സംവിധാനം, ശുചിമുറി, വൈദ്യുതി ശൃംഖല എന്നിവ നവീകരിക്കണം.
∙ കളിക്കാരുടെയും സംഘാടകരുടെയും വാഹനങ്ങൾക്കു സുരക്ഷിത പാർക്കിങ് ഉറപ്പുവരുത്തണം.
മഞ്ചേരിയിൽ ചെയ്യേണ്ടത്
∙ കൃത്രിമ വെളിച്ചം റെഡി. ടവറുകളിലേക്കു വൈദ്യുതി എത്തിക്കാനുള്ള കേബിളുകൾ ഘടിപ്പിക്കണം.
∙ ഡ്രസിങ് റൂമുകളും ഇടനാഴികളും ഐഎസ്എൽ നിലവാരത്തിലാക്കണം.
∙ ആവശ്യത്തിന് അഗ്നിശമന യൂണിറ്റുകളുടെ സേവനം ഉറപ്പാക്കണം.
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
കേരളത്തിൽ ഐഎസ്എൽ സംഘടിപ്പിക്കുന്നതിന് ഏറ്റവും വലിയ വെല്ലുവിളി വേദികൾ തമ്മിലുള്ള ദൂരമാണ്.
കോഴിക്കോട്–മഞ്ചേരി: 47 കിലോമീറ്റർ
മഞ്ചേരി–കൊച്ചി: 180 കിലോമീറ്റർ
കൊച്ചി–കോഴിക്കോട്: 190 കിലോമീറ്റർ